Big stories

ഹരിയാന സംഘര്‍ഷം: മുസ്‌ലിംകള്‍ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനം അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി

ഹരിയാന സംഘര്‍ഷം: മുസ്‌ലിംകള്‍ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനം അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ഹരിയാനയിലെ നുഹില്‍ സംഘര്‍ഷത്തിനു പിന്നാലെ മുസ് ലിം സമുദായത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഹരിയാനയിലെ നുഹ് ജില്ലയില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും അകറ്റി നിര്‍ത്താനുമുള്ള ആഹ്വാനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇടപെടല്‍. ആഗസ്ത് രണ്ടിന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ഷഹീന്‍ അബ്ദുല്ലയാണ് ഹരജി സമര്‍പ്പിച്ചത്. നുഹ് സംഘര്‍ഷത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഡിജിപി) യുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു. 'സമുദായങ്ങള്‍ക്കിടയില്‍ യോജിപ്പും സൗഹാര്‍ദ്ദവും ഉണ്ടാവണം. ബഹിഷ്‌കരണ ആഹ്വാനം അതിശയോക്തി കലര്‍ന്നതാണോ എന്ന് എനിക്കറിയില്ല. എന്തായാലും ഇത് അംഗീകരിക്കാനാവില്ല. ഇതാണ് എന്റെ ചിന്ത, നോമിനേറ്റ് ചെയ്ത മൂന്നു പേരുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെടാം. എസ്എച്ച്ഒ തലത്തിലും പോലിസ് തലത്തിലും ബോധവല്‍ക്കരണം ആവശ്യമാണെന്നും ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.

ഹരിയാനയിലെ ഹിസാറില്‍ നടന്ന സംഹസ്ത് ഹിന്ദു സമാജത്തില്‍ കടയുടമകളോടും താമസക്കാരോടും മുസ്‌ലിംകളെ ജോലിക്കെടുക്കുകയോ നിലനിര്‍ത്തുകയോ ചെയ്താല്‍ അവരുടെ കടകള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആഹ്വാനമെന്നും കോടതിയെ അറിയിച്ചിരുന്നു. സമുദായങ്ങളെ പൈശാചികവല്‍ക്കരിക്കുകയും അക്രമത്തിനും ആളുകളെ കൊല്ലുന്നതിനും പരസ്യമായി ആഹ്വാനം ചെയ്യുന്നതുമായ ഇത്തരം റാലികളുടെ ആഘാതം റാലി നടക്കുന്ന പ്രദേശത്ത് മാത്രം പരിമിതപ്പെടുന്നില്ലെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം റാലികള്‍ രാജ്യത്തുടനീളം സാമുദായിക സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിക്കുമെന്ന് ഹരജിക്കാരന്‍ വാദിച്ചു. സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുമെന്നതിനാല്‍ ഇത്തരം വിദ്വേഷ പ്രസംഗങ്ങളുള്ള റാലികള്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടും നിര്‍ദേശിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിദ്വേഷ പ്രസംഗങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് പറഞ്ഞു. ചിലയിടങ്ങളില്‍ വിദ്വേഷ പ്രസംഗം നേരിടാനുള്ള സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഹരജിയില്‍ നല്‍കിയ വിദ്വേഷ പ്രസംഗങ്ങള്‍ പോലിസ് സാന്നിധ്യത്തില്‍ നടത്തിയതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ആഗസ്ത് 18ലേക്ക് മാറ്റി.

Next Story

RELATED STORIES

Share it