Big stories

പഹല്‍ഗാമിനു ശേഷം വര്‍ധിക്കുന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍

പഹല്‍ഗാമിനു ശേഷം വര്‍ധിക്കുന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍
X

അലിസ നൂര്‍

'നിങ്ങളുടെ മതത്തിലെ ആളുകള്‍ എന്റെ മതത്തിലെ ആളുകളെ കൊല്ലുന്നു, നിങ്ങള്‍ കൊലപാതകികളാണ്.'

ഗര്‍ഭിണിയായ ഒരു മുസ്‌ലിം സ്ത്രീയെ ചികില്‍സിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കൊല്‍ക്കത്തയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ചമ്പകലി സര്‍ക്കാര്‍ ഏപ്രില്‍ 24 വ്യാഴാഴ്ച പറഞ്ഞതാണിത്. 25 ഹിന്ദു വിനോദസഞ്ചാരികളുടെയും ഒരു കശ്മീരി മുസ്‌ലിമിന്റെയും മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവം.

ദുരന്തദിവസം മുതല്‍ നടന്ന കൂടുതല്‍ ഗുരുതരമായ വര്‍ഗീയ സംഭവങ്ങള്‍ കണ്ടെത്തിയതായി ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് ശേഷം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനങ്ങളും എങ്ങനെയാണ് വര്‍ധിച്ചതെന്ന് വെള്ളിയാഴ്ച ദ ക്വിന്റ് റിപോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും, ഓണ്‍ലൈന്‍ ലോകത്തിനപ്പുറം, പല നഗരങ്ങളിലും വര്‍ഗീയ പ്രേരിതമായ ശാരീരികവും വാചികവുമായ ആക്രമണങ്ങളുടെ കൂടുതല്‍ കേസുകള്‍ തദ്‌സമയം സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.അവയില്‍ ഒന്നാണ് എസ് (യഥാര്‍ഥ പേര് മറച്ചുവച്ചതാണ്) എന്ന മുസ്‌ലിം വനിതയുടെ കേസ്.

തന്റെ രണ്ടാമത് ഗര്‍ഭവേളയിലാണ് 27 വയസ്സുള്ള എസ് ഡോ. ചമ്പകലി സര്‍ക്കാരിനെ കാണാന്‍ പോയത്. ഇത്രയും വര്‍ഗീയവും വേദനിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ഏഴുമാസമായി എസ് ഡോക്ടറുടെ അടുക്കല്‍ പരിശോധനയ്ക്കായി പോകുന്നുണ്ട്.

പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഡോ. ചമ്പകലി സര്‍ക്കാര്‍ തന്റെ ചേംബറില്‍ വച്ച് എസ് എന്ന സ്ത്രീയോട് പറഞ്ഞു: 'ഹിന്ദുക്കള്‍ അനുഭവിച്ച വേദന നിങ്ങള്‍ക്കും അനുഭവിക്കാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ ഹിന്ദുക്കള്‍ കൊല്ലണം. മുസ്‌ലിംകളെ തീവ്രവാദികളാകാന്‍ പഠിപ്പിക്കുന്ന മദ്‌റസകളിലും മസ്ജിദുകളിലും മാത്രമേ നിങ്ങള്‍ ചികില്‍സയ്ക്കായി പോകാവൂ.'

നിങ്ങളെല്ലാം ഒരുപോലെയാണ്

എസ് വീട്ടില്‍ തിരിച്ചെത്തി എന്താണ് സംഭവിച്ചതെന്ന് വിശദമായി ആലോചിച്ചു. ഡോക്ടറെ വിളിച്ച് അവരോട് സംസാരിക്കാന്‍ ധൈര്യം സംഭരിച്ചു. ഡോക്ടറുടെ പെരുമാറ്റത്തില്‍ തനിക്ക് വേദനയും അപമാനവും തോന്നിയെന്ന് എസ് അവരോട് പറഞ്ഞു. പക്ഷേ, ഡോക്ടര്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനിന്നു. അവര്‍ ആവര്‍ത്തിച്ചു:

'മറ്റുള്ളവരെ കൊല്ലുന്നവരോട് എനിക്ക് ഇടപെടാന്‍ താല്‍പ്പര്യമില്ല. നിങ്ങളുടെ മതത്തിലെ ആളുകള്‍ എന്റെ മതത്തിലെ ആളുകളെ കൊല്ലുന്നു. ഞാന്‍ ഒരു മുസ്‌ലിമിനോടും ഇടപെടില്ല.' ഒരു ഡോക്ടറെന്ന നിലയില്‍ എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുക എന്ന് എസ് ചോദിച്ചപ്പോള്‍, 'തിരിച്ചു വരരുത്, നിങ്ങളെല്ലാം ഒരുപോലെയാണ്' എന്നായിരുന്നു മറുപടി (കോള്‍ റെക്കോര്‍ഡിങിന്റെ വീഡിയോയും ദി ക്വിന്റില്‍ ലഭ്യമാണ്).

'അവള്‍ എന്റെ അനിയത്തിയാണ്. ഇത് സംഭവിച്ചതിനുശേഷം അവള്‍ നല്ല മാനസികാവസ്ഥയിലല്ല. ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എവിടെയും പോകുകയോ ഒന്നും ചെയ്യുകയോ ചെയ്യരുതെന്നാണ് അവള്‍ ഞങ്ങളോട് പറയുന്നത്' എന്ന് ദ ക്വിന്റിനോട് സംസാരിച്ച അഭിഭാഷകയും എസ്സിന്റെ ബന്ധുവുമായ മെഹ്ഫുസ പറഞ്ഞു.

'ഡോക്ടര്‍ക്ക് വേണമെങ്കില്‍ രോഗിക്ക് ചികില്‍സ നിരസിക്കാമായിരുന്നു. എന്നാല്‍ ഇത്രയും വിദ്വേഷകരവും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത എന്താണ്?' മെഹ്ഫുസ കൂട്ടിച്ചേര്‍ത്തു.മഹേഷ്തല പോലിസ് സ്‌റ്റേഷനില്‍ എസിന്റെ ഭര്‍ത്താവ് ഡോക്ടര്‍ക്കെതിരേ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തല്‍, വര്‍ഗീയ വിദ്വേഷം, തൊഴില്‍ സദാചാരത്തിനു നിരക്കാത്ത ദുഷ്‌പെരുമാറ്റം തുടങ്ങിയ കുറ്റങ്ങള്‍ ഉന്നയിച്ചാണ് പരാതി.

തന്റെ മുഖം രക്ഷിക്കാന്‍ കണ്‍സള്‍ട്ടിങ് ഫീസ് നല്‍കിയില്ലെന്ന് ഡോക്ടര്‍ ആരോപിച്ചുവെന്നും അതാണ് പരാതി നല്‍കാന്‍ കാരണമെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പണമടച്ചതിന്റെ എല്ലാ രസീതുകളും തങ്ങളുടെ പക്കലുണ്ടെന്ന് കുടുംബം അവകാശപ്പെടുന്നു.


മഹേഷ്തലയിലെ മുസ്‌ലിം സ്ത്രീയുടെ കുടുംബത്തിനടുത്താണ് ഡോക്ടര്‍ താമസിക്കുന്നത് എന്നതാണ് രസകരം. പ്രദേശത്തെ ഭൂരിഭാഗം നിവാസികളും മുസ്‌ലിംകളാണെന്നും ഇതിനുമുമ്പ് ഇത്തരമൊരു സംഭവം പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും മെഹ്ഫുസ പറഞ്ഞു.

ദ ക്വിന്റ് ഡോ. ചമ്പലിക സര്‍ക്കാരിനോടും സംസാരിച്ചു. അവര്‍ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്.

'എസ് എന്നെ വീട്ടില്‍ കാണാന്‍ വന്നിരുന്നു. അപ്പോള്‍ വീട്ടുജോലിക്കാരിയുമായി ഞാന്‍ പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് സംസാരിക്കുകയായിരുന്നു. ഞാന്‍ ഒരിക്കലും അത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. എനിക്ക് മുസ്‌ലിംകളായ ധാരാളം രോഗികളുണ്ട്. ഞാന്‍ അവരോട് മുസ്‌ലിം രോഗികളെ കാണില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അവര്‍ ഇപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. എന്റെ ഭാഗത്തുനിന്ന് ഞാന്‍ അവരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.' ഫീസ് നല്‍കിയില്ലെന്ന ആക്ഷേപം താന്‍ ഉന്നയിച്ചത് എസിനെ കുറിച്ചല്ലെന്നും മറ്റൊരു രോഗിയെക്കുറിച്ചാണെന്ന് ചമ്പലിക സര്‍ക്കാര്‍ പറഞ്ഞു.

കോള്‍ റെക്കോര്‍ഡിങിന്റെ തെളിവിനെക്കുറിച്ച് ഞങ്ങള്‍ അവരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, 'ഇല്ല, അതെല്ലാം വ്യാജമാണ്, അത് എന്റെ കോള്‍ റെക്കോര്‍ഡിങ് അല്ല' എന്നാണ്. ഡോ. ചമ്പലികയും ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ആഗ്രയില്‍ ഒരു 'വര്‍ഗീയ ആള്‍ക്കൂട്ടക്കൊല'യോ?

ആഗ്രയിലെ താജ്ഗഞ്ചില്‍നിന്നുള്ള ഒരു ഞെട്ടിക്കുന്ന സംഭവത്തില്‍, സ്വയം പ്രഖ്യാപിത പശുസംരക്ഷകനായ മനോജ് ചൗധരി, രണ്ട് മുസ്‌ലിംകളെ കൊന്നതായും പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 ഇരകള്‍ക്ക് പ്രതികാരം ചെയ്യുമെന്നും പ്രസ്താവിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

'ആഗ്രയില്‍ രണ്ട് 'കാ***കള്‍' കൊല്ലപ്പെട്ടു. ഛത്രി ഗോ രക്ഷ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇന്ത്യയുടെ പേരില്‍ സത്യം ചെയ്ത്, 2,600 പേരെ കൂടി കൊന്നുകൊണ്ട് 26 കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്തില്ലെങ്കില്‍, ഞാന്‍ ഇന്ത്യയുടെ കുട്ടിയല്ല. ജയ് ശ്രീ റാം. ജയ് ഹിന്ദു രാഷ്ട്ര. ഭാരത് മാതാ കീ ജയ്.' -വീഡിയോയില്‍ മനോജ് ചൗധരി പറയുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗുല്‍ഫാം അലി ആയിരുന്നു, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത് പശുസംരക്ഷകര്‍ അയാളുടെ മതം ചോദിച്ച് ഉറപ്പുവരുത്തി കൊലപ്പെടുത്തിയെന്നാണ്. എന്നാല്‍ ആഗ്ര പോലിസ് ഈ വാദങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. പേരോ മതമോ ചോദിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷി എന്നു പറഞ്ഞ് സെയ്ഫ് അലിയുടെ വീഡിയോ പ്രസ്താവന പോലിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പശു സംരക്ഷകരുടെ വീഡിയോയില്‍, അവര്‍ കുറ്റകൃത്യം സമ്മതിക്കുന്നുണ്ട്.

ഹാഥ്‌റസ് ക്ഷേത്രത്തിലെ മുസ്‌ലിം തൊഴിലാളികളെ പുറത്താക്കി

പഹല്‍ഗാം ആക്രമണം ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലും സംഘര്‍ഷത്തിനു കാരണമായി. ശ്രീ ബല്‍കേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ ചിത്രകാരന്മാരായ മുസ്‌ലിംകളെ ചില ഹിന്ദുക്കള്‍ അധിക്ഷേപിക്കുകയും ക്ഷേത്ര പരിസരത്ത് ജോലി ചെയ്യുന്നത് ഉടന്‍ നിര്‍ത്താന്‍ ആജ്ഞാപിക്കുകയും ചെയ്തു.

താഴെയുള്ള വീഡിയോ പ്രകാരം, ഒരു പ്രാദേശിക മുസ്‌ലിം തൊഴിലാളിയായ ഷാഹിദിനോട് ഇങ്ങനെ പറഞ്ഞു:

'പഹല്‍ഗാമില്‍ ഹിന്ദുക്കളെ മതം ചോദിച്ച് കൊലപ്പെടുത്തി. അതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ഈ ജോലിയില്‍നിന്ന് പുറത്താക്കുന്നു... ഇസ്‌ലാം നമ്മുടെ ഹിന്ദു സനാതന മതത്തെ ലക്ഷ്യം വച്ചാണ് ഹിന്ദുക്കളെ കൊല്ലുന്നത്.' ഇതിനോട് വിയോജിച്ച്, ഷാഹിദ് തീവ്രവാദത്തിന് മതമില്ലെന്ന് പറഞ്ഞപ്പോള്‍, ഹിന്ദുവായ ആ വ്യക്തി തിരിച്ചടിച്ചു. 'എങ്ങനെ? പിന്നെ എന്തിനാണ് എല്ലാ തീവ്രവാദികളും മുസ്‌ലിംകളായത്? ഏത് ഹിന്ദുവാണ് തീവ്രവാദം ചെയ്തത്?'ദൈനിക് ഭാസ്‌കര്‍ റിപോര്‍ട്ട് ചെയ്തതു പ്രകാരം, ഇത് ചെയ്തത് ഒരു ഹിന്ദുത്വ സംഘടനയാണ്.

ഹരിയാനയിലും മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം

ഹരിയാനയിലെ അംബാലയില്‍ നിന്ന് മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ട ഒരു സംഭവം പുറത്തുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വീഡിയോകളില്‍ കാണാന്‍ കഴിയുന്നതുപോലെ, ഏപ്രില്‍ 23ന് അംബാലയില്‍ ഒരു ജനക്കൂട്ടം മുസ്‌ലിംകളുടെ നിരവധി കടകളും വണ്ടികളും നശിപ്പിച്ചു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ റാലിക്ക് ശേഷമാണ് ആക്രമണം നടന്നത്. അധിക്ഷേപകരമായ വരികള്‍ മുദ്രാവാക്യങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

മാത്രമല്ല, ഹരിയാനയില്‍ നിന്ന് മറ്റൊരു സംഭവം കൂടി പുറത്തുവന്നു. ഒരു മുസ്‌ലിം പുരുഷനെ ചവിട്ടുകയും അടിക്കുകയും ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മുസ്‌ലിമിനെ തല്ലാന്‍ ഹിന്ദുക്കളെ പ്രേരിപ്പിച്ചത് എന്താണെന്നും ഇത് ഏത് ജില്ലയില്‍ നിന്നുള്ളതാണെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കടപ്പാട്: ദ ക്വിന്റ്‌

Next Story

RELATED STORIES

Share it