Big stories

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് അട്ടിമറിയുടെ നാള്‍വഴികള്‍...

പി സി അബ്ദുല്ല

പാലത്തായി ബാലികാ പീഡനക്കേസ്:   ക്രൈം ബ്രാഞ്ച് അട്ടിമറിയുടെ നാള്‍വഴികള്‍...
X

കോഴിക്കോട്: ബിജെപി നേതാവും അധ്യാപകനുമായ പാനൂര്‍ കുനിയില്‍ പദ്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് നടത്തിയ ആസൂത്രിത അട്ടിമറികളുടെ വിശദ വവരങ്ങള്‍ പുറത്ത്. യോഗി ആദിത്യ നാഥിന്റെ സംഘി പോലിസിനെ പോലും കടത്തിവെട്ടുന്ന നീക്കങ്ങളാണ് പത്തു വയസ്സുകാരി മൂന്നുതവണ ക്രൂരപീഡനത്തിനിരയായ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

ഇരയുടെ മൊഴികളായി കുറ്റപത്രത്തോടൊപ്പം ക്രൈം ബ്രാഞ്ച് വിചാരണക്കോടതിയില്‍ കുറ്റപത്രത്തോടൊപ്പം നല്‍കിയ പലതും പ്രതിക്ക് അനുകൂലമായി പോലിസ് കൃത്രിമമായി ഉണ്ടാക്കിയത്. 21.03.2020ല്‍ കുട്ടി നല്‍കിയതായി കുറ്റപത്രത്തോടൊപ്പം നല്‍കിയ മൊഴി പൂര്‍ണമായും കൃത്രിമമായി ഉണ്ടാക്കിയതാണ്. കുട്ടിയുടെ അങ്ങനെയൊരു മൊഴി അന്നേദിവസം എടുത്തിട്ടില്ല. 18.03.2020ല്‍ കുട്ടി കോടതിയില്‍ കൊടുത്ത മൊഴിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരധ്യാപകന്‍ നിര്‍ബന്ധിച്ചു എന്ന് പറഞ്ഞിരുന്നു. 21.03.2020ല്‍ പോലിസ് കൃത്രിമമായി ഉണ്ടാക്കിയ മൊഴിയില്‍ കോടതിയില്‍ കള്ളം പറഞ്ഞതായി എഴുതിച്ചേര്‍ത്തിരിക്കുന്നു.

30.03.2020ലും 13.07.2020ലും കുട്ടിയുടേതായി രേഖപ്പെടുത്തിയ മൊഴി കുട്ടി പറഞ്ഞതില്‍ നിന്നു വിഭിന്നമാണ്. കുട്ടിയുടെ മാതാവിന്റെ സഹോദരിയുടെ സാന്നിധ്യത്തിലാണ് ആ മൊഴികള്‍ രേഖപ്പെടുത്തിയത്. കുറ്റപത്രത്തോടൊപ്പം ആ ദിവസങ്ങളിലെ മൊഴിയായി പോലിസ് നല്‍കിയ മൊഴി വായിച്ച കുട്ടിയുടെ മാതൃസഹോദരി അസന്നിഗ്ദ്ധമായി പറയുന്നു കുട്ടി ഇങ്ങനെ മൊഴി പറഞ്ഞിട്ടില്ല എന്ന്. ഇങ്ങനെ കൃത്രിമമായി ഉണ്ടാക്കിയ മൊഴിയെ ഉദ്ധരിച്ചാണ് ഇര കള്ളം പറയുന്നതായി ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്ത് ഓഡിയോ ക്ലിപ്പിലൂടെ പ്രചരിപ്പിച്ചത്.

പ്രതിയെ 15.04.2020ന് അറസ്റ്റ് ചെയ്തു. 24.04.2020നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത ദിവസം പ്രതി പദ്മരാജന്‍ കോടതി അനുവദിച്ച പ്രകാരം പാനൂര്‍ പോലിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. കേസ് ഏറ്റെടുത്ത ദിവസം പാലനൂരിലെത്തിയ ഐജി ശ്രീജിത്തോ മറ്റ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോ പ്രതിയെ ചോദ്യം ചെയ്തില്ല. മൂന്നു മാസത്തിനുള്ളില്‍ പ്രതിക്ക് ജാമ്യം കിട്ടുന്നതുവരെ ക്രൈം ബ്രാഞ്ച് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷിച്ചുമില്ല. ഇരയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ക്രൈം ബ്രാഞ്ച് കുട്ടിയുടെ മൊഴി ആകെ എടുത്തത് ഭാഗിക കുറ്റപത്രം കൊടുത്തതിന്റെ തലേന്ന് മാത്രമാണ്. അതും പ്രതിക്ക് അനുകൂലമായി കൃത്രിമമായി എഴുതി ഉണ്ടാക്കിയ മൊഴി.

പോക്‌സോ നിയമത്തിന്റെ സെക്ഷന്‍ 24 പ്രതിപാദിക്കുന്ന രീതിയില്‍ ഓഡിയോ റിക്കോര്‍ഡിങ് മനപൂര്‍വ്വം നടത്താതെയാണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷിയുടെ ഒപ്പ് വേണ്ടാത്ത മൊഴി തിരുത്തുന്നതിന് വേണ്ടിയാണ് മനപൂര്‍വ്വം മൊഴി റെക്കോര്‍ഡ് ചെയ്യാതിരുന്നത്. കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ പറഞ്ഞ 164 പ്രകാരമുള്ള മൊഴി കുറ്റപത്രത്തോടൊപ്പം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നത് യാദൃച്ഛികമല്ല. ഇരയുടെ മൊഴി കുറ്റപത്രത്ത്രത്തില്‍ ചേര്‍ത്താല്‍ പോക്‌സോ ഒഴിവാക്കിയുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം വിചാരണ കോടതി ഫയലില്‍ സ്വീകരിക്കാതെ മടക്കുമായിരുന്നു. 18.03.2020 കുട്ടിയെ പീഡിപ്പിച്ചതായി രേഖപ്പെടുത്തിയ മെഡിക്കല്‍ പരിശോധന റിപോര്‍ട്ട് കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് സ്ഥിരീകരിക്കുന്ന വൈദ്യപരിശോധനാ ഫലം കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിരുന്നെങ്കില്‍ പോക്‌സോ ഒഴിവാക്കിയതടക്കമുള്ള ക്രൈംബ്രാഞ്ച് നടപടികള്‍ കോടതി തള്ളിക്കളയുമായിരുന്നു.

കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചത് സാധൂകരിക്കുന്ന സഹപാഠിയായ വിദ്യാര്‍ഥിനിയുടെ സാക്ഷിയുടെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ പറഞ്ഞ 164 പ്രകാരമുള്ള രഹസ്യ മൊഴിയും കുറ്റപത്രത്തോടൊപ്പം ക്രൈംബ്രാഞ്ച് കോടതിക്ക് നല്‍കിയില്ല. ഇക്കാര്യം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് പ്രതിയെ രക്ഷിക്കാനുള്ള ക്രൈം ബ്രാഞ്ച് ഗൂഡാലോചനയുടെ വ്യാപ്തി വ്യക്തമാക്കുന്നു. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയ ഡോക്ടറെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് കേവല വീഴ്ചയല്ല; ആസൂത്രിത അട്ടിമറിയുടെ തെളിവാണ്. പ്രതിയോട് സിഎഎ നിലപാടിന്റെ പേരില്‍ ഇതര സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്ന രീതിയില്‍ ഒരു മൊഴി കുറ്റപത്രം സമര്‍പിച്ചതിന്റെ തലേന്ന് പ്രതിയെ സഹായിക്കാനായി പ്രധാനാധ്യാപകന്റേതായി രേഖപ്പെടുത്തി.

അധ്യാപകനായ പ്രതി കുട്ടികളെ എപ്പോഴും മര്‍ദ്ദിക്കുമായിരുന്നുവെന്നും അതിന് കുട്ടികള്‍ക്ക് പ്രതിയോട് വിരോധമുണ്ടായിരുന്നു എന്നും വരുത്തിത്തീര്‍ക്കാന്‍ കുട്ടിയുടെ സഹപാഠികളുടേതായ മൊഴി പ്രതിയെ സഹായിക്കാനായി കുറ്റപത്രത്തോടൊപ്പം ക്രൈംബ്രാഞ്ച് നിര്‍മിച്ചെടുത്തു. സൈക്കോളജിക്കല്‍ കൗണ്‍സലേഴ്‌സ് ആയി സാമൂഹിക ക്ഷേമ വകപ്പില്‍ നിന്ന് വന്നവര്‍ കുട്ടിയോട് അശ്ലീലം പറയുകയും പ്രതിക്കനുകൂലമായി പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിനെതിരേ സ്ഥലം എംഎല്‍എയായ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

16.08.2020ല്‍ പ്രതി ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മൊഴിക്ക് വിരുദ്ധമായ കുറ്റങ്ങള്‍ മാത്രമുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് നല്‍കിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട് മൂന്നു മാസമായിട്ടും യാതൊരന്വേഷണവും നടത്തിയിട്ടില്ല. ആദ്യത്തെ മെഡിക്കല്‍ റിപോര്‍ട്ടിന് ബദലായി പ്രതിക്കനുകൂലമായി മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിച്ചെങ്കിലും കുട്ടി തയ്യാറായില്ല. പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ഹരജിയില്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Palathayi pocso case: History of Crime Branch coup




Next Story

RELATED STORIES

Share it