Big stories

പാലത്തായി ബാലികാ പീഡനക്കേസ്: നിര്‍ണായകം മൂന്ന് ദിനങ്ങള്‍; ക്രൈം ബ്രാഞ്ചിനെതിരേ പ്രതിഷേധം കത്തിപ്പടരുന്നു

പി സി അബ്ദുല്ല

പാലത്തായി ബാലികാ പീഡനക്കേസ്: നിര്‍ണായകം മൂന്ന് ദിനങ്ങള്‍; ക്രൈം ബ്രാഞ്ചിനെതിരേ പ്രതിഷേധം കത്തിപ്പടരുന്നു
X

കോഴിക്കോട്: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ ഇനിയുള്ള മൂന്നു ദിവസങ്ങള്‍ നിര്‍ണായകം. കേസില്‍ ബുധനാഴ്ചക്കകം െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിലെങ്കില്‍ 87 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്(പപ്പന്‍-45) ജാമ്യം ലഭിച്ചേക്കും. കേസിന്റെ തുടക്കം മുതല്‍ പോലിസിന്റെയും സംഘപരിവാര സംഘടനകളുടേയും അകമഴിഞ്ഞ സഹായം ലഭിച്ച പ്രതി പുറത്തിറങ്ങുന്നതോടെ ഏറെ മാനങ്ങളുള്ള പാലത്തായി പോക്‌സോ കേസ് പൂര്‍ണമായി അട്ടിമറിയുമെന്നാണ് ആശങ്ക.

കേസില്‍ പ്രതിക്കനുകൂലമായ ക്രൈം ബ്രാഞ്ചിന്റെ മെല്ലെപ്പോക്കും സിപിഎമ്മിന്റെയും മന്ത്രി കെ കെ ശൈലജയടക്കമുള്ളവരുടേയും ഒളിച്ചുകളിയും ബോധ്യപ്പെട്ടതോടെ പൊതുസമൂഹത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. തുടക്കത്തില്‍ ഏതാനും സംഘടനകളിലും വ്യക്തികളിലുമൊതുങ്ങിയ പാലത്തായി കേസ് പ്രക്ഷോഭം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരിലൂടെ ഇപ്പോള്‍ കത്തിപ്പടരുകയാണ്. വിവിധ തുറകളിലെ പ്രമുഖ വനിതാ നേതാക്കള്‍ ഇന്നു നടത്തുന്ന നിരാഹാര സമരം കേസില്‍ ക്രൈം ബ്രാഞ്ചിനെതിരായ പ്രതിഷേധത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.


പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയാണ് ഇന്നത്തെ പ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിച്ചത്. കേസില്‍ കുറ്റപത്രം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നല്‍കിയതിനു പിന്നാലെയാണ് ശ്രീജ നെയ്യാറ്റിന്‍കര പ്രമുഖ വനിതാ നേതാക്കളെ ഇന്ന് സമര രംഗത്തെത്തിച്ചത്. പാലത്തായി പോക്‌സോ കേസില്‍ മാര്‍ച്ച് 15നാണ് ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റിലായത്. ഇയാളുടെ ജാമ്യാപേക്ഷകള്‍ ഇതിനകം തലശ്ശേരി കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. പാനൂര്‍ പോലിസ് കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഏപ്രില്‍ 22ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും പാലത്തായി കേസന്വേഷണത്തില്‍ യാതൊരു ചലനവുമുണ്ടായില്ല. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചു എന്ന മാതാവിന്റെ പരാതിയില്‍ പറയുന്ന ആളെ പ്രതി ചേര്‍ത്തില്ല, പെണ്‍കുട്ടിയുടെയും ബന്ധുക്കളുടേയും മൊഴിയനുസരിച്ചുള്ള തെളിവുകള്‍ സമാഹരിച്ചില്ല, മുഖ്യപ്രതിയെ സഹായിച്ചവരെ കേസിലുള്‍പ്പെടുത്തിയില്ല, പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ചില്ല, മാനസിക നില പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് പാനൂര്‍ പോലിസ് മാനസികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ക്രൈംബ്രാഞ്ചിനെതിരേയുള്ളത്.

ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ പത്മരാജന്‍ പീഡിപ്പിച്ചെന്നാണു കേസ്. പൊയിലൂരിലെ ഒരു വീട്ടിലെത്തിച്ച് പത്മരാജന്‍ പത്തു വയസ്സുകാരിയെ മറ്റൊരാള്‍ക്ക് കാഴ്ചവച്ചു എന്ന പരാതിയിലും ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവമോര്‍ച്ച നേതാവാണ് പൊയിലൂരില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ച രണ്ടാമനെന്നാണ് ഇതിനകം പുറത്തുവന്ന സൂചനകള്‍. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലാണ് പാലത്തായി കേസ് അന്വേഷിക്കുന്നത്. പൊയിലൂരിലെ ഒരു വീട്ടില്‍ വച്ച് പീഡനം നടന്നെന്ന പരാതിയില്‍ ഡിവൈഎസ്പി അബ്ദുര്‍റഹീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാല്‍, ഈ പരാതിയില്‍ ഇതുവരെ ഇരയുടെ മൊഴിയെടുത്തിട്ടു പോലുമില്ല. ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കും കേസിന്റെ അട്ടിമറി സംശയങ്ങളും വ്യക്തമാക്കുന്നതാണ് അന്വേഷണത്തിന്റെ നാള്‍വഴികളോരോന്നും. ബിജെപി നേതാവ് അറസ്റ്റിലായ ശേഷം സിപിഎമ്മോ ജനാധിപത്യ മഹിളാ അസോഷിയേഷനോ ഡിവൈഎഫ്‌ഐയോ പ്രക്ഷോഭ വഴിയിലില്ല. ഇക്കാലയളവില്‍ പാലത്തായി പോക്‌സോ കേസ് അട്ടിമറിക്കെതിരേ വിവിധ ബഹുജന സംഘടനകളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവന്നിട്ടും സിപിഎമ്മും അനുബന്ധ സംഘടനകളും മൗനത്തിലാണ്.


പാലത്തായി പോക്‌സോ പീഡനക്കേസില്‍ ബുധനാഴ്ചക്കകം കുറ്റപത്രം നല്‍കണമെന്നും പൊയിലൂര്‍ പീഡനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതാ പ്രമുഖരാണ് ഇന്ന് നിരാഹാര സമരം നടത്തുന്നത്. ലതികാ സുഭാഷ്(സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), സികെ ജാനു, ശ്രീജ നെയ്യാറ്റിന്‍കര, അംബിക(എഡിറ്റര്‍ മറുവാക്ക്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ. ഫാത്തിമ തഹ്‌ലിയ(എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്), കെ കെ റൈഹാനത്ത്(സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത്(അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീളാ ഗോവിന്ദ്(മാധ്യമ പ്രവര്‍ത്തക), ലാലി പി എം(സിനിമാ പ്രവര്‍ത്തക) തുടങ്ങിയവരാണ് അവരവരുടെ ഇടങ്ങളില്‍ രാവിലെ ആറുമുതല്‍ നിരാഹാര സമരമാരംഭിച്ചത്. പെമ്പിളൈ ഒരുമൈ സമര നായിക ഗോമതി ഇടുക്കി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയാ ജോസഫ്, ആക്ടിവിസ്റ്റുകളായയ ബിന്ദു അമ്മിണി, അഡ്വ. കുക്കു ദേവകി, ദിയ സന, ബിന്ദു തങ്കം കല്യാണി തുടങ്ങി നിരവധി പ്രമുഖരും ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറു വരെയാണ് നിരാഹാര സമരം.

Palathayi pocso case: Mass protests against crime branch




Next Story

RELATED STORIES

Share it