Big stories

പാലത്തായി ബാലികാ പീഡനം: നീതിക്കായി പോരാട്ടം ശക്തമാവുന്നു; ഇരയുടെ മാതാവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

പീഡനം നടന്ന തിയതി അന്വേഷണ ഘട്ടത്തില്‍ പ്രസക്തമല്ല. എന്നിരിക്കെ, പ്രതി പത്മ രാജന്‍ പാനൂരില്‍ ഇല്ലാത്ത ദിവസം കണ്ടെത്തി ആ ദിവസമാണ് പീഡനം നടന്നതെന്ന് ഇരയെക്കൊണ്ട് പറയിപ്പിക്കുകയാണ് പോലിസ് ചെയ്തതെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍.

പാലത്തായി ബാലികാ പീഡനം: നീതിക്കായി പോരാട്ടം ശക്തമാവുന്നു;    ഇരയുടെ മാതാവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍
X

പിസി അബ്ദുല്ല

കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പോലിസ് അട്ടിമറിക്കെതിരെ നിയമ നടപടികള്‍ ശക്തമാവുന്നു. ഇരക്ക് നീതി ലഭ്യമാക്കാനും പ്രതിരക്ഷപ്പെടാതിരിക്കാനും ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റേതടക്കമുള്ള നിയമ വിരുദ്ധ ഇടപെടലുകള്‍ വെളിച്ചത്തു കൊണ്ടുവരാനും പഴുതടച്ച പോരോട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മുഹമ്മദ് ഷായുടെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍.

ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാനായി ഇരയുടെ മാതാവ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഓപണ്‍ കോര്‍ട്ടില്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 25 പ്രകാരമാണ് മാതാവ് കുറ്റ പത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടത്. കുറ്റപത്രം പരിശോധിച്ച ശേഷമാവും തുടര്‍ നടപടികള്‍.

ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പ്രതി കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കുക, പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയുള്ള കുറ്റ പത്രം അസാധുവാക്കുക, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷണം നടത്തുക, ഇരയുടെ നിയമ പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹൈക്കോടതിയിലാണ് ഇനി നിയമ പോരാട്ടം നടക്കുക. സമാന്തരമായി ഐജി എസ് ശ്രീജിത്തിനെതിരായ ക്രിമിനല്‍ കേസ് നടപടികളും ആരംഭിക്കും.

പ്രതിയെ രക്ഷിക്കുന്നതിനുള്ള തന്ത്രപരവും സങ്കീര്‍ണ്ണവുമായ നീക്കങ്ങളാണ് ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും നടത്തിയതെന്നാണ് മുതിര്‍ന്ന അഭിഭാഷകനായ മുഹമ്മദ് ഷായടക്കമുള്ളവരുടെ കണ്ടെത്തല്‍. സാമൂഹിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിജെപി നേതാവിനെതിരെ പോക്‌സോ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അട്ടിമറികള്‍ ആരംഭിച്ചു. പോക്‌സോ കേസുകളില്‍ പീഡനം നടന്നതായ വൈദ്യ പരിശോധന റിപോര്‍ട്ടും ഇരയുടെ മൊഴിയുമാണ് പരമ പ്രധാനം. പീഡനം നടന്ന തിയതി അന്വേഷണ ഘട്ടത്തില്‍ പ്രസക്തമല്ല. എന്നിരിക്കെ, പ്രതി പത്മ രാജന്‍ പാനൂരില്‍ ഇല്ലാത്ത ദിവസം കണ്ടെത്തി ആ ദിവസമാണ് പീഡനം നടന്നതെന്ന് ഇരയെക്കൊണ്ട് പറയിപ്പിക്കുകയാണ് പോലിസ് ചെയ്തതെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it