Big stories

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയെങ്കില്‍ പരിശോധിക്കണമെന്ന് പാലോളി മുഹമ്മദ് കുട്ടി

100 ശതമാനവും മുസ്‌ലിംകള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കാന്‍ 2011ലെ യുഡിഎഫ് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതോടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന നിലയിലായി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയെങ്കില്‍ പരിശോധിക്കണമെന്ന് പാലോളി മുഹമ്മദ് കുട്ടി
X

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ വിശദീകരണവുമായി പാലോളി കമ്മീഷന്‍ അധ്യക്ഷന്‍ പാലോളി മുഹമ്മദ് കുട്ടി. 80: 20 കോടതി കണ്ടത് വീതംവെപ്പെന്ന തരത്തിലാണെന്നും കോടതിയെ കാര്യം ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്കാധാരം ഹൈക്കോടതി വിധിയാണെന്ന് പറഞ്ഞ പാലോളി 80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം 80:20 നടപ്പാക്കിയതില്‍ അന്ന് പ്രശ്മില്ലായിരുന്നുവെന്നും കോടതി വിധിക്ക് ശേഷമാണ് അത് വിവാദമാക്കുന്നതെന്നും അദ്ദഹം പറഞ്ഞു. പാലോളി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തിലുള്ള ആളുകളും ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലും നേരത്തെ അറിയിച്ച് സന്ദര്‍ശനം നടത്തി, എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേട്ടതിന് ശേഷമാണ് 80:20 നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'യു.ഡി.എഫ്. സര്‍ക്കാര്‍ 2015ലാണ് ഇതിന്റെ ഉത്തരവ് ഇറക്കിയത്. അന്ന് ആര്‍ക്കും അതിനേക്കുറിച്ച് പ്രതിഷേധം ഉണ്ടായതായി കേട്ടിട്ടില്ല. പിന്നീടുള്ള എല്‍ഡിഎഫ്. സര്‍ക്കാരിന്റെ അവസാന കാലത്ത് ഇതുസംബന്ധിച്ച കോടതി വിധി വന്നതിന് ശേഷമാണ് പ്രശ്‌നമുണ്ടായത്.

കോടതി അതിനെ കണ്ടത് ന്യൂനപക്ഷങ്ങള്‍ക്കുള്ള എന്തോ പദ്ധതിയായിട്ടാണ്. പ്രത്യക്ഷത്തില്‍ മുസ്‌ലിങ്ങള്‍ക്ക് 80, മറ്റുള്ളവര്‍ 20 എന്ന് കാണുമ്പോള്‍ വലിയ വിവേചനമായി തോന്നും. എന്നാല്‍ യഥാര്‍ഥ കാരണം അതല്ല. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്,' അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ആനുകൂല്യം പുനക്രമീകരിക്കുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. 80:20

അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ നടപടി. 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതം.

അതേസമയം, നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍നിശ്ചയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അനുസൃതമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഇതിനെ പിന്തുടര്‍ന്ന് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശിപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയതാണ് ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പദ്ധതി.

100 ശതമാനവും മുസ്‌ലിംകള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കാന്‍ 2011ലെ യുഡിഎഫ് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതോടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന നിലയിലായി.

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പല ആനുകൂല്യങ്ങളും മുസ്!ലിം സമുദായം അനര്‍ഹമായി തട്ടിയെടുക്കുകയാണെന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ വ്യാജ പ്രചരണങ്ങള്‍ വ്യാപകമായിരുന്നു.ഇതിന്റെ ചുവടുപിടിച്ചാണ് ചില ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കണമെന്ന കോടതിവിധിയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ഈ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അന്നത്തെ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ പാലോളി മുഹമ്മദ് കുട്ടി പ്രതികരിക്കുന്നത്.

Next Story

RELATED STORIES

Share it