Big stories

പിഎംഎവൈ പദ്ധതി ഇഴയുന്നു; ഏറ്റവും പിന്നില്‍ ഹരിയാന

ഭവന രഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയായിരുന്നു പ്രധാനമന്ത്രി ആവാസ് യോജന

പിഎംഎവൈ പദ്ധതി ഇഴയുന്നു; ഏറ്റവും പിന്നില്‍ ഹരിയാന
X

ന്യൂഡല്‍ഹി: പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി ഇഴയുന്നു. 2014 ലാണ് ഒന്നാം മോദി സര്‍ക്കാര്‍ പിഎംഎവൈ പദ്ധതി രാജ്യത്ത് പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രഖ്യാപിച്ച ഭവന നിര്‍മാണത്തിന്റെ 36 ശതമാനം മാത്രമാണ് ആറ് വര്‍ഷം കൊണ്ട് നടപ്പാക്കിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഹരിയാനയാണ് പദ്ധതി നടത്തിപ്പില്‍ ഏറ്റവും പിന്നില്‍.

2016 മുതല്‍ 2018 വരെയുള്ള 3 വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഭവന രഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയായിരുന്നു പ്രധാനമന്ത്രി ആവാസ് യോജന. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസില്‍ ഭവന രഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതല പ്രദേശങ്ങളില്‍ 120000 രൂപയും ദുര്‍ഘട പ്രദേശങ്ങളില്‍ 130000 രൂപയുമാണ് നല്‍കുന്നത്.

എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഒച്ചിഴയും പോലെയാണ് നീങ്ങുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ വീടുകള്‍ അനുവദിച്ചത് ആന്ധ്രാപ്രദേശിലാണ്, ഏറ്റവും കൂടുതല്‍ വീടുകള്‍ അനുവദിച്ചത്. ഇരുപത് ലക്ഷത്തിലധികം വീടുകള്‍ അനുവദിച്ചെങ്കിലും മൂന്ന് ലക്ഷത്തോളം വീടുകള്‍ മാത്രമാണ് പണി പൂര്‍ത്തിയായത്. കേവലം 16 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉത്തര്‍പ്രദേശില്‍ അനുവദിച്ചത് 15,74,070 വീടുകള്‍ ആയിരുന്നെങ്കിലും 4,33,082 വീടുകളുടെ പണി മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. അതായത് അനുവദിച്ചതിന്റെ 27.5 ശതമാനം മാത്രം. പിഎംഎവൈ പദ്ധതി നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ബിജെപി ഭരിക്കുന്ന ഹരിയാനയിലാണ്. 267727 വീടുകള്‍ അനുവദിച്ചെങ്കിലും വെറും 21632 വീടുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. അതായത് പദ്ധതി നടത്തിപ്പിന്റെ 8 ശതമാനം മാത്രം.

ഇരുപത് സംസ്ഥാനങ്ങളിലേക്ക് മാത്രം 585569 കോടി രൂപയാണ് ആകെ പദ്ധതി നിര്‍വഹണത്തിനായി നീക്കിവച്ചത് എന്നാല്‍ 154380 കോടി രൂപ മാത്രമേ ഇതുവരെ അനുവദിച്ചിട്ടുള്ളു. 58809 കോടി രൂപ ഇതുവരെ വിവിധ സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍വഹണത്തിനായി ചിലവഴിച്ചെന്ന് രേഖകള്‍ പറയുന്നു. അതേസമയം പദ്ധതി നടത്തിപ്പിനായി ഏറ്റവും കൂടുതല്‍ തുക ഇതുവരെ അനുവദിച്ചത് ഉത്തര്‍പ്രദേശിനാണ്.

Next Story

RELATED STORIES

Share it