Big stories

ജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന് സിപിഎം

ജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന് സിപിഎം
X
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള വിവാദ ചര്‍ച്ചയില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെതിരേ നടപടി ആവശ്യപ്പെടേണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. അതേസമയം, ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ഇ പി ജയരാജന്‍ അത് അംഗീകരിക്കുകയും ചെയ്തതായാണ് വിവരം. വിഷയത്തില്‍ തന്റെ നിലപാട് ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചെന്നും കൂടിക്കാഴ്ച പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലെന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി പ്രഭാരി കൂടിയായ പ്രകാശ് ജാവദേക്കറുമായുള്ള ചര്‍ച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുതലേന്നാണ് വിവാദമായത്. ബിജെപി പ്രവേശനത്തിനു വേണ്ടിയുള്ള ചര്‍ച്ച 90 ശതമാനം പൂര്‍ത്തിയായിരുന്നെന്നും പെട്ടെന്ന് പിന്‍മാറിയെന്നുമായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇതിനിടെ, ദല്ലാള്‍ നന്ദകുമാറും ജാവദേക്കര്‍-ഇപി ചര്‍ച്ച ശരിവച്ച് രംഗത്തെത്തി. നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തന്നെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ജയരാജന്‍ തന്നെ സമ്മതിച്ചതോടെ നടപടിയെടുക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ പിയെ പേരെടുത്ത് വിമര്‍ശിക്കുകയും കൂടി ചെയ്തതോടെ സ്ഥാനം തെറിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നു പറഞ്ഞ് പ്രതിരോധം തീര്‍ക്കാനാണ് സിപിഎം തീരുമാനം. മാത്രമല്ല,

ഇ പി ജയരാജനെതിരേ നടക്കുന്നത് കള്ളപ്രചാരണമെന്നും കമ്മ്യൂണിസ്റ്റ് വിരോധമാണെന്നും പറഞ്ഞ എം വി ഗോവിന്ദന്‍, ഇപിക്ക് നിയമപരമായി നേരിടാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇ പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി നേതാവിനെ കണ്ടത് തെറ്റാണെന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാല്‍ അതൊക്കെ തെറ്റായിപ്പോയെന്ന് പറയാനാവില്ല. സാമൂഹിക ജീവിതത്തിലെ സാംസ്‌കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോവുമെന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാല്‍ എന്താണ് പ്രശ്‌നം. അവരോട് മിണ്ടാന്‍ പാടില്ല, കാണാന്‍ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ല. ചര്‍ച്ചയ്ക്ക് പോവുമ്പോഴൊക്കെ സ്ഥിരമായി കാണാറുണ്ട്. അതേസമയംതന്നെ രാഷ്ട്രീയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സാധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തേ, വിവാദമുണ്ടായപ്പോള്‍ തന്നെ ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു തുടരുന്നതിനെതിരേ സിപി ഐ രംഗത്തെത്തിയിരുന്നു. ഇതിനെ പൂര്‍ണമായും തള്ളുന്നതാണ് സിപിഎം സംസ്ഥാന സമിതിയിലെ തീരുമാനം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും ബിജെപിക്ക് ഒരിടത്തും ജയിക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it