Big stories

ഡല്‍ഹി വംശഹത്യ: 'മരണ തുല്ല്യം 17 മാസത്തെ ജയില്‍ ജീവിതം'; ശരീരത്തില്‍ വെടിയുണ്ടയുമായി ഒരു മുസ് ലിം ഗൃഹനാഥന്‍

ഡല്‍ഹി വംശഹത്യ:  മരണ തുല്ല്യം 17 മാസത്തെ ജയില്‍ ജീവിതം;  ശരീരത്തില്‍ വെടിയുണ്ടയുമായി ഒരു മുസ് ലിം ഗൃഹനാഥന്‍
X

ന്യൂഡല്‍ഹി: '17 മാസത്തിന് ശേഷം ആദ്യമായാണ് ജീവിക്കുന്നുണ്ടെന്ന് തോന്നിയത്'. ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തില്‍ വെടിയേല്‍ക്കുകയും കൊലപാതക കുറ്റം ചാര്‍ത്തി ജയിലിലടക്കപ്പെടുകയും ചെയ്ത മുഹമ്മദ് ഷാഹിദ് പറഞ്ഞു.


ജയിലില്‍ വച്ച് പാരലിറ്റിക് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി ജാമ്യം ലഭിച്ച മുഹമ്മദ് ഷാഹിദ് ഇക്കഴിഞ്ഞ ആഗസ്തിലാണ് വീട്ടിലെത്തിയത്. മരണ തുല്ല്യമായിരുന്നു ജയിലിലെ അനുഭവങ്ങളെന്നും വീട്ടിലെത്തിയപ്പോഴാണ് ജീവിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയതെന്നും മുഹമ്മദ് ഷാഹിദ് പറയുന്നു.

2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപത്തിനിടേയാണ് ഷാഹിദിന് വലത് തോളില്‍ വെടിയേല്‍ക്കുന്നത്. ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം വലത് തോളില്‍ വെടിയുണ്ട തുളച്ച് കയറിയതിന്റെ വേദനയും ജയിലിലെ പീഡനങ്ങളും ജീവിതം തകര്‍ത്തു കളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്ത് രണ്ടിന് സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നതോടെ ജയില്‍ അധികൃതര്‍ മുഹമ്മദ് ഷഹീദിനെ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗസ്ത് 11ന് മുഹമ്മദ് ഷാഹിദിന് ജാമ്യം ലഭിച്ചു.


ഡല്‍ഹി കലാപത്തില്‍ ഇരയാക്കപ്പെട്ട മുസ് ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നേയാണ് കള്ളക്കേസുകളില്‍ കുടുങ്ങി മാസങ്ങളോളം ജയിലില്‍ കഴിഞ്ഞത്. പൗരത്വ സമരം നടത്തിയവരാണ് കലാപത്തിന് നേതൃത്വം നല്‍കിയത് എന്നായിരുന്നു ഡല്‍ഹി പോലിസിന്റെ ആരോപണം. 53 പേരാണ് ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 75 ശതമാനവും മുസ് ലിംകളാണ്. 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഇതിലെല്ലാം കൂടുതല്‍ നഷ്ടമുണ്ടായതും മുസ് ലിംകള്‍ക്കായിരുന്നു. എന്നിട്ടും കലാപത്തിന്റെ കാരണക്കാര്‍ മുസ് ലിംകളാണ് എന്ന തരത്തിലാണ് പോലിസ് റിപ്പോര്‍ട്ട് നല്‍കിയത്. പോലിസിന്റെ പക്ഷപാതപരമായ ഇടപെടലിനെ വിമര്‍ശിച്ച് ഡല്‍ഹിയിലെ പ്രാദേശിക കോടതികള്‍ തന്നെ രംഗത്തെത്തിയിരുന്നു.

2020 ഫെബ്രുവരി 25നാണ് മുഹമ്മദ് ഷാഹിദന് വെടിയേല്‍ക്കുന്നത്. കലാപത്തില്‍ നിന്ന് രക്ഷതേടി ജാഫറാബാദിലേക്ക് പോകുന്നതിനിടേയാണ് വെടിയേറ്റതെന്ന് ഷാഹിദ് പറഞ്ഞു. 'ജയ് ശ്രീറാം', 'ഹര്‍ ഹര്‍ മാധവ്' വിളികളുമായി ജാഫറാബാദിന് സമീപമുള്ള കോളനികളിലേക്ക് മാര്‍ച്ച് ചെയ്‌തെത്തിയ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെ വെടിവയ്ക്കുന്ന ശബ്ദവും കേള്‍ക്കാമായിരുന്നു. പെട്ടെന്നാണ് തന്റെ വലത് തോളിന് വെടിയേറ്റ് വീണത്. ജീവനും കൊണ്ടോടിയ ആളുകള്‍ തന്റെ ശരീരത്തില്‍ ചവിട്ടുന്നുണ്ടായിരുന്നു. ഏറെ നേരം ബോധം നഷ്ടപ്പെട്ട് നിലത്ത് കിടന്നു'. മുഹമ്മദ് ഷഹീദ് പറയുന്നു. ഒരു അജ്ഞാതന്‍ എത്തിയാണ് അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ജിടിബി ആശുപത്രിയില്‍ എത്തിച്ചത്. രക്ഷം വാര്‍ന്ന അവശ നിലയിലായ ഷാഹിദ് ഒമ്പത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയെങ്കിലും മുറിവ് ഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും അല്‍-ഷിഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


രണ്ട് ദിവസത്തിന് ശേഷം ഒരു സംഘം പോലിസുകാര്‍ എത്തുകയും മുഹമ്മദ് ഷാഹിദിനെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നെന്ന് ഷാഹിദിന്റെ മാതാവ് ബുഷ്‌റ പറഞ്ഞു. ചോദ്യം ചെയ്ത് വിടാം എന്നറിയിച്ചാണ് കൊണ്ട് പോയതെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഷാഹിദിനെ അന്വേഷിച്ച് ജാഫറാബാദ് സ്റ്റേഷനില്‍ എത്തിയെങ്കിലും അവിടെ കസ്റ്റഡിയില്‍ ഇല്ലെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. പിന്നീട് വൈകുന്നേരം ഏഴോടെയാണ് ഷാഹിദിനെ ദ്വാരക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത വിവരം അറിയുന്നത്. ക്രൈം ബ്രാഞ്ച് ഷാഹിദിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം(302), കൊലപാതക ശ്രമം(307) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അമന്‍ അഹ്മദ്(18) എന്ന യുവാവിന്റെ കൊലപാതകമാണ് തനിക്കെതിരേ ചുമത്തിയതെന്നും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ തന്നെ കൊലപാതക കുറ്റം ചുമത്തി ജയിലില്‍ അടക്കുകയായിരുന്നെന്നും ഷാഹിദ് പറഞ്ഞു.

Next Story

RELATED STORIES

Share it