Big stories

കൊവിഡ് കാലത്തെ പരോള്‍: ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തടവുകാര്‍ മടങ്ങേണ്ട-സുപ്രിം കോടതി

കൊവിഡ് കാലത്തെ പരോള്‍: ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തടവുകാര്‍ മടങ്ങേണ്ട-സുപ്രിം കോടതി
X
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ പരോളില്‍ കഴിയുന്നവരോട് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ജയിലുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടരുതെന്ന് നിര്‍ദേശം നല്‍കിയത്. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കാനാണ് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അഞ്ച് ദിവസത്തിനകം കൈമാറാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്. ജയിലുകളില്‍ കൊവിഡ് പടരാതിരിക്കാന്‍ പരോള്‍ അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനമെടുക്കാന്‍ സംസ്ഥാന ഉന്നതാധികാര സമിതികളോട് സുപ്രിം കോടതി ഇക്കഴിഞ്ഞ മെയ് ഏഴിനു നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, കൊവിഡ് ഒന്നാം തരംഗത്തിനിടെ പരോള്‍ ലഭിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കൊവിഡ് മൂന്നാംതരംഗം മുന്നിലെത്തി നില്‍ക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ തടവുകാരോട് ജയിലുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരെയെല്ലാം വീണ്ടും ജയിലില്‍ അടച്ചാല്‍ അവരെ വീണ്ടും മോചിപ്പിക്കേണ്ടി വരുമെന്നും അഭിഭാഷകനായ ദുഷ്യാന്ത് ദാവേ ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതികള്‍ തയ്യാറാക്കിയ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

സുപ്രിം കോടതി ജാമ്യം അനുവദിക്കുന്ന കേസുകളില്‍ പോലും ഉത്തരവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തടവുകാരുടെ ജയില്‍ മോചനം വൈകാറുണ്ടെന്നും ഇത് ഒഴിവാക്കാനായി ജാമ്യ ഉത്തരവുകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ നേരിട്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നുംചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. എല്ലാ ജയിലുകളിലും ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ ഉണ്ടോയെന്ന കാര്യം അറിയിക്കണമെന്നും ഒരു മാസത്തിനകം പദ്ധതി നടപ്പാക്കണമെന്നും സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

Prisoners released by states in wake of Covid should not be asked to surrender until further orders: Supreme Court

Next Story

RELATED STORIES

Share it