Big stories

മരംമുറി പരാതി വിവാദം: പി വി അന്‍വര്‍-മലപ്പുറം മുന്‍ എസ് പി ഫോണ്‍ സംഭാഷണം പുറത്ത്

മരംമുറി പരാതി വിവാദം: പി വി അന്‍വര്‍-മലപ്പുറം മുന്‍ എസ് പി ഫോണ്‍ സംഭാഷണം പുറത്ത്
X

മലപ്പുറം: മലപ്പുറം എസ്പി ഓഫിസ് കോംപൗണ്ടിലെ മരംമുറി പരാതി വിവാദത്തില്‍ പുതിയ വഴിത്തിരിവ്. മലപ്പുറം മുന്‍ ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസും പി വി അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായി. നിലവില്‍ എസ്പി ഓഫിസില്‍ നല്‍കിയ മരം മുറി പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാല്‍ പരാതി പിന്‍വലിക്കണമെന്നുമാണ് അദ്ദേഹം എംഎല്‍എയോട് ആവശ്യപ്പെടുന്നത്. അതിനിടെ, പരസ്യ പ്രതിഷേധം നടത്തിയതിനു പിന്നാലെ അന്‍വറിനെ സിപിഎം ജില്ലാ കമ്മിറ്റി വിളിച്ചുവരുത്തിയതായും റിപോര്‍ട്ടുണ്ട്.

മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫിസിന് മുന്നില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എസ് പി ഓഫിസ് കോംപൗണ്ടിലെ മരങ്ങള്‍ മുറിച്ചു മാറ്റിയത് അന്വേഷിക്കണമെന്നാണ് ആവശ്യം. ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ മലപ്പുറം എസ് പി ശ്രമിക്കുന്നു, മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് മരം മുറിച്ചു കടത്തി, എഡിജിപി എം ആര്‍ അജിത്കുമാര്‍ കൂട്ടുനിന്നു, മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയില്‍നിന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ രണ്ട് കോടി കൈക്കൂലി വാങ്ങി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഭരണപക്ഷ എംഎല്‍എ തന്നെ ഉന്നയിച്ചത്.

അതേസമയം അന്‍വറിന്റെ പരസ്യ പ്രതിഷേധത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. അതിനാലാണ് സിപിഎം ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെടുന്നതെന്നാണ് സൂചന. എസ് പിയുടെ വസതിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനു പിന്നാലെയാണ് പി വി അന്‍വറും മലപ്പുറം മുന്‍ എസ് പി സുജിത് ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. താനൂര്‍ കസ്റ്റഡിമരണത്തില്‍ താന്‍ ഒരുപാട് മാനസിക പ്രശ്‌നം അനുഭവിച്ചെന്നും നിലവിലെ എസ് പി തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്. പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എസ്പിയെ വിമര്‍ശിച്ചതില്‍ തനിക്ക് സന്തോഷമുണ്ട്. താന്‍ എംഎല്‍എയ്ക്ക് ഒപ്പമാണെന്നും സുജിത് ദാസ് പറയുന്നുണ്ട്. ഇദ്ദേഹം നിലവില്‍ പത്തനംതിട്ട എസ്പിയാണ്. താനൂര്‍ കസ്റ്റഡി കൊല ഉള്‍പ്പെടെയുള്ള വിവാദത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റിയത്. അതേസമയം ഒരു പോലിസ് ഉദ്യോഗസ്ഥയ്ക്ക് താന്‍ ആവശ്യപ്പെട്ട സ്ഥലം നല്‍കാത്തതില്‍ പി വി അന്‍വര്‍ സുജിത് ദാസിനെ പ്രതിഷേധം അറിയിക്കുന്നതും ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാവുന്നുണ്ട്.

Next Story

RELATED STORIES

Share it