Big stories

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു

നേരത്തേ, കോണ്‍ഗ്രസിന്റെ ഏഴാമത്തെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോഴും വയനാടിന്റെയും വടകരയുടെയും പേരുണ്ടായിരുന്നില്ല

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു
X
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മല്‍സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നും അനുകൂല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലുണ്ട്. ടി സിദ്ദീഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനോട് സംസാരിച്ചുവെന്നും അക്കാര്യത്തില്‍ സന്തോഷമാണെന്ന് അറിയിച്ചതായും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും ഐക്യത്തിനും ഇത് ആവശ്യമാണെന്ന് മുമ്പേ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ആവശ്യപ്പെടുകയാണെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസുകാരും യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ഘടക കക്ഷികളുമെല്ലാം ഇക്കാര്യത്തില്‍ യോജിക്കുന്നുണ്ട്. അദ്ദേഹം അതിനുവേണ്ടി സമ്മതിച്ചാല്‍ കേരളത്തിന്റെ സൗഭാഗ്യമാവും. അത് കേരളത്തിനു തന്നെ മുതല്‍ക്കൂട്ടാവുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തേ, കോണ്‍ഗ്രസിന്റെ ഏഴാമത്തെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോഴും വയനാടിന്റെയും വടകരയുടെയും പേരുണ്ടായിരുന്നില്ല. എഐസിസിയുടെ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ഒഴിവാക്കിയിരുന്നു. മാത്രമല്ല, പിന്നീട് നടന്ന യോഗത്തിനു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ ടി സിദ്ദീഖിന്റെയും വടകരയില്‍ കെ മുരളീധരന്റെയും പേരുപറഞ്ഞതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടായിരുന്നു. വയനാട്ടില്‍ ടി സിദ്ദീഖ് ഉറപ്പിച്ചതോടെ മുന്‍ എംപി പരേതനായ എം ഐ ഷാനവാസിന്റെ വീട്ടിലെത്തി പ്രചാരണത്തിനു തുടക്കംകുറിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ദേശീയ ലിസ്റ്റില്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ മല്‍സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.






Next Story

RELATED STORIES

Share it