Big stories

ബിബിസി ഓഫിസുകളിലെ റെയ്ഡ് തുടരുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ജീവനക്കാരോട് ബിബിസി

ബിബിസി ഓഫിസുകളിലെ റെയ്ഡ് തുടരുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ജീവനക്കാരോട് ബിബിസി
X

ന്യൂഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. പരിശോധന 24 മണിക്കൂര്‍ പിന്നിട്ടു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും ബിബിസി അധികൃതര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ബ്രോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം ഓഫിസിലെത്തിയാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പഴയപടി തന്നെ മുന്നോട്ടുപോവുമെന്നും പ്രേക്ഷകര്‍ക്കായി മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ബിബിസി നേരത്തെ അറിയിച്ചിരുന്നു.

ഇന്നലെ രാവിലെ 11.30 ഓടെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതികളില്‍ ഉള്‍പ്പെടെ ക്രമക്കേടുണ്ടെന്ന പരാതികളിലാണ് റെയ്ഡ്. എന്നാല്‍, ഓഫിസുകളിലേത് പരിശോധനയല്ല സര്‍വേയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇന്നലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. പരിശോധനയ്‌ക്കെതിരേ സുപ്രിംകോടതി ഇടപെടല്‍ ആവശ്യപ്പെടാന്‍ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പരിശോധനയെ വിമര്‍ശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗില്‍ഡും രംഗത്തെത്തി.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതികരിച്ചു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ആരോപിച്ചു.

അദാനി വിഷയത്തില്‍ വലിയ പ്രതിഷേധം നടക്കുമ്പോഴും സര്‍ക്കാര്‍ ബിബിസിയുടെ പിന്നാലെയാണെന്നും വിനാശകാലേ വിപരീത ബുദ്ധിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. പരിശോധനയ്‌ക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്തെത്തി. പരിശോധനയുടെ ഉദ്ദേശശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it