Big stories

സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം; ഐക്യദാര്‍ഢ്യവുമായി മുംബൈ പ്രസ് ക്ലബ്ബ്

സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം; ഐക്യദാര്‍ഢ്യവുമായി മുംബൈ പ്രസ് ക്ലബ്ബ്
X

മുംബൈ: യുപി പോലിസ് അന്യായമായി തടവിലിട്ട മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് മുംബൈ പ്രസ്‌ക്ലബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊവിഡ് സ്ഥിരീകരിച്ച മഥുര മെഡിക്കല്‍ കോളജില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന് ആവശ്യമായ വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്നും പ്രസ്‌ക്ലബ്ബ് ആവശ്യപ്പെട്ടു.

ഹൃദ്രോഗിയായ കാപ്പന് കൊവിഡ് സ്ഥിരീകരിച്ചിട്ടും ചികില്‍സ നിഷേധിക്കുന്നത് ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തെ ടോയ്‌ലറ്റില്‍ പോലും പോവാന്‍ അനുവദിക്കാതെ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്ന വഴിയാണ് ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അദ്ദേഹം ജയിലിലാണ്. അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തി തീര്‍ത്തും അന്യായമായാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പന് ജയിലില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ടോയ്‌ലറ്റില്‍ പോവാന്‍ പോലും അനുവദിക്കാതെ ആശുപത്രി അധികൃതര്‍ കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണ്. അനങ്ങാന്‍ പോലും അനുവദിക്കുന്നില്ല. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണംപോലും നല്‍കുന്നില്ല. ടോയ്‌ലറ്റില്‍ വിടാതെ മലമൂത്രവിസമര്‍ജനം നടത്തുന്നതിന് ഒരു ബോട്ടില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

കാപ്പന്‍ തടവിലാക്കപ്പെട്ട അതേ ജയിലില്‍ മറ്റ് 50 ഓളം തടവുകാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ വെളിച്ചത്തിലും തടവുകാര്‍ക്ക് വൈറസ് പകരുന്നതും കണക്കിലെടുത്ത് കാപ്പനെ ഉടന്‍ മോചിപ്പിക്കാന്‍ അടിയന്തര പിന്തുണയും ഇടപെടലുമുണ്ടാവണം.

Next Story

RELATED STORIES

Share it