- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ക്രിസ്ത്യാനികളെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കുടുക്കുന്ന ഹിന്ദുത്വ തന്ത്രങ്ങള്‍ വെളിപ്പെടുന്നു; മൂന്നു കേസുകളിലെ വാദിയായ ജിട്ടു സോങ്കറുടെ കഥ
തന്നെ ക്രിസ്തു മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വ്യത്യസ്ത ആളുകള്‍ക്കെതിരേ വ്യത്യസ്ത കാലങ്ങളിലായി മൂന്നു പരാതികള്‍ പോലിസില്‍ നല്‍കിയ ആളാണ് ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ ജിട്ടു സോങ്കര്‍....

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലെ ചന്തയില്‍ പഴങ്ങള്‍ വില്‍ക്കലാണ് ജിട്ടു സോങ്കറിന്റെ തൊഴില്‍. പക്ഷേ, അയാള്‍ക്ക് മറ്റൊരു ജീവിതം കൂടിയുണ്ട്:- ഹിന്ദുത്വത്തിന്റെ സ്വയം സമര്‍പ്പിത കാലാള്‍ പടയാളി.
കഴിഞ്ഞ കുറച്ച് വര്‍ഷമായി, ജിട്ടു സോങ്കര്‍ കസ്റ്റമേഴ്‌സിനേക്കാള്‍ കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത് മറ്റു ചിലരെയാണ്. യേശുക്രിസ്തുവിലും ബൈബിളിലും വിശ്വാസം പ്രകടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന ക്രിസ്ത്യാനികളോ ഹിന്ദുക്കളോ ആണ് ലക്ഷ്യം. ക്രിസ്ത്യന്‍ വിശ്വാസത്തിനെതിരായ തന്റെ 'കുരിശുയുദ്ധത്തില്‍' ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ സോങ്കര്‍ ആയുധമാക്കി. 2020ല്‍ ഈ നിയമം കൊണ്ടുവന്നതിന് ശേഷം മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യം വയ്ക്കാനും അവരുടെ മതപരമായ ആചാരങ്ങളെയും വ്യക്തിബന്ധങ്ങളെയും അടിച്ചമര്‍ത്താനും നിയമം ഉപയോഗിച്ചുവരുന്നു.

സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം 2021 മുതല്‍ മൂന്നു ക്രിമിനല്‍ കേസുകള്‍ കൊടുത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. തന്നെ ഹിന്ദുമതത്തില്‍നിന്ന് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്നോ പണം നല്‍കി പ്രലോഭിപ്പിച്ച് മതം മാറ്റാന്‍ ശ്രമിച്ചെന്നോ ആണ് ആരോപണങ്ങള്‍.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുകയും നഗരപ്രദേശങ്ങളില്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുകയും ചെയ്യുന്ന, ദലിത് ഉപജാതിയായ ഖാതിക് സമുദായത്തില്‍ പെട്ടയാളാണ് സോങ്കര്‍.
മതസമ്മേളനങ്ങളെയും സ്വകാര്യ പരിപാടികളെയും ലക്ഷ്യമിട്ട് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമുള്ള കേസുകള്‍ ഫയല്‍ ചെയ്യുന്ന ഹിന്ദുത്വരുടെ രീതികളുടെ ക്ലാസിക് ഉദാഹരണമാണ് ജിട്ടു സോങ്കര്‍. ''ഹിന്ദു സമുദായത്തിന് അപകടമുണ്ടായാല്‍ ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തും.''-തന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനം പ്രകടിപ്പിച്ച് സോങ്കര്‍ പറയുന്നു.
2020 നവംബറില്‍ നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍, ഭരണകക്ഷിയായ ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി ബന്ധമുള്ള ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ക്രിസ്തുമതം പിന്തുടരുന്ന താഴ്ന്ന ജാതിക്കാര്‍ക്കും പരമ്പരാഗത ഹിന്ദു രീതികളില്‍ നിന്ന് വ്യത്യസ്തമായി ആരാധന നടത്തുന്നവര്‍ക്കുമെതിരേ കേസ് കൊടുക്കുന്നത് പതിവായി മാറി.
കേസുകളില്‍ ഭൂരിഭാഗവും പൊതുവായ ആരോപണങ്ങള്‍, ദുര്‍ബലമായ തെളിവുകള്‍, അനുമാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതും ന്യൂനപക്ഷ വിഭാഗങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലും നിന്നുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ഉപദ്രവിക്കാനുള്ള ഒരു സംയോജിത തന്ത്രത്തിന്റെ ഭാഗവുമാണ്. ഇതുവരെ ഇത്തരം കേസുകളിലെ ഇരകളുടെ ദുരവസ്ഥയിലാണ് പൊതുവില്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നത്. സോങ്കറിന്റെ കഥയിലൂടെ മറുവശം നിങ്ങള്‍ക്ക് കാണാം.
ഒരു പോലെയുള്ള മൂന്നു എഫ്‌ഐആറുകള്‍
സോങ്കറിന്റെ പരാതികളെ മാത്രം അടിസ്ഥാനമാക്കി മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അസംഗഢിലെ കോട്‌വാലി, കാന്ദ്രാപൂര്‍ എന്നിവിടങ്ങളിലെ രണ്ട് വ്യത്യസ്ത പോലിസ് സ്‌റ്റേഷനുകളില്‍ കുറഞ്ഞത് മൂന്ന് എഫ്‌ഐആറുകളെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021, 2022, 2024 വര്‍ഷങ്ങളിലാണ് ഇവ രജിസ്റ്റര്‍ ചെയ്തത്. ഈ മൂന്നു കേസുകളിലും ഇരയുടെ സ്ഥാനത്തുള്ളത് ജിട്ടു സോങ്കറാണ്. ഹിന്ദു വിശ്വാസം ഉപേക്ഷിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് അയാള്‍ അവകാശപ്പെടുന്നു.
വിവാഹത്തിനു വേണ്ടിയും തെറ്റിദ്ധരിപ്പിച്ചും ബലം പ്രയോഗിച്ചും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വശീകരിച്ചും മറ്റു തട്ടിപ്പുകളിലൂടെയും ഹിന്ദുക്കളെ മതം മാറ്റുന്നു എന്നാരോപിച്ചാണ് യോഗി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. നിയമം പ്രാബല്യത്തില്‍ വന്ന് ഒമ്പത് മാസത്തിന് ശേഷം, 2021 ആഗസ്റ്റിലാണ് സോങ്കര്‍ ആദ്യ പരാതി നല്‍കുന്നത്. 60 വയസ്സുള്ള ദലിത് നിര്‍മാണ തൊഴിലാളിയായ ശങ്കറിനെതിരേ(സ്വകാര്യത സംരക്ഷിക്കാന്‍ പേര് മാറ്റിയിരിക്കുന്നു)യാണ് സോങ്കര്‍ പരാതി നല്‍കിയത്. അസംഗഢിലെ ഒരു പ്രദേശത്തെ ദരിദ്രരായ ഹിന്ദുക്കളെ പണം വാഗ്ദാനം ചെയ്ത് 'ദുഷ്ടാത്മാക്കളുടെ' പിടിയില്‍നിന്ന് മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് ശങ്കറിനെതിരേ പോലിസ് കേസെടുത്തു. ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചുകൊണ്ട് ശങ്കര്‍ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും സോങ്കര്‍ ആരോപിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സംഘടനകളുമായും തനിക്ക് ബന്ധമില്ലെന്നാണ് സോങ്കര്‍ പറഞ്ഞത്. പക്ഷേ, ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനത്തില്‍ അയാളെ ബന്ധിപ്പിക്കുന്ന നിരവധി തെളിവുകളുണ്ട്. പ്രദേശവാസികളും അത് സ്ഥിരീകരിച്ചു.

ജിട്ടു സോങ്കര്‍, ബിജെപി നേതാവും മുന്‍ എംപിയുമായ ദിനേഷ് ലാല്‍ യാദവ് 'നിരാഹുവ'യ്‌ക്കൊപ്പം
അജ്ഞാതനായ ഒരാള്‍, കഴിഞ്ഞ മൂന്നു മാസമായി തന്റെ നാടായ സരായ് മന്ദരാജ് സന്ദര്‍ശിച്ച് ജീവിതത്തില്‍ നിന്ന് 'പ്രേതങ്ങളുടെയും ആത്മാക്കളുടെയും' തടസ്സം ഇല്ലാതാക്കുമെന്ന് നാട്ടുകാരോട് പറഞ്ഞുവെന്ന് 2021ലെ പരാതിയില്‍ സോങ്കര്‍ ആരോപിച്ചു. ശങ്കര്‍ എന്ന് അറിയപ്പെടുന്ന അയാള്‍ അയല്‍പ്രദേശമായ കര്‍ത്താല്‍പൂരിലെ ദലിത് കോളനിയിലും സജീവമായിരുന്നു. കര്‍ത്താല്‍പൂരില്‍ ജാലവിദ്യ കൊണ്ടും മറ്റു വശീകരണങ്ങള്‍ കൊണ്ടും ആളുകളെ ക്രിസ്ത്യാനികളാക്കി എന്നും ആരോപിച്ചു.
2021 ആഗസ്റ്റ് 31ന് ബൈബിളും മറ്റു ക്രിസ്ത്യന്‍ പുസ്തകങ്ങളും ശങ്കര്‍ വിതരണം ചെയ്യുന്നത് കണ്ടുവെന്ന് സോങ്കറിന്റെ പരാതി പറയുന്നു. ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിക്കാന്‍ ശങ്കര്‍ 'അശ്ലീല' ഭാഷയും ഉപയോഗിക്കുന്നുണ്ടെന്ന് സോങ്കര്‍ അവകാശപ്പെട്ടു. ''നാട്ടുകാര്‍ അദ്ദേഹത്തിന്റെ ഭാഷയെ എതിര്‍ത്തപ്പോള്‍, ശങ്കര്‍ ഓരോരുത്തര്‍ക്കും 500 രൂപ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. ക്രിസ്തുമതം സ്വീകരിച്ചാല്‍ 'പ്രഭു ഈഷു' അവരുടെ എല്ലാവരുടെയും കഷ്ടപ്പാടുകളും ദാരിദ്ര്യവും ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. ''
കേസ് വിചാരണക്കോടതിയില്‍ എത്തിയപ്പോള്‍ സോങ്കര്‍ പുതിയ ഒരു ആരോപണവും ഉന്നയിച്ചു. ക്രിസ്തു മതത്തിലേക്ക് മാറിയാല്‍ തനിക്ക് 30,000 രൂപ തരാമെന്ന് ശങ്കര്‍ പറഞ്ഞുവെന്നായിരുന്നു ആരോപണം. ശങ്കറിന്റെ പുതിയ കഥ ഇങ്ങനെയായിരുന്നു. '' പ്രദേശവാസിയായ നിര്‍മലാ ദേവിയുടെ വീട്ടില്‍ ശങ്കര്‍ ആളുകളെ മതപരിവര്‍ത്തനം നടത്തിയിരുന്നു. എന്റെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാന്‍ ശങ്കറും നിര്‍മലാ ദേവിയും വീട്ടിലേക്ക് വിളിച്ചു. വീട്ടിലെത്തിയപ്പോള്‍ അവര്‍ പ്രാര്‍ഥനകള്‍ നടത്തുകയായിരുന്നു. നിരവധി സ്ത്രീകളെ ക്രിസ്ത്യാനികളാക്കിയും കഴിഞ്ഞിരുന്നു. ക്രിസ്തു മതം സ്വീകരിക്കുകയാണെങ്കില്‍ എനിക്ക് 30,000 രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍, ഞാന്‍ അതിനെ എതിര്‍ത്തു. പണം വേണ്ടെന്നും പറഞ്ഞു. അപ്പോള്‍ അവര്‍ ജാതിപരമായി അധിക്ഷേപിച്ചു.''
2022ലും 2024ലും സോങ്കര്‍ നല്‍കിയ പരാതികള്‍ 2021ലെ കേസിന് സമാനമാണ്. 2022 മേയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിലെ സെക്ഷന്‍ 3, 5 (1) എന്നിവയും എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിരുന്നു. ഈ കേസിലെ കുറ്റാരോപിതരായ റൗസി സുഖ് (25), വിജയ് കുമാര്‍ (48) എന്നിവരെ ജയിലില്‍ അടയ്ക്കുകയുമുണ്ടായി.
ഈ കേസിലെ സോങ്കറിന്റെ ആരോപണം ഇങ്ങനെയാണ്:
''എന്റെ നാട്ടിലെ സാരായ് മന്ദജിലെ ഹര്‍ബന്‍ഷ്പൂര്‍ റോഡിലെ ബേക്കറിക്ക് സമീപത്തെ ഒരു വീട്ടില്‍ പ്രശസ്തനായ ഒരു 'പ്രാസംഗികന്‍' വന്നതായി 2022 മേയ് 22ന് ഉച്ചയോടെ ഞാന്‍ അറിഞ്ഞു. അയാള്‍ നല്ല 'മതപ്രഭാഷണം' നടത്തുന്നുവെന്നും ഞാന്‍ അറിഞ്ഞു. പ്രസംഗം കേള്‍ക്കാന്‍ അവിടെ ചെന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം 5060 പേര്‍ അവിടെയുണ്ടായിരുന്നു. വിജയ്കുമാര്‍ ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിക്കുന്നത് ഞാന്‍ കണ്ടു. അതിന് മറുപുറമായി യേശുക്രിസ്തുവിനെ 'മഹത്വപ്പെടുത്തുകയായിരുന്നു'. എന്റെ മതവികാരം വ്രണപ്പെട്ടതിനാല്‍ ഞാന്‍ പ്രതിഷേധിച്ചു. അപ്പോള്‍ അവര്‍ എനിക്ക് പണം വാഗ്ദാനം ചെയ്യുകയും മതം മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോലിസില്‍ പരാതി നല്‍കിയപ്പോള്‍ എന്നെ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.''
2024 ഒക്ടോബര്‍ ആറിനാണ് സോങ്കര്‍ തന്റെ മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2021ലെ സോങ്കറിന്റെ കേസില്‍ ശങ്കറിനെ വെറുതെവിട്ട് പത്താം ദിവസമായിരുന്നു പുതിയ പരാതി. സോങ്കറിന്റെ ആരോപണങ്ങള്‍ സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശങ്കറിനെ കോടതി വെറുതെവിട്ടത്. പിന്നീട് കഴിഞ്ഞ ജൂലൈയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം വീണ്ടും കടുപ്പിച്ചു. മതപരിവര്‍ത്തനം നടത്തുന്നവരെ പത്തു വര്‍ഷമോ ജീവപര്യന്തം തടവിനോ ശിക്ഷിക്കുമെന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഹിന്ദുത്വ ഗ്രൂപ്പുകളെയും സോങ്കറിനെ പോലുള്ളവരെയും 'ആര്‍ക്കെതിരേ' വേണമെങ്കിലും കേസ് കൊടുക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ ശാക്തീകരിച്ചു. ആരോപണ വിധേയര്‍ക്ക് ജാമ്യം ലഭിക്കാന്‍ പ്രയാസവുമാക്കി.
കാന്ദ്രപൂര്‍ പോലിസില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാം കേസില്‍ ഒരു രാജേഷ്‌കുമാറും ഭാര്യ ഇന്ദു ബാലയും കണ്ടാല്‍ അറിയാവുന്ന ഏതാനും പേരുമാണ് പ്രതികള്‍. ഇവര്‍ക്കെതിരേ ക്രിമിനല്‍ ഭീഷണിക്കുറ്റവും ചുമത്തി. ഈ കേസിലെ ആരോപണം ഇങ്ങനെയാണ്.
'' പാണ്ഡെ ചവാര്‍ ഗ്രാമത്തില്‍ ഒരു 'സത്‌സംഗം' സംഘടിപ്പിക്കുന്നതായി എനിക്ക് വിവരം ലഭിച്ചു. അപ്പോള്‍ ഞാന്‍ ആ സ്ഥലത്തേക്ക് ചെന്നു. രാജേഷ് കുമാറിന്റെയും ഇന്ദു ബാലയുടെയും വീട്ടില്‍ നൂറുകണക്കിന് കുട്ടികളും സ്ത്രീകളും ഒത്തുകൂടിയതായി കണ്ടു. ദുഷ്ടാത്മാക്കളെ പുറത്താക്കുമെന്ന് പറഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിച്ച് അവര്‍ ആളുകളെ ക്രിസ്ത്യാനികളാക്കാന്‍ നോക്കുകയായിരുന്നു. യേശുക്രിസ്തുവിനെ സ്തുതിച്ചുകൊണ്ട് അവര്‍ ഹിന്ദു 'ദേവീദേവന്മാരെ' അപമാനിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ രാജേഷ്‌കുമാറും ഇന്ദുബാലയും എന്നെ കൊല്ലുമെന്ന് പറഞ്ഞു. നീ ക്രിസ്ത്യാനിയായാല്‍ നിനക്ക് എന്ത് വേണമെങ്കിലും കിട്ടുമെന്ന് രാജേഷ് പറഞ്ഞു. കുറച്ച് പണം വാങ്ങി മിണ്ടാതിരിക്കൂ എന്നാണ് രാജേഷ് പറഞ്ഞത്.''-സോങ്കറിന്റെ പരാതി പറയുന്നു.
പഴക്കച്ചവടക്കാരനായ സോങ്കര്‍ ആഴ്ചയില്‍ ഏഴു ദിവസവും കച്ചവടം ചെയ്യും. പക്ഷേ, ഇന്‍ഫോര്‍മര്‍മാര്‍ വഴിയും നെറ്റ്‌വര്‍ക്ക് വഴിയും ക്രിസ്ത്യന്‍ പരിപാടികളുടെ വിവരങ്ങള്‍ അറിയും. സമയം കിട്ടുമ്പോഴെല്ലാം താന്‍ അവിടെ പോവുമെന്നാണ് സോങ്കര്‍ പറയുന്നത്.
മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ സോങ്കര്‍ ക്രിസ്ത്യന്‍ യോഗങ്ങളിലും പ്രാര്‍ഥനാ സഭകളിലും ഒളിഞ്ഞു നോക്കുമായിരുന്നു. അന്ന് പക്ഷേ, ഭരണകൂടം വലിയ തോതില്‍ പിന്തുണച്ചിരുന്നില്ല.'' അന്ന് അവര്‍ രക്ഷപ്പെടുമായിരുന്നു. ഇപ്പോള്‍ പോലിസ് നല്ല നടപടി സ്വീകരിക്കുന്നുണ്ട്. മതപരിവര്‍ത്തന സംഭവങ്ങള്‍ കുറഞ്ഞു. അവ ഒരു പരിധിവരെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.''-സോങ്കര്‍ പറയുന്നു. പുതിയ നിയമം സോങ്കറിന് ശക്തമായ പിൻബലമായി.
ഭൂരിപക്ഷ സമുദായത്തിന്റെ ജനസംഖ്യ കുറയ്ക്കുന്നതിനായി ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു ദുഷ്ട പദ്ധതി നടക്കുന്നുണ്ടെന്ന് സോങ്കര്‍ അവകാശപ്പെടുന്നു. ക്രിസ്ത്യന്‍ മിഷനറിമാരും പാസ്റ്റര്‍മാരും വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ച്, ദുഷ്ടാത്മാക്കളില്‍നിന്നും രോഗങ്ങളില്‍നിന്നും വിശുദ്ധ ജലം ഉപയോഗിച്ച് മോചനം നല്‍കാമെന്ന് പറഞ്ഞ്, പിന്നാക്ക, ദലിത് സമുദായങ്ങളിലെ ദരിദ്രരായ ഹിന്ദുക്കളെ മതപരിവര്‍ത്തന യോഗങ്ങളില്‍ എത്തിക്കുന്നതായും സോങ്കര്‍ വിശ്വസിക്കുന്നു. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഹിന്ദുത്വര്‍ നല്‍കിയ പരാതികളില്‍ എല്ലാം ഇത്തരം പ്രചരണങ്ങള്‍ കാണാം.
''മതപരിവര്‍ത്തനം ഒരു വലിയ ഭീഷണിയാണ്. ഹിന്ദുക്കളുടെ ജനസംഖ്യ ദിനംപ്രതി കുറയുകയും ക്രിസ്ത്യാനികളുടെ ജനസംഖ്യ അതിവേഗം വര്‍ധിക്കുകയും ചെയ്യുന്നു.''-ഹിന്ദുത്വര്‍ സാധാരണയായി പ്രചരിപ്പിക്കുന്ന കാര്യം സോങ്കറും ആവര്‍ത്തിക്കുന്നുണ്ട്.
മതപരിവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവന്നതിനാല്‍ സോങ്കറിനെ പോലുള്ളവര്‍ക്ക് ഇപ്പോള്‍ യോഗങ്ങളില്‍ പോയി പോലിസിനെ വിളിക്കുക മാത്രം ചെയ്താല്‍ മതിയാവും. ''ഞാന്‍ യോഗങ്ങളില്‍ ഒറ്റയ്ക്ക് പോയി പോലിസിനെയും അധികൃതരെയും വിവരം അറിയിക്കും. ഇനി അവിടെ സാഹചര്യം പ്രതികൂലമായാല്‍ എന്തു ചെയ്യും? എനിക്ക് എന്റെ ജീവനില്‍ പേടിയില്ല. എന്തായാലും എല്ലാവരും ഒരുദിവസം മരിക്കും. അല്ലേ''-സോങ്കര്‍ ചോദിക്കുന്നു.
ഇങ്ങനെയാണെങ്കിലും നിയമപരമായി വിജയിക്കാന്‍ സോങ്കറിന് സാധിച്ചിട്ടില്ല. 2021ലെ കേസില്‍ ശങ്കറിനെ വെറുതെവിട്ടു. മറ്റു രണ്ടു കേസുകളും വിചാരണയിലാണ്.
2021 കേസിലെ കോടതി നടപടികള്‍
മൂന്ന് വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം 2024 സെപ്റ്റംബറിലാണ് അസംഗഢ് കോടതി നിയമവിരുദ്ധ മതപരിവര്‍ത്തന കേസില്‍നിന്ന് ശങ്കറിനെ വെറുതെവിട്ടത്. കേസില്‍ സംശയാസ്പദമായ നിരവധി കാര്യങ്ങളുണ്ടെന്നും പോലിസിന്റെ അന്വേഷണം നിയമവിരുദ്ധതയും വൈരുധ്യങ്ങളും നിറഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളും പോലിസ് നടത്തിയ അന്വേഷണവും തെറ്റാണമെന്ന് കോടതി വിധിച്ചു.
യോഗത്തിന് എത്തിയ ഓരോരുത്തര്‍ക്കും ശങ്കര്‍ 500 രൂപ വാഗ്ദാനം നല്‍കിയെന്നാണ് പരാതിയില്‍ സോങ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍, വിചാരണയില്‍ തനിക്ക് 30,000 രൂപ വാഗ്ദാനം നല്‍കിയെന്ന് പറഞ്ഞു. ഈ വൈരുധ്യം കോടതി ചൂണ്ടിക്കാട്ടി. 30,000 രൂപ വാഗ്ദാനം നല്‍കിയെന്നതിന് സോങ്കറിന്റെ മൊഴി മാത്രമാണ് തെളിവെന്നും കോടതി പറഞ്ഞു.
സോങ്കറിന്റെ രണ്ടാം എഫ്‌ഐആറിലെ ആരോപണവിധേയരായ വിജയ് കുമാറിനും റൗസി സുഖിനും 2022 ജൂണില്‍ കോടതി ജാമ്യം അനുവദിച്ചു. സോങ്കറുടെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സംശയകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. തങ്ങള്‍ ആരെയും മതപരിവര്‍ത്തനം നടത്തിയില്ലെന്നും പ്രാര്‍ഥന നടത്തുക മാത്രമാണ് ചെയ്തതെന്നും അത് മൗലികാവകാശമാണെന്നും വിജയ് കുമാറും റൗസിയും വാദിച്ചു. സോങ്കര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇരുവരും നിഷേധിച്ചു.
ഹിന്ദു മതത്തെക്കുറിച്ച് ഇരുവരും പറഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് അസംഗഡിലെ എസ്‌സി/എസ്ടി പ്രത്യേക കോടതിയിലെ ജഡ്ജിയായ ശിവ്ചന്ദ് ചൂണ്ടിക്കാട്ടി. ''തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും മതം മാറ്റാന്‍ എത്ര പണം വാഗ്ദാനം ചെയ്തുവെന്നും സോങ്കര്‍ പരാമര്‍ശിച്ചിട്ടില്ല. ഓരോ വ്യക്തിക്കും സ്വന്തം മതം പ്രചരിപ്പിക്കാനുള്ള മൗലികാവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. സംശയത്തിന്റെയും സാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ഒരു കേസ് മാത്രമാണിത്.''-ജഡ്ജി പറഞ്ഞു.
സോങ്കറിന്റെ മൂന്നാം കേസില്‍ കുറ്റാരോപിതരായ രാജേഷ് കുമാറിനും ഇന്ദു ബാലയ്ക്കും 2024 ഒക്ടോബര്‍ 29ന് കോടതി ജാമ്യം നല്‍കി. സോങ്കര്‍ മുമ്പ് ഇത്തരം നിരവധി കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ളതായി ജാമ്യാപേക്ഷയില്‍ ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ കുഞ്ഞിന്റെ തല മൊട്ടയടിക്കുന്ന ഹിന്ദു മതപരിപാടിയെയാണ് പരാതിക്കാരന്‍ മതപരിവര്‍ത്തന പരിപാടിയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. കാന്ദ്രാപൂരിലെ തന്റെ വീട്ടില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് സോങ്കറിന്റെ വീട്. ഈ പരിപാടിയെ കുറിച്ച് സോങ്കര്‍ എങ്ങനെയാണ് അറിഞ്ഞത് ? ഇത് വലിയൊരു ഓപറേഷനാണെന്നും രാജേഷ് കുമാര്‍ പറഞ്ഞു.
പക്ഷേ, ഇത്തരം പരാജയങ്ങളൊന്നും സോങ്കറിനെ അലട്ടുന്നില്ല. ''ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ പണി തുടരും.....'' ജിട്ടു സോങ്കര്‍ പറയുന്നു.
കടപ്പാട്: ദി വയര്‍
RELATED STORIES
വിവാഹവീട്ടിലെ മോഷണം; പ്രതി കസ്റ്റഡിയിൽ
9 May 2025 11:37 AM GMTസംസ്ഥാനത്തെ പോലിസ് തലപ്പത്ത് അഴിച്ചുപണി; എം ആര് അജിത്കുമാര്‍ എക്സൈസ് ...
9 May 2025 10:32 AM GMTഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത്...
9 May 2025 10:09 AM GMTഎസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം
9 May 2025 10:06 AM GMTനിപയില്‍ ആശ്വാസം; ആറു പേരുടെ ഫലം നെഗറ്റിവ്
9 May 2025 9:55 AM GMTകേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന് നടരാജന് ചുമതലയേറ്റു
9 May 2025 9:48 AM GMT