Sub Lead

കര്‍ണാടകയില്‍ ചികില്‍സ നിഷേധിക്കപ്പെട്ടവര്‍ക്ക് കാരുണ്യ ഹസ്തവുമായി എസ് ഡിപിഐ

മംഗളൂരുവില്‍ നിന്നു മരുന്നുകള്‍ ശേഖരിച്ച് കേരളത്തിലെ രോഗികള്‍ക്കെത്തിക്കുന്നു

കര്‍ണാടകയില്‍ ചികില്‍സ നിഷേധിക്കപ്പെട്ടവര്‍ക്ക് കാരുണ്യ ഹസ്തവുമായി എസ് ഡിപിഐ
X

പി സി അബ്ദുല്ല

കാസര്‍കോട്: കൊവിഡ് 19ന്റെ പേരുപറഞ്ഞ് കര്‍ണാടക അതിര്‍ത്തി അടച്ചതു കാരണം തുടര്‍ ചികില്‍സ ലഭിക്കാത്ത രോഗികള്‍ക്ക് എസ്ഡിപിഐയുടെ സഹായ ഹസ്തം. മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ നിന്ന് എസ്ഡിപിഐ വോളന്റിയര്‍മാര്‍ അവശ്യ മരുന്നുകള്‍ ശേഖരിച്ചാണ് അതിര്‍ത്തിക്കിപ്പുറത്തെ രോഗികള്‍ക്കെത്തിക്കുന്നത്. കൊവിഡ് ഭീതിയുടെ മറവില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതുമുതല്‍ കേരളത്തിലെ നിരവധി രോഗികളാണ് തുടര്‍ ചികില്‍സയും മരുന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. മംഗളൂരുവില്‍ എത്തിക്കാനാവാത്തതു മൂലം ഇതിനകം കാസര്‍കോട് ജില്ലയിലെ 9 പേര്‍ ചികില്‍സ കിട്ടാതെ മരണപ്പെടുകയും ചെയ്തു. മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ നടത്തുന്നവരുടെ മരുന്നുകള്‍ ഭൂരിഭാഗവും കേരളത്തില്‍ ലഭ്യമല്ല. മംഗലാപുരത്തു നിന്നു മാത്രം ലഭിക്കുന്നതാണ് പല ജീവര്‍ രക്ഷാ മരുന്നുകളും. പലതും വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നത്. രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കാനോ മരുന്നുകള്‍ എത്തിക്കാനോ ഉള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചത്.


ഈ സാഹചര്യത്തിലാണ് ജീവന്‍രക്ഷാ മരുന്നുകളടക്കം അത്യാവശ്യക്കാര്‍ക്ക് മംഗളൂരുവില്‍ നിന്ന് എത്തിക്കാനുള്ള പ്രവര്‍ത്തനവുമായി എസ്ഡിപിഐ രംഗത്തെത്തിയത്. മംഗളൂരുവിലെ എസ്ഡിപിഐ സന്നദ്ധ പ്രവര്‍ത്തകരും പോപുലര്‍ ഫ്രണ്ട് മെഡിക്കല്‍ ടീമും ചേര്‍ന്നാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ വഴി അവശ്യ മരുന്നുകളുടെ പട്ടിക തയ്യാറാക്കി മരുന്നെത്തിക്കുന്നത്. മംഗളൂരുവിലേതടക്കം ദക്ഷിണ കന്നഡയിലെ വിവിധ ആശുപത്രികളില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ച് അതിര്‍ത്തിയിലെത്തിക്കും. കാസര്‍ക്കോട്ടെ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ വോളന്റിയര്‍മാര്‍ മരുന്നുകള്‍ ഏറ്റെടുത്ത് രോഗികള്‍ക്കെത്തിക്കും. കേരളത്തില്‍ നിന്നുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും വോളന്റിയര്‍മാരും തലപ്പാടി ചെക്ക്‌പോസ്റ്റില്‍ മരുന്നുകള്‍ ഏറ്റുവാങ്ങാന്‍ എസ്ഡിപിഐ സന്നദ്ധ സംഘത്തെ കാത്തിരിക്കും.



അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന മീഞ്ച, പൈവളിക, മഞ്ചേശ്വരം പഞ്ചായത്തില്‍ മാത്രം നൂറുക്കണക്കിന് രോഗികളാണ് കര്‍ണാടകയിലെ ആശുപത്രികളില്‍ ചികില്‍സ നടത്തുന്നത്. ഖാദര്‍ മംഗലാപുരത്തിന്റെ നേതൂത്വത്തിലുള്ള എസ്ഡിപിഐ വിങാണ് കര്‍ണാടകയിലെ വിവിധ ആശുപത്രികളില്‍ നിന്നു മരുന്ന് ശേഖരിച്ച് അതിര്‍ത്തിയിലെത്തിക്കുന്നത്. ഹമീദ് ഹൊസങ്കടി, എന്‍ നൗഫല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരുന്നുകള്‍ അതിര്‍ത്തിയില്‍ നിന്ന് ഏറ്റുവാങ്ങി രോഗികള്‍ക്ക് ത്തിക്കുന്നത്. ജാതി മത ഭേദമന്യേ ദിനംപ്രതി നിരവധി പേര്‍ സേവനം പ്രയോജനപ്പെടുത്തുന്നതായി പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ സെക്രട്ടറി ടി കെ ഹാരിസ് പറഞ്ഞു.






Next Story

RELATED STORIES

Share it