Big stories

'പിണറായിയുടെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം വരെ...'; സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സമസ്ത പത്രം

പിണറായിയുടെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം വരെ...; സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സമസ്ത പത്രം
X
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുത്തിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷവിമര്‍ഡശനവുമായി സമസ്ത മുഖപത്രം. ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക് എന്ന തലക്കെട്ടില്‍ സുപ്രഭാതത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തില്‍ തുടങ്ങി എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം വരെ നീളുന്ന എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് 18ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം എഴുതിയ വിധിയെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. 2019ല്‍ സമാന തിരിച്ചടിയുണ്ടായപ്പോള്‍ 'എന്റെ ശൈലി, എന്റെ ശൈലിയാണ്. അതിന് മാറ്റമുണ്ടാകില്ല'എന്ന് പറഞ്ഞ പിണറായി, തിരുത്താനുണ്ടെങ്കില്‍ തിരുത്തുമെന്ന് പറയുന്നത് പരാജയത്തിന്റെ മുറിവാഴത്തില്‍നിന്ന് മാത്രമല്ല, കേരളരാഷ്ട്രീയത്തിലെ ദിശമാറ്റത്തിന്റെ ആശങ്കയുടെ തിരിച്ചറിവില്‍നിന്നു കൂടിയാണെന്നും പറയുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെയോ തൊട്ടടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയോ ദിശാസൂചികയാണെന്ന് വിലയിരുത്താനാവില്ലെങ്കിലും ഒരുകാര്യം ഉറപ്പിച്ചു പറയാനാവും, ഭരണത്തിലുള്ള ഇടതുമുന്നണിയിലും നേതൃത്വം നല്‍കുന്ന സിപിഎമ്മിലും ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസത്തില്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നു. ജനമനസുകളില്‍നിന്ന് എന്തുകൊണ്ട് എല്‍ഡിഎഫ് പിഴുതെറിയപ്പെട്ടു എന്നത് വിശകലന വിധേയമാക്കേണ്ടതാണ്. 2019ന് സമാനമായി എല്‍ഡിഎഫിന് ഇക്കുറിയും ലഭിച്ചിരിക്കുന്നത് ഒരു സീറ്റ് മാത്രമാണ്. സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയാത്തതിലേറെ, വോട്ടുവിഹിതത്തിലുണ്ടായ കുറവാണ് സിപിഎമ്മിനെ ഏറെ ആശങ്കപ്പെടുത്തുന്നത്. പോരായ്മകള്‍ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടുപോവുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം.

തൊഴിലാളി പാര്‍ട്ടിയായ സിപിഎം എത്രമാത്രം സാധാരണ ജനങ്ങളില്‍നിന്ന് അകന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മറ്റൊരു പാഠം. തുടര്‍ച്ചയായി സര്‍ക്കാരും സിപിഎമ്മും എടുക്കുന്ന ജനവിരുദ്ധ നിലപാടുകളും നയങ്ങളും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ കുറെ നാളുകളായി ഇടയാക്കിയിരുന്നു. ജനഹിതം എതിരാണെന്ന് അറിഞ്ഞിട്ടും അതേ നയങ്ങള്‍ തുടരാനായിരുന്നു സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയത്. അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരുമറയുമില്ലാതെ സിപിഎം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍പോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികര്‍ത്താക്കളിട്ട മാര്‍ക്കാണ് ഈ ഒറ്റസംഖ്യ.

പരാജയത്തിന്റെ കാരണം തിരഞ്ഞാല്‍ ഏറെയുണ്ട്. ഒരു കാലത്ത് കേരള മാതൃകയായിരുന്നു പൊതുജനാരോഗ്യം, പൊതുവിതരണ മേഖല, വിദ്യാഭ്യാസംബഎല്ലാം കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരത്തിന്റെ ചുമതലയെങ്കിലും പോലിസ് രാജില്‍ സംസ്ഥാനത്തെ പൗരാവകാശം വരെ ചവിട്ടിയരക്കപ്പെട്ടു. ക്ഷേമപെന്‍ഷനു വേണ്ടി വയോജനങ്ങള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വന്നുവെന്ന പാപം ഇടതു സര്‍ക്കാരിന് കഴുകിക്കളയാനാവില്ല. മുറവിളികള്‍ ഏറെ ഉയര്‍ന്നിട്ടും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സര്‍ക്കാരിന്റെ ഉറക്കംകെടുത്തിയില്ലെന്നത് വിദ്യാര്‍ഥി വഞ്ചനയുടെ നേര്‍സാക്ഷ്യമായി. ഇതിനെല്ലാം പുറമെ തുടര്‍ഭരണം നല്‍കിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക സിപിഎം നേതാക്കളെ പോലും സാധാരണക്കാരില്‍നിന്ന് അകറ്റി.

മൂന്നാം വര്‍ഷത്തിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോവുന്നതെങ്കിലും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഭാരത്തിന് ഒരു അറുതിയുമുണ്ടായില്ല. 4000 കോടിയോളം രൂപയുടെ നികുതിയാണ് അധികമായി ചുമത്തിയത്. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടു രൂപ സെസ് തുടര്‍ന്നു. കെട്ടിട നിര്‍മാണമേഖലയിലെ നികുതിയും ഫീസുകളും ഗണ്യമായി വര്‍ധിപ്പിച്ചു. ജനക്ഷേമ പ്രവര്‍ത്തനത്തിലൂടെ തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പദ്ധതികളെല്ലാം ഉപേക്ഷിച്ചപ്പോള്‍ നിരാശയുടെ പടുകുഴിയിലാണ്ടവരുടെ പ്രതിഷേധത്തിന്റെ തോത് എത്രയെന്നറിയാന്‍ കഴിഞ്ഞില്ല. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനായില്ല. മാവേലി സ്‌റ്റോറുകളും സപ്ലൈകോ സ്‌റ്റോറുകളും കാലിയായി. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. കരുവന്നൂരടക്കമുള്ള സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുകളില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ പ്രതികളായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വിദേശയാത്രകള്‍ നടത്തിയതില്‍ വിമര്‍ശിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷവും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെയും സിപിഎം ഗൗരവമായി കണ്ടില്ല. ഇതിനെല്ലാം സാധാരണക്കാരുടെ ജനാധിപത്യപരമായ പ്രതിഷേധം തന്നെയാണ് ഈ വിധിയെഴുത്ത് എന്ന പാഠം ഇടതുമുന്നണി തിരിച്ചറിയേണ്ടിയിരിക്കുന്നു.

ചില ആപല്‍സൂചനകളും ഈ വിധിയെഴുത്തിലുണ്ടായി. സംഘപരിവാര്‍ ശക്തികളെ എക്കാലവും അകറ്റിനിര്‍ത്താനുള്ള ആര്‍ജവം മതേതര കേരളം പുലര്‍ത്തിപ്പോന്നിരുന്നു. ഇക്കുറി തൃശൂരില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ജയം ഇതിന്റെ തിരുത്താണെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയുടെ താരപരിവേഷത്തില്‍ സ്ത്രീ വോട്ടുകള്‍ ലഭിക്കാനിടയായതാണ് വിജയത്തിന് പിന്നിലെന്ന നിരീക്ഷണവുമുണ്ട്. ബിജെപിയുടെ രാഷ്ട്രീയ വിജയമായി തൃശൂരിലെ ജയത്തെ വിലയിരുത്താനാവില്ലെങ്കിലും 11 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടുവിഹിതത്തില്‍ മുമ്പിലെത്തിയതിനെ ഗൗരവം കുറച്ച് കാണാതിരിക്കാനുമാവില്ല. തൃശൂരിലെ ബിജെപി വിജയത്തില്‍ ആരോപണങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തുവന്നിട്ടുണ്ട്; നിജസ്ഥിതി പുറത്തുവരേണ്ടതു തന്നെയാണ്. യുഡിഎഫിന് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ് ഈ ജനവിധി. 18 എന്ന വലിയ സംഖ്യയാണ് യുഡിഎഫ് അക്കൗണ്ടില്‍. ദേശീയ രാഷ്ട്രീയത്തില്‍ ഇന്‍ഡ്യാ സഖ്യത്തിന് കരുത്തുപകരുന്നതാണ് ഈ എണ്ണമെന്നതാണ് ഏറെ ശ്രദ്ധേയവും. ഇത് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് നവോന്മേഷത്തിന് ഇടയാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്റെ വിജയവും എടുത്തുപറയേണ്ടതാണ്. ഓരോ ജനവിധിയും ഉയരങ്ങളിലേക്കുള്ള കോണിപ്പടിയാവുന്നത് ലീഗിന് മാത്രം അവകാശപ്പെടാനാവുന്ന സവിശേഷതയാവുകയാണ്. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തിന് പോറലേല്‍പ്പിക്കുന്ന ചില പ്രവണതകള്‍ ഉണ്ടായെങ്കിലും അതിനെല്ലാമുള്ള തിരുത്തും ഈ ജനവിധിയില്‍ ഉണ്ടായി എന്നതാണ് ഏറ്റവും പ്രതീക്ഷ നല്‍കുന്നത്. ജനങ്ങള്‍ക്കൊപ്പമല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നേതാവിനും നിലനില്‍പ്പില്ല എന്ന് അടിവരയിടുന്നു ഈ തിരഞ്ഞെടുപ്പ് പാഠമെന്നും സുപ്രഭാതം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് സമയത്ത് സമസ്ത മുഖപത്രം എല്‍ഡിഎഫിന്റെ പരസ്യം നല്‍കിയതുമായും ഒരുവിഭാഗം സിപിഎമ്മിന് അനുകൂലമായതും ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it