Big stories

തെരുവ് നായ്ക്കളെ ദയാവധം ചെയ്യണമെന്ന ഹരജി; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഈ മാസം 11 വയസുള്ള ഭിന്നശേഷിക്കാരനായ നിഹാദിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് കക്ഷി ചേര്‍ന്നത്. ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി വിഷയം ജൂലൈ 12 ന് വാദം കേള്‍ക്കാനും നിര്‍ദേശിച്ചു.

തെരുവ് നായ്ക്കളെ ദയാവധം ചെയ്യണമെന്ന ഹരജി;  സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്
X
ന്യൂഡല്‍ഹി: കേരളത്തിലെ അലഞ്ഞുതിരിയുന്ന 'അങ്ങേയറ്റം അപകടകാരികളെന്ന് സംശയിക്കുന്ന' തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചത്. ജൂലൈ ഏഴിനകം മറുപടി നല്‍കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഈ മാസം 11 വയസുള്ള ഭിന്നശേഷിക്കാരനായ നിഹാദിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് കക്ഷി ചേര്‍ന്നത്. ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി വിഷയം ജൂലൈ 12 ന് വാദം കേള്‍ക്കാനും നിര്‍ദേശിച്ചു. ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് കേസിലെ എതിര്‍കക്ഷികളോട് ജൂലൈ ഏഴിനകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 2019ല്‍ 5,794 തെരുവ് നായ്ക്കളുടെ ആക്രമണങ്ങളും 2020ല്‍ 3,951 കേസുകളും 2021ല്‍ 7,927 കേസുകളും 2022ല്‍ 11,776 കേസുകളും 2023, ജൂണ്‍ വരെ 6,276 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടു എന്നത് പ്രസക്തമാണ്. അപേക്ഷകന്റെ പരിധിയില്‍ ഏകദേശം 28,000 തെരുവ് നായ്ക്കള്‍ ഉണ്ടെന്നും നിയന്ത്രിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഭീഷണി തുടരുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ 11 വയസ്സുകാരനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച നിഹാലിനെ ഞായറാഴ്ച വൈകീട്ട് അഞ്ച് മുതല്‍ കാണാതാവുകയായിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇതിനു ശേഷവും സമീപപ്രദേശമായ പാച്ചാക്കരയില്‍ എട്ടു വയസ്സുകാരിയായ ജാന്‍വിയയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. ജാന്‍വിയ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. കേരളത്തിലും മുംബൈയിലും ഭീഷണിയായി മാറിയ തെരുവ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് വിവിധ പൗരസമിതികള്‍ പുറപ്പെടുവിച്ച ഉത്തരവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Next Story

RELATED STORIES

Share it