Big stories

ശരദ് പവാര്‍ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു

ശരദ് പവാര്‍ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു
X

മുംബൈ: മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)യുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തന്റെ ആത്മകഥയായ ലോക് മേസ് സംഗതിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന വേളയിലാണ് രാജി പ്രഖ്യാപനം. പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ബിജെപിയുമായി അടുക്കുകയാണെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് ശരദ് പവാറിന്റെ തീരുമാനം. എന്നാല്‍ അവസാന നിമിഷം വരെ എന്‍സിപിയില്‍ തുടരുമെന്ന് അജിത് പവാര്‍ ആവര്‍ത്തിച്ചു. അജിത് പവാര്‍ ശരദ് പവാറുമായി വേദി പങ്കിടുന്നതിനിടെയാണ് രാജി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

രണ്ട് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായും എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നില്ലെന്നും പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഞാന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പടിയിറങ്ങുകയാണെങ്കിലും, ഞാന്‍ പൊതുജീവിതത്തില്‍ നിന്ന് വിരമിക്കുന്നില്ലെന്നായിരുന്നു മറുപടി. അതേസമയം, പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള പവാറിന്റെ തീരുമാനം എന്‍സിപി നേതാക്കള്‍ എതിര്‍ത്തതോടെ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാജിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.

82കാരനായ പവാര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവാണ്. ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. 'എനിക്ക് രാജ്യസഭയില്‍ ഇനി മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തേയും രാജ്യത്തെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അധിക ഉത്തരവാദിത്തങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കില്ല. ഒരാള്‍ അത്യാഗ്രഹിയായിരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ ഒരു പാനല്‍ ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇറ്റാലിയന്‍ വംശജയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ശരദ്ചന്ദ്ര ഗോവിന്ദറാവു പവാര്‍ 1999ലാണ് എന്‍സിപി രൂപീകരിച്ചത്. തന്റെ 55 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍, പവാര്‍ നിരവധി പ്രതിസന്ധികളെ അതിജീവിക്കുകയും ഔദ്യോഗിക ജീവിതത്തില്‍ ഉന്നത പദവികള്‍ അലങ്കരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി, എംപി, എംഎല്‍എ, കേന്ദ്ര മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. 1978ല്‍ 38 വയസ്സുള്ളപ്പോഴാണ് ശരദ് പവാര്‍ മുഖ്യമന്ത്രിയായത്.

Next Story

RELATED STORIES

Share it