- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോപണങ്ങളില്‍ കാന്തപുരത്തെ 'മെരുക്കി';ശ്രീറാം വെങ്കിട്ടരാമന്‍ കലക്ടറായി ചുമതലയേറ്റു
നരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ശ്രീറാമിനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറായി ആലപ്പുഴയില്‍ നിയമിച്ചതിനെതിരായ കാന്തപുരം വിഭാഗം സുന്നി സംഘടനകളുടെ പ്രക്ഷോഭം പ്രഹസനമായി. സര്‍ക്കാരില്‍ ഏറെ സ്വാധീനമുള്ള കാന്തപുരം വിഭാഗത്തിന്റെ സമരങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാതെയാണ് സര്‍ക്കാര്‍ ഇന്ന് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടറുടെ കസേരയില്‍ അവരോധിച്ചത്

സ്വന്തം പ്രതിനിധി
തിരുവനന്തപുരം: സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫും പ്രമുഖ നേതാവിന്റെ മകനുമായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു. കാന്തപുരം വിഭാഗം സുന്നി സംഘടനകളുടെ കടുത്ത എതിര്‍പ്പും പ്രക്ഷോഭവും വകവയ്ക്കാതെയാണ് പിണറായി സര്‍ക്കാര്‍ ശ്രീറാമിനെ ജില്ലാ കലക്ടര്‍ കസേരയില്‍ അവരോധിച്ചത്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് എല്ലാ കലക്ടറേറ്റുകളും ഉപരോധിക്കും. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ ചെയര്‍മാനായ കേരള മുസ്‌ലിം ജമാഅത്ത് നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് പൊതുവിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വിരുദ്ധ സമരവുമായി സംഘടന രംഗത്തുവന്നത്. അത് പാടേ അവഗണിച്ചാണ് ശ്രീറാം ഇന്ന് ചുമതലയേറ്റത്.
കെ എം ബഷീറുമായി ബന്ധപ്പെട്ട കാന്തപുരം സുന്നി വിഭാഗത്തിന്റെ പ്രതിഷേധം അത്രമേല്‍ വൈകാരികമായിട്ടും പിണറായി സര്‍ക്കാര്‍ അവഗണിച്ചത് പലവിധ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. ചില ആരോപണങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാരും സിപിഎമ്മും കാന്തപുരത്തെ നിശബ്ദനാക്കിയെന്നാണ് പ്രചാരണങ്ങളിലൊന്ന്. കാന്തപുരത്തെ പരാമര്‍ശിച്ച് അടുത്തിടെ പുറത്തു വന്ന സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളാണ് അതിലൊന്ന്. സര്‍ക്കാരിനെതിരേ ശക്തമായ നിലപെടുടുക്കാന്‍ കഴിയാത്ത വിധം കാന്തപുരം പ്രതിരോധത്തിലാണെന്ന് ചില കേന്ദ്രങ്ങല്‍ ആരോപിക്കുന്നു. മര്‍കസ് നോളജ് സിറ്റിക്കെതിരെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ നിയമ ലംഘന ആരോപണങ്ങളും ശ്രീറാം വിഷയത്തില്‍ കാന്തപുരത്തെ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിതനാക്കിയെന്നും സംസാരമുണ്ട്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ഉയര്‍ന്ന സ്വാധീനമുള്ള സംഘടനക്കേറ്റ കനത്ത പ്രഹരമായാണ് ശ്രീറാമിനെ കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി വിലയിരുത്തപ്പെടുന്നത്. സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം സുന്നി അണികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തുണ്ട്.
അതേസമയം, എതിര്‍പ്പുകള്‍ അവഗണിച്ച് ശ്രീറാമിനെ കലക്ടറാക്കിയത് കാന്തപുരം വിഭാഗവും ഇടതു പക്ഷമുന്നണിയുമായി കാലങ്ങളായുള്ള ബന്ധത്തില്‍ ആഴത്തിലുള്ള വിള്ളല്‍ വീഴ്ത്തിയേക്കും.കെ എം ബഷീര്‍ ദാരുണമായി കൊല്ലപ്പെട്ട നരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറുടെ തസ്തികയില്‍ ഒന്നാംപ്രതി നിയമിതനായത്.
2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ 1.30നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ ശ്രീറാം ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫയുമുണ്ടായിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.
മാധ്യമ ലോകവും പൊതുസമൂഹവും ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയ കേസില്‍ തുടക്കം മുതല്‍ അട്ടിമറികളാണ് അരങ്ങേറിയത്.അപകട ശേഷം ഡ്രൈവിങ് സീറ്റില്‍ നിന്ന്ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി ബഷീറിന്റെ മൃതദേഹം റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയില്‍ അഭയം തേടാന്‍ പോലിസ് സൗകര്യമൊരുക്കി. രക്തപരിശോധന വൈകിപ്പിക്കാനും രക്തത്തില്‍ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കാനും സംഘടിത നീക്കം നടന്നു. പോലിസുമായി ഒത്തുകളിച്ച് രക്തസാംപിള്‍ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെട്ട ശ്രീറാമിന്റെ തന്ത്രം വിജയിച്ചു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാംപിള്‍ എടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.
അമിതവേഗമാണ് അപകട കാരണമെന്നും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലും ഉള്‍പ്പടെയുള്ള കുറ്റങ്ങളും ചുമത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.എന്നാല്‍ വിവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് ശ്രീരാം വെങ്കിട്ടരാമന്‍ സ്വീകരിച്ചത്. പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോവുകയായിരുന്നു. രണ്ടാം പ്രതിയായ വഫ വിടുതല്‍ ഹരജി നല്‍കിയതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമായിരുന്നു.
ആറുമാസത്തെ സസ്‌പെന്‍ഷനു ശേഷം ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശ്രീറാമിനെതിരെ തെളിവില്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്കു കൂടി നീട്ടി. സിറാജ് മാനേജ്‌മെന്റും, കേരള പത്രപ്രവര്‍ത്തക യൂനിയനും, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാരും മുഖ്യമന്ത്രിയെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് തള്ളി ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
ഏഴര മാസത്തെ സസ്‌പെന്‍ഷനു ശേഷം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനച്ചുമതല നല്‍കി സര്‍ക്കാര്‍ ശ്രീറാമിനെ തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത്. പിണറായി സര്‍ക്കാരില്‍ കാന്തപുരത്തിന് നിര്‍ണായക സ്വാധീനം നിലനില്‍ക്കെയാണ് നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന വിധം നരഹത്യാ കേസിലെ പ്രധാന പ്രതിയായ ആള്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയില്‍ നിയമിതനാവുന്നത്. ഇതോടെ, ബഷീര്‍ കേസിലെ നിര്‍ഭയവും സുതാര്യവുമായ വിചാരണ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വര്‍ധിച്ചു.
RELATED STORIES
വിദ്യാര്ഥികളുടെ യാത്ര നിരക്ക് വര്ധിപ്പിക്കുക; സമരം നടത്താനൊരുങ്ങി...
27 March 2025 10:38 AM GMTഇന്ത്യ സന്ദര്ശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്
27 March 2025 9:50 AM GMTശിശുമരണനിരക്ക് കുറയ്ക്കുന്നതില് മുന്നില് നില്ക്കുന്ന അഞ്ച് 'മാതൃകാ...
27 March 2025 9:35 AM GMTജസ്റ്റിസ് യശ്വന്ത് വര്മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
27 March 2025 9:11 AM GMTഒരു ഭാഷയേയും എതിര്ക്കുന്നില്ല, മറിച്ച് എതിര്ക്കുന്നത്...
27 March 2025 9:01 AM GMTഇത് പുനരധിവാസത്തിന്റെ കേരളാമോഡല്; കെ രാജന്
27 March 2025 7:46 AM GMT