Big stories

പൗരത്വനിയമഭേദഗതിക്കെതിരായ ഹരജികള്‍ തിങ്കളാഴ്ച സുപ്രിംകോടതിയില്‍

പൗരത്വനിയമഭേദഗതിക്കെതിരായ ഹരജികള്‍ തിങ്കളാഴ്ച സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹര്‍ജികള്‍ കോടതിയില്‍ എത്തുന്നത്.

പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത് 2019 ഡിസംബര്‍ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗക്കാര്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഭേദഗതി. നിയമത്തെ എതിര്‍ത്ത് 140 ഹര്‍ജികളാണ് സുപ്രീകോടതിയില്‍ എത്തിയത്. കേരള നിയമസഭ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും നിയമത്തെ എതിര്‍ത്ത് ഹര്‍ജി നല്‍കി.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജികളില്‍ പറയുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹര്‍ജികള്‍ വന്നത്. പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എന്‍വി രമണയും ഹര്‍ജികളില്‍ വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഉയര്‍ന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ കാലാവധി നവംബറില്‍ തീരുകയാണ്. ഈ സാഹചര്യത്തില്‍ ഹര്‍ജികളില്‍ അവസാന തീരുമാനം ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചില്‍ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

Next Story

RELATED STORIES

Share it