Big stories

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും

അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിച്ചത്

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും
X

ന്യൂഡല്‍ഹി:യുപി പോലിസ് അന്യായമായി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും.ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഹരജി വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ധീഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോള്‍, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് തള്ളിയിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസം, കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.2020 ഒക്ടോബര്‍ അഞ്ചിനാണ് ഇയാള്‍ ഓടിച്ച വാഹനം യുപിയിലെ മഥുര പോലിസ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ് കാപ്പനും മറ്റ് രണ്ടു പേരുമാണ് ഈ കാറില്‍ ഉണ്ടായിരുന്നത്. കാപ്പനെതിരായ കേസില്‍ ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്.

ഹാഥ്‌റസ് ബലാല്‍സംഗക്കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് യുപി പോലിസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പിന്നീട് കാപ്പനെതിരെ യുഎപിഎ ചുമത്തി.കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യുപി പോലിസ് കാപ്പനെതിരെ ചുമത്തുകയായിരുന്നു.ഹാഥ്‌റസില്‍ സിദ്ദിഖ് കാപ്പന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. പ്രഥമ ദൃഷ്ട്യാ കാപ്പന്‍ ചെയ്‌തെന്നു പറയപ്പെടുന്ന കുറ്റം നിലനില്‍ക്കുമെന്നും ഉത്തരവിലുണ്ട്.വിചാരണ കോടതിയും, അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്.

Next Story

RELATED STORIES

Share it