Big stories

ഗുജറാത്ത് കലാപഗൂഢാലോചനക്കേസില്‍ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം

ഗുജറാത്ത് കലാപഗൂഢാലോചനക്കേസില്‍ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം
X

അഹ്മദാബാദ്: ഗുജറാത്ത് കലാപഗൂഢാലോചനക്കേസില്‍ ടീസ്ത സെതല്‍വാദിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഹരജി നല്‍കുന്നതിനുവേണ്ടി രേഖകള്‍ തിരുത്തിയെന്നാരോപിച്ച് ജൂണ്‍ 26നാണ് ടീസ്തയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി കേസുകള്‍ തീര്‍പ്പാക്കുന്നതുവരെ പാസ്‌പോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ജാമ്യക്കാരില്ലാത്ത സാഹചര്യത്തില്‍ പണം സ്വീകരിച്ച് ജാമ്യം നല്‍കാന്‍ കോടതി അനുവദിച്ചു. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതകം പോലുള്ള കുറ്റമോ മറ്റോ അല്ല അവര്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരാണ് കേസ് പരിഗണിച്ചത്.

കസ്റ്റഡിയിലെടുത്തത് ഒരു സ്ത്രീയെയാണെന്നും രണ്ട് മാസത്തിനിടയില്‍ ഏഴ് ദിവസം പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ 2002ലെതാണെന്നതിന് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

'ഞങ്ങളുടെ വീക്ഷണത്തില്‍, അപേക്ഷകന് ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ട്. സോളിസിറ്റര്‍ ജനറല്‍ വാദിച്ചതുപോലെ, വിഷയം ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍, ജാമ്യത്തില്‍ വിടണോ വേണ്ടയോ എന്ന് ഞങ്ങള്‍ പരിഗണിക്കുന്നില്ല. ആ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയം പരിഗണിക്കുമ്പോള്‍ കസ്റ്റഡി നിര്‍ബന്ധമാണോ എന്നാണ് ഞങ്ങള്‍ പരിഗണിക്കുന്നത്- സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു.

ടീസ്ത സെതല്‍വാദ് കേസില്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജയിലിലായി ആറ് ആഴ്ച കഴിഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും സുപ്രിംകോടതി ചോദിച്ചു. ജയിലിലായിട്ട് രണ്ട് മാസത്തോളമായി ഇതുവരെ കുറ്റപത്രം പോലും ഫയല്‍ ചെയ്തില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ആഗസ്ത് മൂന്നിന് നോട്ടിസ് നല്‍കിയെങ്കിലും നീണ്ട അവധി ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടെന്നും ബെഞ്ച് വ്യക്തമാക്കി. എങ്ങനെയാണ് ഒരു സ്ത്രീയായ ടീസ്ത സെതല്‍വാദിന് കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം നോട്ടിസ് നല്‍കുക. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രവര്‍ത്തന രീതിയെന്നും സുപ്രിംകോടതി ചോദിച്ചു.

Next Story

RELATED STORIES

Share it