Big stories

'നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു'; ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രത്തിന് സുപ്രിംകോടതിയുടെ അന്ത്യശാസനം

ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ വൈകിയതിന്റെ പേരിലും സുപ്രിംകോടതി റദ്ദാക്കിയ 2021ലെ ട്രൈബ്യൂണല്‍ പരിഷ്‌കരണ നിയമം പാര്‍ലമെന്റ് പാസാക്കിയതിലുമാണ് കോടതി കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്. ആവശ്യമായ നിയമനങ്ങള്‍ നടത്താന്‍ ഒരാഴ്ച സമയം അനുവദിച്ച് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി.

നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു; ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രത്തിന് സുപ്രിംകോടതിയുടെ അന്ത്യശാസനം
X

ന്യൂഡല്‍ഹി: ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. 'കേന്ദ്ര സര്‍ക്കാരിന് ഈ കോടതിയോട് ബഹുമാനമില്ലെന്ന് ഞങ്ങള്‍ കരുതുന്നു', 'നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു'- ചീഫ് ജസ്റ്റിസ് എന്‍ വി രമണ മുന്നറിയിപ്പ് നല്‍കി. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ വൈകിയതിന്റെ പേരിലും സുപ്രിംകോടതി റദ്ദാക്കിയ 2021ലെ ട്രൈബ്യൂണല്‍ പരിഷ്‌കരണ നിയമം പാര്‍ലമെന്റ് പാസാക്കിയതിലുമാണ് കോടതി കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്. ട്രൈബ്യൂണലിലെ ഒഴിവുകള്‍ നികത്തുന്ന കാര്യത്തില്‍ കേന്ദ്രത്തിന് സുപ്രിംകോടതി അന്ത്യശാസനവും നല്‍കി.

ആവശ്യമായ നിയമനങ്ങള്‍ നടത്താന്‍ ഒരാഴ്ച സമയം അനുവദിച്ച് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ഹരജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ഒരു പ്രത്യേക ബെഞ്ച് ട്രൈബ്യൂണലുകളുടെ അവസ്ഥ സംബന്ധിച്ച് കോടതിയുടെ അതൃപ്തി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ അറിയിച്ചു. 'ഈ കോടതിയുടെ വിധികളോട് നിങ്ങള്‍ക്ക് യാതൊരു ബഹുമാനവുമില്ല.

നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു! എത്ര പേരെ നിയമിച്ചു? ചില ആളുകളെ നിയമിച്ചെന്ന് നിങ്ങള്‍ പറഞ്ഞല്ലോ? എവിടെയാണ് നിയമനങ്ങള്‍ നടത്തിയത്?' വാദത്തിന്റെ തുടക്കത്തില്‍തന്നെ ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 'സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടല്‍ നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' സുപ്രിംകോടതി ജഡ്ജിമാര്‍ക്കുള്ള വേഗത്തിലുള്ള അംഗീകാരങ്ങളും നിയമനങ്ങളും 'സര്‍ക്കാരിനെ ഓര്‍മിപ്പിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തുകൊണ്ടാണ് ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തത്?- ചീഫ് ജസ്റ്റിസ് ചോദിച്ചു. മദ്രാസ് ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് ഈ കോടതി റദ്ദാക്കിയ വ്യവസ്ഥകളുടെ തനിപ്പകര്‍പ്പാണ് ട്രൈബ്യൂണല്‍ നിയമം- ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

അംഗങ്ങളെ നിയമിക്കാതെ നിങ്ങള്‍ ഈ ട്രൈബ്യൂണലുകളെ നശിപ്പിക്കുകയാണ്. പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്- ജസ്റ്റിസ് നാഗേശ്വര റാവു പറഞ്ഞു. ഈ സാഹചര്യത്തില്‍ കോടതി അങ്ങേയറ്റം അസ്വസ്ഥനാണെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു. ഞങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളേയുള്ളൂ. ഒന്ന്, ഞങ്ങള്‍ നിയമനിര്‍മാണം തുടരും. രണ്ട്, ഞങ്ങള്‍ ട്രൈബ്യൂണലുകള്‍ അടച്ചുപൂട്ടുകയും ഹൈക്കോടതിക്ക് അധികാരങ്ങള്‍ നല്‍കുകയും ചെയ്യും. മൂന്ന്, ഞങ്ങള്‍ തന്നെ നിയമനം നടത്തും- സിജെഐ കൂട്ടിച്ചേര്‍ത്തു.

അംഗങ്ങളുടെ അഭാവം മൂലം ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) യും നാഷനല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലി (എന്‍സിഎല്‍എടി) ന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് നിരീക്ഷിച്ചു. ഇത് രണ്ടും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിര്‍ണായകമാണ്. ഒഴിവുകള്‍ നികത്താത്തത് കാരണം ഇവയ്ക്ക് സമയനിഷ്ഠ പാലിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it