Big stories

ഇസ്രായേലിന്റെ ലെബനന്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി; 1645 പേര്‍ക്ക് പരിക്ക്

മുതിര്‍ന്ന നേതാവ് അലി കരാകി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹിസ്ബുല്ല.

ഇസ്രായേലിന്റെ ലെബനന്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി; 1645 പേര്‍ക്ക് പരിക്ക്
X

ബെയ്റൂത്ത്: ലെബനനില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളുമുണ്ടെന്ന് ലെബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഫോടന പരമ്പരയില്‍ ഇതുവരെ 1645 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ ആക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹമാസ് കമാന്‍ഡര്‍ ഹുസ്സെയ്ന്‍ മഹമൂദ് അല്‍ നദേര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. അതേസമയം മുതിര്‍ന്ന നേതാവ് അലി കരാകി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹിസ്ബുല്ല രംഗത്തെത്തി. അലി കരാകി ജീവിച്ചിരിപ്പുണ്ടെന്നും ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിരിക്കുകയാണെന്നും ഹിസ്ബുല്ല അറിയിച്ചു.

സയണിസ്റ്റ് ശത്രുക്കള്‍ ആരോപിക്കുന്നത് പോലെ അലി കരാകി കൊല്ലപ്പെട്ടിട്ടില്ല. അദ്ദേഹം പൂര്‍ണാരോഗ്യത്തോടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിട്ടുണ്ട്,' ഹിസ്ബുല്ല ടെലഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തെക്കന്‍ ബെയ്റൂത്തിലെ ദഹിയയില്‍ നടന്ന ആക്രമണത്തില്‍ കരാകിയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ഹിസ്ബുല്ല രംഗത്തെത്തിയത്.

ഇസ്രായേല്‍ ലെബനന്‍ സ്ഫോടനത്തില്‍ ആശങ്കയറിയിച്ച് യൂണിസെഫ് രംഗത്തെത്തി. എണ്ണമില്ലാത്ത അത്രയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ അപകടാവസ്ഥയിലാണെന്നും നിരവധിപ്പേര്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നുവെന്നും യൂണിസെഫ് മേധാവി കാതറിന്‍ റുസ്സെല്‍ പറഞ്ഞു. നാടുകടത്തലും ഷെല്ലാക്രമണവും വ്യോമാക്രമണവും കാരണം കുട്ടികള്‍ ഭയാനകമായ രീതിയുള്ള മാനസിക സമ്മര്‍ദങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിപ്പിക്കണമെന്നും കാതറിന്‍ അഭ്യര്‍ത്ഥിച്ചു. ലെബനനിലെ ആക്രമണത്തില്‍ യുഎഇയും ആശങ്കയറിയിച്ച് രംഗത്തെത്തി.




Next Story

RELATED STORIES

Share it