Big stories

വിയറ്റ്‌നാമില്‍ നിന്ന് അമേരിക്ക തോറ്റോടിയിട്ട് 50 വര്‍ഷം; ഏജന്റ് ഓറഞ്ചിനെതിരായ പോരാട്ടം തുടര്‍ന്ന് വിയറ്റ്‌നാം (PHOTOS)

വിയറ്റ്‌നാമില്‍ നിന്ന് അമേരിക്ക തോറ്റോടിയിട്ട് 50 വര്‍ഷം; ഏജന്റ് ഓറഞ്ചിനെതിരായ പോരാട്ടം തുടര്‍ന്ന് വിയറ്റ്‌നാം (PHOTOS)
X

ഹനോയ്: വിയറ്റ്‌നാമില്‍ നിന്നും അമേരിക്കന്‍ സൈന്യം തോറ്റോടിയിട്ട് 50 വര്‍ഷം. 1975 ഏപ്രില്‍ 30ന് കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ സെയ്‌ഗോണ്‍ പിടിച്ചെടുത്തതോടെയാണ് വിയറ്റ്‌നാം യുദ്ധം അവസാനിച്ചത്. പക്ഷേ, അമേരിക്കന്‍ സൈന്യം വിയറ്റ്‌നാമില്‍ ഉടനീളം വിതറിയ രാസവസ്തുക്കളുടെ ദൂഷ്യഫലം ഇന്നും വിയറ്റ്‌നാം ജനത അനുഭവിക്കുകയാണ്.







യുഎസ് സൈന്യം ഉപയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന രാസവസ്തുവിന്റെ ലക്ഷക്കണക്കിന് ഇരകളില്‍ ഒരാളാണ് 34കാരനായ ഗുയന്‍ താന്‍ഹ് ഹായ്. ഗുരുതരമായ ശാരീരിക വെല്ലുവിളികളോടെ ജനിച്ച അദ്ദേഹത്തിന്, മറ്റുള്ളവര്‍ നിസ്സാരമായി ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കല്‍ ഒരു പോരാട്ടമാണ്. ഡാ നാങിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടുക, അക്ഷരമാല പരിശീലിക്കുക, ആകൃതികള്‍ വരയ്ക്കുക, ലളിതമായ വാക്യങ്ങള്‍ എഴുതുക എന്നിവയാണ് ഗുയന്‍ ചെയ്യുന്നത്.






























യുഎസ് വ്യോമതാവളമുണ്ടായിരുന്ന ഡാ നാങിലാണ് ഗുയന്‍ താന്‍ഹ് ഹായ് ജനിച്ചത്. യാങ്കികള്‍ സ്ഥലം വിട്ടിട്ടും അവര്‍ സൂക്ഷിച്ചിരുന്ന വലിയ അളവ് ഏജന്റ് ഓറഞ്ച് സൈനികതാവളത്തില്‍ തന്നെ തുടര്‍ന്നു. ഇത് ഡാ നാങിലെ കൃഷിയേയും ജലത്തെയും മനുഷ്യരെയും മറ്റുജീവികളെയും ബാധിച്ചു.

കാടുകളില്‍ പതിയിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ കണ്ടെത്താന്‍ മരങ്ങളുടെ ഇല പൊഴിപ്പിക്കാനായി 72 ദശലക്ഷം ലിറ്റര്‍ കളനാശിനിയാണ് യുഎസ് സൈന്യം വിമാനങ്ങള്‍ വഴി സ്േ്രപ ചെയ്തത്. ഇതില്‍ പകുതിയിലധികവും കളനാശിനികളുടെ മിശ്രിതമായ ഏജന്റ് ഓറഞ്ച് ആയിരുന്നു.

കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും പരിസ്ഥിതി നാശത്തിനും കാരണമാവുന്ന രാസവസ്തുവായ ഡയോക്‌സിന്‍ ഏജന്റ് ഓറഞ്ചിലുണ്ടായിരുന്നു. ഇന്ന് കുട്ടികള്‍ ഉള്‍പ്പെടെ 30ലക്ഷം വിയറ്റ്‌നാമുകാരാണ് അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത്.

വിയറ്റ്‌നാമിലെ പരാജയം എന്ന ചരിത്രത്തിലെ നാണക്കേട് മറയ്ക്കാന്‍ യുഎസ് പിന്തിരിഞ്ഞുനടന്നു. പക്ഷെ, വിയറ്റ്‌നാമിലെ 63 പ്രവിശ്യകളില്‍ 58ഉം ഡയോക്‌സിന്‍ ഹോട്ട്‌സ്‌പോട്ടുകളായി തുടര്‍ന്നു. ഈ മാരക വിഷം ഒഴിവാക്കാന്‍ വിയറ്റ്‌നാം പതിറ്റാണ്ടുകള്‍ ചെലവഴിച്ചു. ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ പിന്നീട് യുഎസും വിയറ്റ്‌നാമിന് സഹായം നല്‍കി. പക്ഷേ, വിഷമുക്തി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

ഏജന്റ് ഓറഞ്ച് കഴിഞ്ഞ തലമുറയെ നേരില്‍ ബാധിച്ചെന്നും ഇപ്പോഴത്തെ തലമുറയെ കാന്‍സര്‍, ജനിതക വൈകല്യങ്ങള്‍, നട്ടെല്ല് രോഗങ്ങള്‍ തുടങ്ങിയ വേട്ടയാടുകയാണെന്നും വിയറ്റ്‌നാം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഏജന്റ് ഓറഞ്ച് നശിപ്പിക്കല്‍ വലിയ ചെലവുള്ളതും അപകടകരവുമായ കാര്യമാണ്. മലിനമായ മണ്ണ് കുഴിച്ചെടുത്ത് വലിയ ഓവനുകളില്‍ വളരെ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കേണ്ടതുണ്ട്. ഡാ നാങ്ങില്‍ 10 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള പ്രദേശം ഇപ്പോഴും വളരെയധികം മലിനമായി തുടരുന്നു. ബീന്‍ ഹോവ എയര്‍ബേസില്‍ ഏകദേശം 500,000 ക്യുബിക് മീറ്റര്‍ (650,000 ക്യുബിക് യാര്‍ഡ്) ഡയോക്‌സിന്‍ കലര്‍ന്ന മണ്ണുണ്ട്. ഇത് വൃത്തിയാക്കാന്‍ പത്തുവര്‍ഷം എടുക്കും. എന്നാല്‍, ഇപ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ പദ്ധതിക്കുള്ള സഹായവും വെട്ടിക്കുറച്ചു.

വിയറ്റ്‌നാമുകാര്‍ രണ്ടുതവണ യുഎസ് ഭരണകൂടത്തിന്റെ അതിക്രമത്തിന് ഇരയായെന്ന് വിയറ്റ്‌നാം യുദ്ധ വിദഗ്ദ്ധനായ ചക്ക് സിയര്‍സി പറയുന്നു. ''ഒരിക്കല്‍ അധിനിവേശം അവരെ ആക്രമിച്ചു. ഇപ്പോള്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനുള്ള സഹായം നിര്‍ത്തി.''-ചക്ക് സിയര്‍സി പറഞ്ഞു.


Next Story

RELATED STORIES

Share it