Big stories

ഇഡിക്ക് മുമ്പിൽ തോമസ് ഐസക്ക് ഹാജരാകില്ല; നിയമപരമായി മറുപടി നൽകും

തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയരക്ടറായിരുന്ന കിഫ്ബിയുടെ അകൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇഡി അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തോട് ഇപ്പോൾ ഓറൽ സബ്മിഷൻ ഉൾപ്പെടെയുള്ളവ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇഡിക്ക് മുമ്പിൽ തോമസ് ഐസക്ക് ഹാജരാകില്ല; നിയമപരമായി മറുപടി നൽകും
X

തിരുവനന്തപുരം: മുൻധനമന്ത്രിയും സിപിഎം നേതാവുമായ ടി എം തോമസ് ഐസക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പിൽ ഹാജരാകില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇഡി നോട്ടിസിന് നിയമപരമായി മറുപടി നൽകാനുമാണ് തീരുമാനം.

ആ​ഗസ്ത് 11-നാണ് ഇഡിക്ക് മുൻപിൽ ഹാജരാകാൻ തോമസ് ഐസക്കിന് സമൻസ് ലഭിച്ചിരിക്കുന്നത്. ഈ സമൻസിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച അദ്ദേഹം നിയമവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്കു ശേഷമാണ്, ഇഡിക്കു മുമ്പിൽ ഹാജരാകേണ്ടതില്ല പകരം നിയമപരമായി നേരിട്ടാൽ മതിയെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയരക്ടറായിരുന്ന കിഫ്ബിയുടെ അകൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇഡി അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തോട് ഇപ്പോൾ ഓറൽ സബ്മിഷൻ ഉൾപ്പെടെയുള്ളവ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പത്തുകൊല്ലക്കാലത്തെ വ്യക്തിഗത അകൗണ്ടുകളുടെ വിവരങ്ങളും അദ്ദേഹം ഡയരക്ടറായിരുന്ന കമ്പനികളുടെ വിവരങ്ങളും കൊണ്ട് ചെല്ലണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇഡിയുടെ നോട്ടിസിനെ നേരിടാനാണ് തോമസ് ഐസക്കിന്റെ തീരുമാനം.

ഇഡിയുടെ നോട്ടിസ് പ്രകാരം താൻ ഹാജരായാൽ, മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ഇഡി വിളിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്. ഫെമ നിയമലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇഡി തോമസ് ഐസക്കിന് നോട്ടിസ് അയച്ചിരിക്കുന്നത്. എന്നാൽ കിഫ്ബി മസാല ബോണ്ട് വിൽക്കുന്ന സമയത്ത് അതിന് അനുമതിയുണ്ടായിരുന്നു. വിഷയത്തിൽ ആർബിഐ ഇതുവരെ കിഫ്ബിക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഫെമ നിയമലംഘന ആരോപണം നിലനിൽക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Next Story

RELATED STORIES

Share it