Big stories

പവര്‍കട്ട്: വെന്റിലേറ്ററിലായിരുന്ന രോഗികള്‍ മരിച്ചു

വെന്റിലേറ്ററിലായിരുന്ന മല്ലിക(55), പളനിയമ്മാള്‍(60), രവീന്ദ്രന്‍(52) എന്നിവരാണ് പവര്‍കട്ടിനെ തുടര്‍ന്നു മരിച്ചത്

പവര്‍കട്ട്: വെന്റിലേറ്ററിലായിരുന്ന രോഗികള്‍ മരിച്ചു
X

മധുര: പവര്‍കട്ട് മൂലം വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നു രോഗികള്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയായ മധുര രാജാജി ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് ദാരുണ സംഭവം. വെന്റിലേറ്ററിലായിരുന്ന മല്ലിക(55), പളനിയമ്മാള്‍(60), രവീന്ദ്രന്‍(52) എന്നിവരാണ് പവര്‍കട്ടിനെ തുടര്‍ന്നു മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്നു രണ്ടു രോഗികള്‍ മരണത്തോടു മല്ലടിക്കുകയാണെന്നും രോഗികളുടെ ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം വെന്റിലേറ്ററിലുണ്ടായിരുന്ന അഞ്ചു രോഗികള്‍ മരിച്ചതായി പോലിസ് അറിയിച്ചു. ധമനി വീക്കത്തെ തുടര്‍ന്നു ശസ്ത്രക്രിയ കഴിഞ്ഞ മല്ലികയെ തുടര്‍ ചികില്‍സക്കായാണ് രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയുമായി ബന്ധപ്പെട്ട രോഗത്തെ തുടര്‍ന്നാണു പളനിസ്വാമിയെയും രവീന്ദ്രനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചുഴലിക്കാറ്റ് സാധ്യതയെ തുടര്‍ന്നാണു മേഖലയിലെ വൈദ്യുത ബന്ധം അധികൃതര്‍ വിച്ഛേദിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലടക്കം കഴിയുന്നവരുടെ അവസ്ഥ പരിഗണിക്കാതെയും ബദല്‍ മാര്‍ഗം സ്വീകരിക്കാതെയുമായിരുന്നു വൈദ്യുത ബന്ധം വിച്ഛേദിച്ചത്. ഇതാണ് രോഗികളുടെ മരണത്തിലേക്കു നയിച്ചത്.

സംഭവത്തില്‍ വിശദാന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്കു പുറത്തു പ്രതിഷേധം നടത്തി. എന്നാല്‍ പവര്‍കട്ടു മൂലമാണ് രോഗികള്‍ മരിച്ചതെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു. 6.20 മുതല്‍ 7.20 വരെയാണ് പവര്‍കട്ട് ഉണ്ടായത്. എന്നാല്‍ ഉടന്‍ ബദല്‍ മാര്‍ഗം ഒരുക്കിയിരുന്നു. രോഗികളുടെ അവസ്ഥ വളരെ മോശമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. ഇതാണ് മരണ കാരണമായത്- ആശുപത്രി ഡീന്‍ വനിതാ മണി പറഞ്ഞു.

Next Story

RELATED STORIES

Share it