Big stories

മുട്ടില്‍ മരംകൊള്ള: സിപിഐ ബന്ധം മറനീക്കി പുറത്ത്; മുന്‍ വനം മന്ത്രിയുടെ ഓഫിസിലെ ഉന്നതര്‍ മുഖ്യപ്രതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു

മുട്ടില്‍ മരംകൊള്ള: സിപിഐ ബന്ധം മറനീക്കി പുറത്ത്; മുന്‍ വനം മന്ത്രിയുടെ ഓഫിസിലെ ഉന്നതര്‍ മുഖ്യപ്രതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു
X
കല്‍പ്പറ്റ: വിവാദമായ മുട്ടില്‍ മരംകൊള്ളയില്‍ സിപിഐ ബന്ധം കൂടുതല്‍ മറനീക്കി പുറത്തുവരുന്നു. വനം മന്ത്രിയുടെ ഓഫിസിലെ ഉന്നതര്‍ മുഖ്യപ്രതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ തേജസ് ന്യൂസിന് ലഭിച്ചു. 2020 ഒക്ടോബര്‍ 24ന് റവന്യു വകുപ്പ് ഇറക്കിയ വിവാദ ഉത്തരവ് 2021 ഫെബ്രുവരി രണ്ടിനാണ് റദ്ദാക്കിയത്. പിറ്റേന്ന് അതായത് മൂന്നാം തിയ്യതി രാവിലെ 9.30ന് മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്‍ മുന്‍ വനം മന്ത്രി കെ രാജുവിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ ഫോണിലേക്ക് വിളിച്ചു. അല്‍പ്പ സമയത്തിന് ശേഷം ശ്രീകുമാര്‍ തിരിച്ചു വിളിച്ചു. 83 സെക്കന്‍ഡാണ് ഇരുവരും സംസാരിച്ചത്. അന്ന് വൈകീട്ട് വയനാട്ടില്‍ നിന്ന് 13 മീറ്റര്‍ ക്യൂബ് ഈട്ടിത്തടികള്‍ കടത്തിക്കൊണ്ടുപോയിരുന്നു. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലൊന്നും തന്നെ പരിശോധനകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമായത്. ഫെബ്രരവരി 17നും 25നും വനംമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആന്റോയുമായി ഫോണില്‍ ബന്ധപ്പെട്ടു.

ഐഎഫ്എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികളെ പലപ്പോഴായി വിളിച്ചതായാണ് ഫോണ്‍രേഖകളില്‍ നിന്നു വ്യക്തമാവുന്നത്. മരംമുറി ആരംഭിച്ചതുമുതല്‍ ഒരു അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പലപ്പോഴായി പ്രതിയെ ഫോണില്‍ വിളിച്ചിട്ടുണ്ട്. കൂടാതെ വയനാട്ടിലെ ഒരു റെയ്ഞ്ച് ഓഫിസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍, അദ്ദേഹത്തിന്റെ ഭാര്യയായ റവന്യുവകുപ്പിലെ ഉദ്യോഗസ്ഥ, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഉള്‍പ്പെടെ മുഖ്യപ്രതി ആന്റോ അഗസ്റ്റിനുമായി പലപ്പോഴായി സംസാരിച്ചതിന്റെ തെളിവുകളും ഫോണ്‍ കോള്‍ രേഖകളിലുണ്ട്. കേസന്വേഷിക്കുന്ന എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് മരംകൊള്ളയുമായി ബന്ധപ്പെട്ട് ഉന്നതരുടെ നിര്‍ണായ ഇടപെടലിന്റെ തെളിവുകള്‍ ലഭിച്ചതായാണു വിവരം. മുട്ടില്‍ മരംക്കൊള്ള കേസില്‍ മാംഗോ സഹോദരങ്ങളായ റോജി അഗ്‌സറ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മരംകൊള്ള നടന്നതെന്ന് നേരത്തേ ഇപ്പോഴത്തെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പരാമര്‍ശം നടത്തിയിരുന്നു.

Tree looting: Top officials in former forest minister's office were contact through by phone to accused

Next Story

RELATED STORIES

Share it