Big stories

പ്രക്ഷോഭം പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തും; ഇത് ആഭ്യന്തര ഭീകരതയെന്നും ട്രംപ്

പ്രക്ഷോഭം പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തും; ഇത് ആഭ്യന്തര ഭീകരതയെന്നും ട്രംപ്
X

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലിസ് കാല്‍മുട്ട് കൊണ്ട് ഞെരിച്ച് കൊലപ്പെടുത്തയതില്‍ അമേരിക്കയിലാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പ്രക്ഷോഭകാരികളെ വെല്ലുവിളിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. രാജ്യത്ത് നടക്കുന്നത് ആഭ്യന്തര ഭീകരതയാണെന്നും പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ വൈറ്റ് ഹൗസിനുമുന്നില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ട്രംപ് ഭൂഗര്‍ഭ അറയില്‍ ഒളിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുശേഷവും പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. അതിനിടെ, വൈറ്റ് ഹൗസിന് മുന്നില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചു. വിവിധ നഗരങ്ങളില്‍ പ്രക്ഷോഭം അക്രമാസക്തമാവുമ്പോഴും സംസ്ഥാനങ്ങള്‍ പട്ടാളത്തെ വിന്യസിക്കാത്തതിലും ട്രംപ് ക്ഷുഭിതനായി. സംസ്ഥാനങ്ങള്‍ പട്ടാളത്തെ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്നും പ്രക്ഷോഭകാരികള്‍ കടുത്ത ശിക്ഷാനടപടികളും ജയില്‍വാസവും നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തീയിട്ട സെന്റ് ജോണ്‍സ് ദേവാലയത്തിലേക്ക് ട്രംപ് നടന്നു പോവുകയും ബൈബിള്‍ കൈയിലേന്തി പള്ളിക്കുമുന്നില്‍ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.



പ്രക്ഷോഭം പടരുന്നതിനിടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് സമുച്ചയത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 2001 സപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നാണു റിപോര്‍ട്ട്. ശനിയാഴ്ച സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണത്തിനു സാക്ഷ്യംവഹിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലേക്കു പോയപ്പോള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു സമീപത്ത് വരെ പ്രതിഷേധക്കാരെത്തിയിരുന്നു. ഞായറാഴ്ചയാണ് വൈറ്റ്ഹൗസ് സമുച്ചയത്തിനു പുറത്ത് തീയിട്ടത്.

അതിനിടെ, ജോര്‍ജ് ഫ്‌ളോയിഡിന്റേത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും പുറത്തുവന്നു. മിനിയാപോളിസ് പോലിസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപോര്‍ട്ടിലുള്ളത്. തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുമ്പോഴും പോലിസുകാരന്‍ കഴുത്തില്‍ കാലുകള്‍ അമര്‍ത്തി ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അമേരരിക്കയില്‍ വന്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.

Next Story

RELATED STORIES

Share it