Big stories

യുഎപിഎ: 2020ല്‍ തീര്‍പ്പാക്കിയ 81 ശതമാനം കേസുകളിലെയും കുറ്റാരോപിതര്‍ നിരപരാധികളെന്ന് കണ്ടെത്തല്‍

കഴിഞ്ഞ വര്‍ഷം ആകെ 142 യുഎപിഎ കേസുകളിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി തീര്‍പ്പുകല്‍പ്പിച്ചത്. ഇതില്‍ 14 കേസുകള്‍ വിചാരണ കൂടാതെ ഒഴിവാക്കി. രണ്ട് കേസുകളിലെ കുറ്റാരോപിതരെ വിചാരണയ്ക്ക് മുമ്പ് കോടതി വിട്ടയച്ചു. 126 കേസുകളിലെ വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും 27 കേസുകളില്‍ മാത്രമാണ് പ്രതികള്‍ കുറ്റം ചെയ്തതായി കോടതിയില്‍ തെളിഞ്ഞത്. 99 കേസുകളിലും പ്രതികളാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

യുഎപിഎ: 2020ല്‍ തീര്‍പ്പാക്കിയ 81 ശതമാനം കേസുകളിലെയും കുറ്റാരോപിതര്‍ നിരപരാധികളെന്ന് കണ്ടെത്തല്‍
X

ന്യൂഡല്‍ഹി: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനും ജയിലില്‍ അടയ്ക്കുന്നതിനും ഭരണകൂടം കരിനിയമമായ യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ വ്യാപകമായി നിരപരാധികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നതായി വ്യക്തമാവുന്നത്. 2020 ല്‍ തീര്‍പ്പാക്കിയ യുഎപിഎ കേസുകളില്‍ 81 ശതമാനം കേസുകളിലെയും കുറ്റാരോപിതര്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതായി എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ആകെ 142 യുഎപിഎ കേസുകളിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി തീര്‍പ്പുകല്‍പ്പിച്ചത്. ഇതില്‍ 14 യുഎപിഎ കേസുകള്‍ വിചാരണ കൂടാതെ ഒഴിവാക്കി. രണ്ട് കേസുകളിലെ കുറ്റാരോപിതരെ വിചാരണയ്ക്ക് മുമ്പ് കോടതി വിട്ടയച്ചു. 126 കേസുകളിലെ വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും 27 കേസുകളില്‍ മാത്രമാണ് പ്രതികള്‍ കുറ്റം ചെയ്തതായി കോടതിയില്‍ തെളിഞ്ഞത്. 99 കേസുകളിലും പ്രതികളാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 19.1 ശതമാനം പേരെ മാത്രമാണ് യുഎപിഎ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് പോലിസിന്റെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൊവിഡ് കാലത്തും യുഎപിഎ വേട്ട തുടരുന്നു

കൊവിഡ് വ്യാപനം രൂക്ഷമായ കാലയളവില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോഴും ഭരണകൂടത്തിന്റെയും അന്വേഷണ ഏജന്‍സികളുടെയും വേട്ടയാടലിന് യാതൊരു കുറവുമുണ്ടായിട്ടില്ലെന്നും കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു. 2020 കൊവിഡ് കാലത്ത് ആകെ 796 യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. 2018 ലും 2019 ലും യഥാക്രമം 1,182, 1,226 പുതിയ യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കേസുകള്‍ കൂടുതല്‍ ജമ്മു കശ്മീരിലും മണിപ്പൂരിലും

കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം യുഎപിഎ കേസുകളും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലും പ്രത്യേക സൈനിക അധികാര നിയമമുള്ള മണിപ്പൂരിലുമാണ്. ആകെയുള്ള യുഎപിഎ കേസുകളില്‍ 57 ശതമാനത്തിലധികവും ചുമത്തപ്പെട്ടിരിക്കുന്നത് ഇവിടങ്ങളിലാണ്. നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളാണിവ. ജമ്മു കശ്മീരില്‍ 287 കേസുകളാണ് ഇക്കാലയളവില്‍ ഫയല്‍ ചെയ്തത്. ഏതാണ്ട് ആകെ കേസുകളുടെ 36 ശതമാനം. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമാണ് ഇത്രയും കേസുകള്‍ ചുമത്തപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

169 കേസുകളുമായി മണിപ്പൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. ജാര്‍ഖണ്ഡ് (86), അസം (76), ഉത്തര്‍പ്രദേശ് (72), ബിഹാര്‍ (30), പഞ്ചാബ് (19), കേരളം (18), മേഘാലയ (10) എന്നിവയാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ യുഎപിഎ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍. ഡല്‍ഹി- 6, മധ്യപ്രദേശ്- 4, അരുണാചല്‍ പ്രദേശ്, ചണ്ഡീഗഢ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൂന്ന് വീതം, ഹരിയാന, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ രണ്ട് വീതം, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2020ല്‍ അറസ്റ്റിലായവരില്‍ 92 ശതമാനവും 18- 45 വയസ്സ് പ്രായമുള്ളവര്‍

2020 ല്‍ യുഎപിഎ ചുമത്തി 34 സ്ത്രീകളടക്കം 1,321 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ പ്രധാനമായും ചെറുപ്പക്കാരായിരുന്നു. 92 ശതമാനം പേരും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. 2020 ല്‍ ഫയല്‍ ചെയ്ത 796 യുഎപിഎ കേസുകളില്‍ 126 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 272 കേസുകളിലും കുറ്റപത്രം ഫയല്‍ ചെയ്തു. 2020 ല്‍ സമര്‍പ്പിച്ച മൊത്തം കുറ്റപത്രം 398 ആയി. ഇതില്‍ 111 എണ്ണത്തിലും കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് 34 കുറ്റപത്രങ്ങള്‍ രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള കേസുകളിലാണ് ഫയല്‍ ചെയ്തത്.

കുട്ടികള്‍ക്കെതിരേയും ഭീകരവിരുദ്ധ നിയം

രാജ്യത്ത് നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത അഞ്ച് കുട്ടികള്‍ക്കെതിരേ 'ഭീകരവിരുദ്ധ' നിയമപ്രകാരം കേസെടുത്തു. ജമ്മു കശ്മീരില്‍നിന്നുള്ള രണ്ടുപേര്‍, അസം, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഓരോ കുട്ടികള്‍ക്കെതിരേയുമാണ് കരിനിയമം ചുമത്തിയത്.

നീതി നിഷേധം തുടരുന്നു; വിചാരണയും കാത്ത് ആയിരക്കണക്കിന് കേസുകള്‍

യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത മിക്ക കേസുകളും അന്വേഷണവും വിചാരണയും കാത്തുകിടക്കുകയാണ്. 4,827 യുഎപിഎ കേസുകളില്‍ 4,101 എണ്ണത്തില്‍ ഇപ്പോഴും അന്വേഷണം ബാക്കിയാണ്. 398 എണ്ണം മാത്രമാണ് വിചാരണയ്ക്കായി കോടതിയിലേക്ക് അയച്ചത്. 321 കേസുകള്‍ പോലിസ് തന്നെ അവസാനിപ്പിക്കുകയും ചെയ്തു. ഇതില്‍ 297 കേസുകളില്‍ കുറ്റം സ്ഥാപിക്കാന്‍ തെളിവുകളുടെയും സൂചനകളുടെയും അഭാവത്തില്‍ തീര്‍പ്പാക്കുന്നുവെന്ന റിപോര്‍ട്ട് സഹിതമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അതിനര്‍ഥം കെട്ടിക്കിടക്കുന്ന യുഎപിഎ കേസുകള്‍ 85 ശതമാനമാണ് എന്നാണ്.

എന്‍ഐഎയും മറ്റ് അന്വേഷണ ഏജന്‍സികളും മൂന്നോ അതിലധികമോ വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത 1,818 യുഎപിഎ കേസുകളില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. അന്വേഷണം നടക്കാത്ത യുഎപിഎ കേസുകളില്‍ 44 ശതമാനവും മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. കൂടാതെ മറ്റ് 1,395 കേസുകളില്‍ ഒരുവര്‍ഷത്തിലേറെയായി അന്വേഷണം ബാക്കികിടക്കുകയാണ്. 2020 ല്‍ വിചാരണയ്ക്കായി കോടതികളില്‍ വന്ന 94 ശതമാനത്തിലധികം യുഎപിഎ കേസുകളിലും അവ്യക്തത തുടരുകയാണ്.

വിചാരണയ്ക്കായി അയച്ച 2,642 യുഎപിഎ കേസുകളില്‍ 2,500 എണ്ണം ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. ഇതില്‍ 1,904 കേസുകള്‍ ഒരു വര്‍ഷത്തിലേറെയായി (76%) കെട്ടിക്കിടക്കുന്നതാണ്. 353 കേസുകള്‍ മൂന്ന് വര്‍ഷത്തിലേറെയായി നീതി കാത്തുകിടക്കുമ്പോള്‍ 169, 79 കേസുകള്‍ യഥാക്രമം അഞ്ച് വര്‍ഷത്തിലധികവും 10 വര്‍ഷത്തിലധികവുമായി കെട്ടിക്കിടക്കുന്നു. വിധി വന്ന കേസുകളില്‍ പോലും 19.01 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2019 ഡിസംബര്‍ വരെ 4,021 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവാതെ കിടക്കുകയാണ്. 10 കേസുകളില്‍ പുനരന്വേഷണവും നടക്കുന്നുണ്ട്.

എന്‍സിആര്‍ബിയുടെ പുതിയ കണക്കുകള്‍ യുഎപിഎയ്‌ക്കെതിരായ പോരാട്ടത്തിന്റെ അനിവാര്യത വര്‍ധിപ്പിക്കുന്നു

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പുതിയ കേസുകളുടെ കണക്കുകള്‍ യുഎപിഎയ്‌ക്കെതിരേ പോരാടേണ്ടതിന്റെ അനിവാര്യത വര്‍ധിപ്പിക്കുന്നതാണെന്ന് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പ്രതിനിധി അഡ്വ. എ മുഹമ്മദ് യൂസഫ്. ഒന്നിലധികം കാരണങ്ങളാല്‍ യുഎപിഎ പ്രശ്‌നമാണെന്ന വസ്തുത ഏറ്റവും പുതിയ ഡാറ്റയിലൂടെ ശക്തിപ്പെട്ടിരിക്കുകയാണ്. പല അവകാശപ്രവര്‍ത്തകരും 'ഡ്രാക്കോണിയന്‍' എന്ന് വിളിക്കുന്ന നിയമം സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രത്യേകിച്ച്, സര്‍ക്കാര്‍ വിമര്‍ശകര്‍, ആക്ടിവിസ്റ്റുകള്‍, മുസ്‌ലിംകള്‍, ദലിതര്‍, കശ്മീരികള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ എന്നിവരുടെ ജീവിതത്തില്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.

മുകളില്‍ പറഞ്ഞ കണക്കുകള്‍ അനുസരിച്ച് യുഎപിഎ കരിനിയമത്തിനെതിരേ പോരാടുന്നതിന് കൂടുതല്‍ ശക്തിപകരുന്നതാണ്. യുഎപിഎ സാധാരണ പൗരന്‍മാര്‍ക്ക് എത്രമാത്രം ദോഷകരമാണെന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനെതിരേ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. ഈ വര്‍ഷം ജൂലൈയില്‍ യുഎപിഎ ചുമത്തപ്പെട്ട ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശപ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ മനസ്സാക്ഷിയെ ഇളക്കിമറിച്ചു. യുഎപിഎയുടെ കഠിനമായ വ്യവസ്ഥകള്‍ പ്രകാരം അവസാന ദിവസങ്ങളില്‍ അടിസ്ഥാനപരമായ ആരോഗ്യപരിരക്ഷ പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് പോലും യുഎപിഎ ചുമത്തപ്പെട്ടാല്‍ മെഡിക്കല്‍ സഹായം ലഭിക്കുന്നില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലാ ജയിലില്‍ കഴിഞ്ഞ ഒരുവര്‍ഷമായി യുഎപിഎ ചുമത്തപ്പെട്ട് കഴിയുന്ന വിദ്യാര്‍ഥി ആക്ടിവിസ്റ്റ് അതീഖുര്‍റഹ്മാന്റെ കുടുംബം അദ്ദേഹത്തിന് വൈദ്യസഹായം നല്‍കണമെന്ന് പറഞ്ഞെങ്കിലും അധികാരികള്‍ നിരസിക്കുകയാണ് ചെയ്യുന്നത്.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിമര്‍ശകരെ ഭയപ്പെടുത്തുന്നതിനും നിശബ്ദമാക്കുന്നതിനുമുള്ള ഫലപ്രദമായ ഉപകരണമായി 'ഭീകരവിരുദ്ധ' നിയമമായ യുഎപിഎയെ മാറ്റി. മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു വലിയ മഞ്ഞുമലയാണ് സ്റ്റാന്‍ സ്വാമിയും റഹ്മാനും. എന്‍സിആര്‍ബി പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ ഈ നിയമം യഥാര്‍ഥത്തില്‍ ഏകപക്ഷീയവും ഭയപ്പെടുത്തുന്നതുമാണെന്നും എന്തുകൊണ്ടാണ് അത്തരം നിയമങ്ങള്‍ക്ക് ഒരു ജനാധിപത്യരാജ്യത്ത് ഇടം നല്‍കാത്തതെന്നും വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it