Big stories

യുഡിഎഫ് നിലപാട് മാറ്റി; സര്‍ക്കാരിനെതിരേ വീണ്ടും സമരത്തിന്

സമരത്തില്‍നിന്നു പിന്‍മാറുന്നത് യുഡിഎഫിനു തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് പുതുതായി കണ്‍വീനര്‍ സ്ഥാനത്തെത്തിയ എം എം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രത്യക്ഷ സമരത്തിനു വീണ്ടും തയ്യാറെടുക്കുന്നതെന്നാണു സൂചന.

യുഡിഎഫ് നിലപാട് മാറ്റി; സര്‍ക്കാരിനെതിരേ വീണ്ടും സമരത്തിന്
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവച്ച യുഡിഎഫ് നിലപാട് മാറ്റി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ കൂടിനില്‍ക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ സപ്തംബര്‍ 28നാണ് പ്രത്യക്ഷ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍വാങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കൊവിഡ് പരത്തുന്നത് സമരക്കാരാണെന്ന വിധത്തില്‍ സര്‍ക്കാരും സിപിഎമ്മും വന്‍ പ്രചാരണം നടത്തുകയും മരണത്തിന്റെ വ്യാപാരികള്‍ എന്ന വിശേഷണത്തോടെ സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് യുഡിഎഫ് പ്രത്യക്ഷ സമരം പിന്‍വലിച്ചത്.

എന്നാല്‍, തീരുമാനത്തിനെതിരേ കെ മുരളീധരന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടിയാലോചന നത്താതെയാണ് സമരം നിര്‍ത്തിയതെന്ന് ആരോപിച്ച കെ മുരളീധരന്‍ ഇതിനിടെ, കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ബിജെപിയാവട്ടെ യുഡിഎഫ് സമരത്തില്‍ നിന്നു പിന്‍മാറിയത് സിപിഎമ്മുമായുള്ള ഒത്തുകളിയാണെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ്, സ്വര്‍ണക്കടത്ത് കേസിലെയും ലൈഫ് മിഷനിലെയും ആരോപണവിധേയരായവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫിനു ഐഫോണ്‍ നല്‍കിയെന്ന ആരോപണവും പുറത്തുവന്നത്. ഇതോടെ, സമരത്തില്‍നിന്നു പിന്‍മാറുന്നത് യുഡിഎഫിനു തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് പുതുതായി കണ്‍വീനര്‍ സ്ഥാനത്തെത്തിയ എം എം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രത്യക്ഷ സമരത്തിനു വീണ്ടും തയ്യാറെടുക്കുന്നതെന്നാണു സൂചന.


UDF changes stance; strike again against the government





Next Story

RELATED STORIES

Share it