Big stories

കൂട്ട മതംമാറ്റം ആരോപിച്ച കേസ്: മൗലാനാ കലീം സിദ്ദീഖി ഉള്‍പ്പെടെ 12 പേര്‍ക്ക് ജീവപര്യന്തം

2021ല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

കൂട്ട മതംമാറ്റം ആരോപിച്ച കേസ്: മൗലാനാ കലീം സിദ്ദീഖി ഉള്‍പ്പെടെ 12 പേര്‍ക്ക് ജീവപര്യന്തം
X

ലഖ്‌നോ: നിര്‍ബന്ധിത കൂട്ട മതംമാറ്റം ആരോപിച്ച് ചുമത്തിയ കേസില്‍ പ്രമുഖ ഇസ് ലാമിക പണ്ഡിതനും പ്രഭാഷകനുമായ മൗലാനാ കലീം സിദ്ദീഖി(66) ഉള്‍പ്പെടെ 12 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. നാലു പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശ് ഫുലാറ്റില്‍ നിന്നുള്ള മൗലാന കലീം സിദ്ദീഖിക്കു പുറമെ ഇസ് ലാമിക പണ്ഡിതരും പ്രചാരകരും ഓഫിസ് ജീവനക്കാരുമായ ഡോ. ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി,

ഇര്‍ഫാന്‍ ഷെയ്ഖ്, സലാഹുദ്ദീന്‍ സൈനുദ്ദീന്‍ ഷെയ്ഖ്, ഇസ് ലാം സ്വീകരിച്ചവരായ പ്രസാദ് രാമേശ്വര്‍ കന്‍വെയര്‍ എന്ന ആദം, അര്‍സലന്‍ മുസ്തഫ എന്ന ഭൂപ്രിയ ബന്ദന്‍, കൗസര്‍ ആലം, ഫറാസ് ഷാ, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, സര്‍ഫറാസ് അലി ജാഫ്രി, ഖാസി ജാഫ്രി തുടങ്ങിയവര്‍ക്കാണ് എന്‍ ഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. മൗലാനാ ഡോ. ഉമര്‍ ഗൗതമിന്റെ മകന്‍ അബ്ദുല്ല ഉമറിനെ ഐപിസി സെക്ഷന്‍ 121 എ പ്രകാരം ശിക്ഷിച്ചിട്ടുണ്ട്.

2021ല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകളാണ് ചുമത്തിയിരുന്നത്. മീററ്റിലെ ലിസാര ഗേറ്റില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കലീം സിദ്ദീഖിയേയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും എടിഎസ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനം നടത്താനായി രാജ്യവ്യാപകമായി ശൃംഖല ഉണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. മുസഫര്‍ നഗര്‍ ഷാ വലിയ്യുല്ലാഹ് ട്രസ്റ്റ് മേധാവിയും ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്‍ ചെയര്‍മാനുമാണ് മൗലാനാ കലീം സിദ്ദീഖി. നിരവധി സംഘടനകളിലൂടെയും സ്‌കൂളുകളിലൂടെയും മതപരിവര്‍ത്തനം നടത്തുന്നുവെന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നുവെന്നും ആരോപിച്ചിരുന്നു. കൂടാതെ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകര്‍ക്കുകയും ചെയ്‌തെന്നുമാണ് യുപി എടിഎസ് ആരോപിച്ചിരുന്നത്.

ബധിരരായ കുട്ടികളെയും സ്ത്രീകളെയും ഇസ് ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഡോ. മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവരെയാണ് യുപി എടിഎസ് ആദ്യം അറസ്റ്റ് ചെയ്തത്. 30 വര്‍ഷം മുമ്പ് ഹിന്ദു മതം ഉപേക്ഷിച്ച് ഇസ് ലാം സ്വീകരിച്ച ഡോ. മുഹമ്മദ് ഉമര്‍ ഗൗതത്തിനും സഹപ്രവര്‍ത്തകനുമെതിരേ ഒരാള്‍ പോലും തങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റിയതായി പരാതി നല്‍കിയിരുന്നില്ല. 1964ല്‍ ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ജനിച്ച ശ്യാം പ്രസാദ് സിംഗ് ഗൗതം എന്നയാളാണ് 1986 ല്‍ ഇസ് ലാം സ്വീകരിച്ച് ഡോ. മുഹമ്മദ് ഉമര്‍ ഗൗതം എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ എംഎ പൂര്‍ത്തിയാക്കി. ഇദ്ദേഹത്തിന്റെ ഭാര്യ രാജേശ്വരിയും ഇസ് ലാം സ്വീകരിച്ച് റസിയ എന്ന പേര് സ്വീകരിച്ചു. ഇദ്ദേഹം സ്ഥാപിച്ച ഡല്‍ഹിയിലെ ഇസ് ലാമിക് ദഅ്‌വാ സെന്റര്‍ വഴി നിരവധി പേര്‍ക്കാണ് ഇസ് ലാമിക വിജ്ഞാനം നല്‍കിയിരുന്നത്. ഇതിനെയാണ് നിര്‍ബന്ധിത കൂട്ടമതംമാറ്റം എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായി കേന്ദ്ര ശിശു കുടുംബക്ഷേമ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആംഗ്യഭാഷാ വിദഗ്ധന്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ബധിരമൂക ആംഗ്യഭാഷാ വിദഗ്ധന്‍ നും മഹാരാഷ്ട്ര സ്വദേശിയുമായ ഇര്‍ഫാന്‍ ഖ്വാജാ ഖാനെയും ഹരിയാന സ്വദേശിയും ഇസ് ലാം സ്വീകരിച്ചയാളുമായ മുന്നു യാദവ് എന്ന അബ്ദുല്‍ മന്നന്‍, ഡല്‍ഹി സ്വദേശിയായ രാഹുല്‍ ഭോല എന്ന കേള്‍വി പരിമിതിയുള്ളയാളെയും പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മതപരിവര്‍ത്തനം ആരോപിച്ച് നിരവധി അറസ്റ്റുകളാണ് നടന്നിരുന്നത്.

Next Story

RELATED STORIES

Share it