Big stories

ബിജെപി നേതാക്കള്‍ക്കെതിരായ മുസഫര്‍നഗര്‍ കലാപക്കേസ് യുപി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ബിജെപി നേതാക്കള്‍ക്കെതിരായ മുസഫര്‍നഗര്‍ കലാപക്കേസ് യുപി സര്‍ക്കാര്‍ പിന്‍വലിക്കുന്നു
X

ന്യൂഡല്‍ഹി: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 60 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കലാപക്കേസിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ബിജെപി എംഎല്‍എമാരയ സംഗീത സോം, സുരേഷ് റാണ, കപില്‍ ദേവ് എന്നിവരും പ്രകോപന പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഹിന്ദുത്വ നേതാവ് സാധ്വി പ്രാച്ഛി എന്നിവരുള്‍പ്പെട്ട കേസാണ് പിന്‍വലിക്കുന്നത്. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന യുപി സര്‍ക്കാരാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പ്രകോപന പ്രസംഗങ്ങളിലൂടെ ആക്രമണത്തിനു പ്രേരിപ്പിച്ചെന്നായിരുന്നു കേസ്.

2013 സപ്തംബറില്‍ നാഗല മണ്ടൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു ജാട്ട് സമ്മേളനത്തില്‍ നടത്തിയ പ്രകോപനപ്രസംഗത്തിന്റെ പേരിലാണ് നാലുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍ ഗ്രാമത്തിലുണ്ടായ തര്‍ക്കത്തിനു ദിവസങ്ങള്‍ക്ക് ശേഷം ജാട്ട് മഹാപഞ്ചായത്ത് വിളിച്ചിരുന്നു. ഇതില്‍ നേതാക്കള്‍ പ്രസംഗിച്ച ശേഷം സ്ഥിതി വഷളായതായും ആക്രമണങ്ങള്‍ ഉണ്ടായെന്നുമാണ് ആരോപണം. കേസ് സര്‍ക്കാര്‍ തലത്തില്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് പ്രോസിക്യൂഷന് ഇതുസംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രാജീവ് ശര്‍മ പറഞ്ഞു. കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം, മുസഫര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരായ നിരവധി കേസുകള്‍ പിന്‍വലിച്ചിരുന്നു. കേസുകള്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിന്റെ രാഷ്ട്രീയവേട്ടയുടെ ഭാഗമാണെന്നാണ് സര്‍ക്കാരിന്റെ വാദം. മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ശുപാര്‍ശ തേടിയിരുന്നു. മീറത്തിലെ സര്‍ദാനയില്‍ നിന്നുള്ള വിവാദ എംഎല്‍എ സംഗീത സോമിനെതിരായ ഏഴ് കേസുകളിലെ തദ്സ്ഥിതി ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സംസ്ഥാനം ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരുന്നു. 2003നും 2017 നും ഇടയില്‍ രജിസ്റ്റര്‍ കേസുകളില്‍ മൂന്നെണ്ണം മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ടതാണെന്ന് അറിയിച്ചു. രാഷ്ട്രീയക്കാര്‍ക്കെതിരായ 20,000 കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ രാം നായിക് ഒപ്പുവച്ചതിനെ തുടര്‍ന്നാണ് നടപടി. കേസുകള്‍ നിസാരമാണെന്നും ദീര്‍ഘകാലമായുള്ളതാണെന്നുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. ബില്ലിനെ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രി പറയുന്നതുപോലെ കേവലം നിസാര കേസുകള്‍ മാത്രമാണോ അതല്ല, ഗുരുതരമായ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കുന്നുണ്ടോയെന്ന് നോക്കണമെന്നും എസ് പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

UP To Withdraw Riots Cases Against BJP leaders

Next Story

RELATED STORIES

Share it