Big stories

ഇറാനെതിരേ സൈനിക സഖ്യത്തിന് രാജ്യങ്ങളെ തേടി അമേരിക്ക

ഗള്‍ഫില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെടുന്നു എന്ന ന്യായത്തിലാണ് അമേരിക്കയുടെ നീക്കം.

ഇറാനെതിരേ സൈനിക സഖ്യത്തിന് രാജ്യങ്ങളെ തേടി അമേരിക്ക
X

വാഷിങ്ടണ്‍: ഇറാന്‍, യമന്‍ തീരങ്ങളിലൂടെയുള്ള വാണിജ്യ കപ്പല്‍ പാത സംരക്ഷിക്കുന്നതിന് സൈനിക സഖ്യം രൂപീകരിക്കാന്‍ രാജ്യങ്ങളെ തേടി അമേരിക്ക. ഗള്‍ഫില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെടുന്നു എന്ന ന്യായത്തിലാണ് അമേരിക്കയുടെ നീക്കം. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലും അറേബ്യന്‍ ഉപദ്വീപിനും ആഫ്രിക്കന്‍ മുമ്പിനും ഇടയിലുമുള്ള തന്ത്രപ്രധാന ജലപാതയ്ക്കു സുരക്ഷയൊരുക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മറൈന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് പറഞ്ഞു.

പെന്റഗണ്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഏതൊക്കെ രാജ്യങ്ങള്‍ ഇതില്‍ ചേരുമെന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ വ്യക്തമാവുമെന്നും ഡണ്‍ഫോര്‍ഡ് പറഞ്ഞു. ഗള്‍ഫില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനും ഇറാന്‍ സഹായിക്കുന്നവരുമാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

ലോകത്തെ എണ്ണ കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ മേഖല വഴിയാണ്. എന്നാല്‍, ഇതിന്റെ സുരക്ഷയ്ക്ക് അമേരിക്ക മാത്രം തയ്യാറല്ലെന്നും അന്താരാഷ്ട്ര സൈനിക സഖ്യം വേണമെന്നുമാണ് യുഎസ് നിലപാടെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാനെതിരായ സൈനിക നീക്കത്തിന്റെ വക്കുവരെയെത്തിയ അമേരിക്കയുടെ ഈ നീക്കം മേഖലയിലെ സംഘര്‍ഷത്തെ പുതിയ വഴിത്തിരിവിലേക്കു നയിക്കും.

അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരേ സൈനിക നീക്കത്തിന് അനുമതി നല്‍കിയത്. എന്നാല്‍, അവസാന നിമിഷം അതില്‍ നിന്ന് പിന്മാറുകയായിരുന്നു. തൊട്ടുപിന്നാലെ ഇറാന്‍ ആത്മീയ നേതാവ് അലി ഖാംനഇ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാന്‍ നേതാക്കള്‍ക്കെതിരേ ഉപരോധവുമായി അമേരിക്ക രംഗത്തെത്തി. 2015ലെ ആണവ കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ട്രംപ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചത്.

ആണവ കരാറില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങളായ ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, ജര്‍മനി എന്നിവ ഉപരോധത്തില്‍ അയവ് വരുത്താന്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ തങ്ങള്‍ ആണവ സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനെതിരേ സഖ്യം രൂപീകരിക്കുന്ന വിഷയം യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ നാറ്റോ സഖ്യ രാജ്യങ്ങളുടെ മുന്നില്‍ കഴിഞ്ഞ മാസം വച്ചിരുന്നുവെങ്കിലും ആരും തയ്യാറായിരുന്നില്ല. എന്നാല്‍, പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ഡണ്‍ഫോഡ് പറഞ്ഞു. ഇക്കാര്യം എസ്പറുമായും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it