Big stories

വൈക്കം മുഹമ്മദ് ബഷീറിനെ 'തീവ്രവാദി'യാക്കി സ്‌കൂളില്‍ ചോദ്യാവലി നല്‍കിയത് വിവാദത്തില്‍

അതേസമയം, വിഷയത്തെ കുറിച്ച് അന്വേഷിച്ച് മറുപടി പറയാമെന്ന് ചാലപ്പുറം ഗവ. ഗണപതി ബോയ്‌സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ദീപ 'തേജസ് ന്യൂസി'നോട് പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കി സ്‌കൂളില്‍ ചോദ്യാവലി നല്‍കിയത് വിവാദത്തില്‍
X

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കിയുള്ള ചോദ്യാവലി സ്‌കൂളില്‍ വിതരണം ചെയ്തത് വിവാദമാവുന്നു. കോഴിക്കോട് ജില്ലയിലെ ചാലപ്പുറം ഗവ. ഗണപതി ബോയ്‌സ് ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ബഷീര്‍ ദിനത്തോടനുബന്ധിച്ച് വിവാദപരാമര്‍ശമടങ്ങിയ ചോദ്യാവലി നല്‍കിയത്. ചോദ്യാവലിയിലെ ഒരു ചോദ്യം ബഷീര്‍ തീവ്രവാദ സംഘടനയുടെ മുഖപത്രമായ 'ഉജ്ജീവന'ത്തില്‍ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയത് എന്നായിരുന്നു. 'ഉജ്ജീവന'ത്തിന്റെ പ്രസാധകന്‍ പി എ സൈനുദ്ദീന്‍ നൈനയുടെ മകനും

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ പേരമകന്‍ വീട്ടില്‍കൊണ്ടുവന്ന ചോദ്യാവലിയിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളതെന്നും ആരാണ് ഇത് തയ്യാറാക്കിയതെന്ന് അറിയില്ലെന്നും ജമാല്‍ കൊച്ചങ്ങാടി ഫേസ്ബുക്കില്‍ അറിയിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിഞ്ഞ ശേഷം വൈക്കം മുഹമ്മദ് ബഷീറും പി എ സൈനുദ്ദീന്‍ നൈനയും ചേര്‍ന്ന് തുടങ്ങിയ ഉജ്ജീവനം പത്രത്തെയാണ് തീവ്രവാദ പത്രമായി വിശേഷിപ്പിക്കുന്നത്. സഹോദരന്‍ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയിരുന്നത്. പശ്ചിമകൊച്ചിയില്‍ നിന്നാണ് 'ഉജ്ജീവനം' പ്രസിദ്ധീകരിച്ചിരുന്നത്. കണ്ണൂര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഭഗത് സിങിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നതായി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉജ്ജീവനം പത്രത്തെ തീവ്രവാദമായും അതിന്റെ നടത്തിപ്പുകാരായ െൈവക്കം മുഹമ്മദ് ബഷീറിനെയും പി എ സൈനുദ്ദീന്‍ നൈനയെയും തീവ്രവാദി ചാപ്പ കുത്തുന്നതുമായ ചോദ്യാവലി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതിനെതിരേ പ്രതിഷേധം ഉയരണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യാവലി തയ്യാറാക്കിയത് ആരായാലും 'ഉജ്ജീവനം' പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണെന്നും അല്ലെങ്കില്‍ നാളെ അത് ഭീകര സംഘടനയായി മാറുമെന്നും ജമാല്‍ കൊച്ചങ്ങാടി വ്യക്തമാക്കി. ബഷീറും സൈനുദ്ദീന്‍ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും. അത് തടയാന്‍ സാംസ്‌കാരിക കേരളം ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇന്ന് എല്ലായിടങ്ങളിലും ബഷീര്‍ ഓര്‍മദിനങ്ങള്‍ നടക്കുന്നുണ്ടല്ലോ. അവിടെയെല്ലാം പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, വിഷയത്തെ കുറിച്ച് അന്വേഷിച്ച് മറുപടി പറയാമെന്ന് ചാലപ്പുറം ഗവ. ഗണപതി ബോയ്‌സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ദീപ 'തേജസ് ന്യൂസി'നോട് പറഞ്ഞു.

ജമാല്‍ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഷീറിനെ തീവ്രവാദി ആക്കുന്നതാരാണ്?

കോഴിക്കോട് ഒരു ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പേരമകന്‍ ഉസൈര്‍ ശബീബ് ഇന്നലെ വീട്ടില്‍ വന്നത് ഒരു ചോദ്യാവലിയുമായാണ്. അതാര് തയ്യാറാക്കിയതാണെന്നറിയില്ല.

അതിലെ ഒരു ചോദ്യമാണിത് : ബഷീര്‍ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയത് ?

ഉത്തരവുമുണ്ട് : പ്രഭ.

ഉത്തരം ശരിയായിരിക്കാം.

എന്നാല്‍ നിഷ്‌ക്കളങ്കമെന്ന് തോന്നുന്ന ഈ ചോദ്യം ഉയര്‍ത്തുന്ന ഒരു ആരോപണമുണ്ട്. ഒരു തീവ്രവാദ സംഘടനയുടെ മുഖപത്രമായിരുന്നു ഉജ്ജീവനം എന്നതാണത്. അത് ശരിയാണൊ എന്ന ഉപചോദ്യം ഇവിടെ ഉയരുന്നു. ഈ ഉജ്ജീവനത്തിന്റെ പ്രസാധകനായ പി.എ. സൈനുദ്ദീന്‍ നൈനായുടെ പേരക്കുട്ടിയാണ് താന്‍ എന്നൊക്കെ ഉസൈര്‍ മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു.

ഇവിടെ ഉജ്ജീവനത്തിന്റെ പ്രസാധകനായ സൈനുദ്ദീന്‍ നൈനയും പത്രാധിപരായ ബഷീറും ചേര്‍ന്ന് പത്രം തുടങ്ങാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടതുണ്ട്.

വൈക്കത്തു നിന്നു വൈക്കം മുഹമ്മദ് ബഷീറും കൊച്ചിയില്‍ നിന്ന് സൈനുദ്ദീന്‍ നൈനയും കോഴിക്കോട്ട് എത്തിയാണ് 1930 ല്‍ മുഹമ്മദ് അബ്ദുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്.

എന്റെ പിതാവ് സൈനുദ്ദീന്‍ നൈനയുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു എന്ന് ഇ.മൊയ്തു മൗലവി ആത്മകഥയില്‍ പറയുന്നുണ്ട്. നേരിട്ട് എന്നെ കാണുമ്പോഴെല്ലാം ആ ത്യാഗത്തെ കുറിച്ച് വികാരവായ്‌പ്പോടെ അദ്ദേഹം ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.

സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴാണ് ബഷീറും നൈനയും പരിചയപ്പെടുന്നത്. ആ ജയില്‍ ജീവിതത്തെപ്പറ്റി ഓര്‍മ്മയുടെ അറകളില്‍ വിശദമായും സരസമായും ബഷീര്‍ എഴുതിയിട്ടുമുണ്ട്. ആ ഘട്ടത്തിലാണ് ജയില്‍ മോചിതരായി നാട്ടില്‍ ചെന്നാല്‍ ഒരു പത്രം തുടങ്ങണമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത്. സഹോദരന്‍ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയത്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം മൗലവി തമ്മിലുണ്ടായിരുന്നത് പോലെ ഒരു ബന്ധമാണ് ഉജ്ജീവനത്തിന്റെ പത്രാധിപരും പ്രസാധകനും തമ്മിലുണ്ടായിരുന്നത്. ബാപ്പ വേറെയും പത്രം നടത്തി പരിചയമുള്ളയാളായിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ പത്രാധിപര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. പശ്ചിമകൊച്ചിയില്‍ നിന്നാണ് ഉജ്ജീവനം പ്രസിദ്ധീകരിച്ചിരുന്നത്. ജയില്‍ മോചിതനാകുമ്പോള്‍ തന്നെ സ്വാതന്ത്രൃസമരത്തെ കുറിച്ചുള്ള ബഷീറിന്റെ സങ്കല്‍പ്പങ്ങള്‍ മാറിയതായും ഭഗത് സിംഗിന്റെ ആശയങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തിയതായും ഓര്‍മ്മയുടെ അറകളില്‍ ബഷീര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉജ്ജീവനം ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്ന് എവിടെയും കണ്ടിട്ടില്ല. പത്രത്തില്‍ വരുന്ന തീപ്പൊരിലേഖനങ്ങള്‍ സഹ പത്രാധിപരായ ദിവാകരനുമായി സൈക്കിളില്‍ കൊച്ചി മുഴുവന്‍ സഞ്ചരിച്ച് ചുമരുകളില്‍ പതിക്കുക പതിവായിരുന്നു. അക്കാലത്ത് തന്റെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ കുട്ടികളുടെ ഒരു വാനര സംഘടന പ്രവര്‍ത്തിച്ചിരുന്നുവെന്ന് തമാശയായി ബഷീര്‍ പറയുന്നുണ്ടെന്ന് മാത്രം. അതൊരു തീവ്രവാദി സംഘടനയാണെന്ന ധ്വനി എവിടെയും കണ്ടിട്ടില്ല.

പത്രാധിപര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നു എന്ന് മനസ്സിലാക്കിയ പ്രസാധകനാണ് അദ്ദേഹത്തെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്. പത്തു വര്‍ഷത്തോളം നീണ്ട ഈ ഭാരതപര്യടനത്തിലെ പല അനുഭവങ്ങളും കൊച്ചിയിലെ ഉജ്ജീവനകാല ജീവിതവും ബഷീറിന്റെ സര്‍ഗ്ഗാത്മക ജീവിതത്തിന്ന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ധര്‍മ്മരാജ്യം, പട്ടത്തിന്റെ പേക്കിനാവ് തുടങ്ങിയ രാഷ്ട്രീയരചനകളെ ഫാഷിസ്റ്റ് കാലത്തെ ബഷീര്‍ എന്ന ലേഖനത്തില്‍ ബഷീര്‍ ദ മാന്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായ എം.എ.റഹ്മാന്‍ വിവരിക്കുന്നുണ്ട്. ഇക്കാലമത്രയും അന്വേഷിച്ചിട്ടും ഉജ്ജീവനത്തിന്റെ ഒരു കോപ്പി കണ്ടുകിട്ടിയിട്ടില്ല. അടുത്ത കാലത്ത് ബ്രിട്ടനില്‍ പോയപ്പോള്‍ ബഹുമാന്യ സുഹൃത്ത് ഡോ.എം.എന്‍.കാരശ്ശേരി, എന്റെ അപേക്ഷ മാനിച്ച് ലണ്ടന്‍ ലൈബ്രറിയില്‍ പോലും തിരച്ചില്‍ നടത്തി നിരാശനാവുകയായിരുന്നു. ചോദ്യാവലി തയ്യാറാക്കിയത് സ്‌ക്കൂള്‍ അധികാരികളല്ല. പുറത്ത് നിന്നയച്ചു കൊടുത്തതാണ്. അത് തയ്യാറാക്കിയത് ആരായാലും ഉജ്ജീവനം പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ നാളെ അത് ഭീകര സംഘടനയായി മാറും. ബഷീറും സൈനുദ്ദീന്‍ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും. അത് തടയാന്‍ സാംസ്‌ക്കാരിക കേരളം ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇന്ന് എല്ലായിടങ്ങളിലും ബഷീര്‍ ഓര്‍മ്മദിനങ്ങള്‍ നടക്കുന്നുണ്ടല്ലൊ അവിടെയെല്ലാം പ്രതിഷേധം ഉയരണം.

ജമാല്‍ കൊച്ചങ്ങാടി

2023 ജൂലായ് 5




Next Story

RELATED STORIES

Share it