Big stories

കൊവിഡിന് പുറമെ മറവിരോഗവും; പരിചരിക്കാന്‍ ആരുമില്ലാതെ അനാഥനായി വരവര റാവു

വരവരറാവുവിന്റെ ബന്ധുക്കളുടെ അനുഭവം വിശദമാക്കിയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഹ്യൂമന്‍ റൈറ്റ് ഡിഫന്‍ഡേഴ്‌സ് അലര്‍ട്ട് ദേശീയ വര്‍ക്കിംഗ് സെക്രട്ടറി ഹെന്റി തിഫാങ്‌നെ ദേശിയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി.

കൊവിഡിന് പുറമെ മറവിരോഗവും;  പരിചരിക്കാന്‍ ആരുമില്ലാതെ അനാഥനായി വരവര റാവു
X

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് കൊവിഡിന് പുറമെ മറവി രോഗവും. അവശനായി കഴിയുന്ന വരവര റാവുവിനെ പരിചരിക്കാന്‍ പോലിസ് കുടുംബത്തെ പോലും അനുവദിച്ചില്ല.

ജെജെ ആശുപത്രിയിലെ താല്‍ക്കാലിക വാര്‍ഡിലെ ബെഡില്‍ പരിചരിക്കാന്‍ ആരുമില്ലാതെ മൂത്രത്തില്‍ കുളിച്ച് അനാഥമായി കിടക്കുന്ന വരവരറാവു കുടുംബക്കാരെ പോലും തിരിച്ചറിഞ്ഞില്ല. മൂത്രത്തില്‍ കുതിര്‍ന്ന വിരിയും വസ്ത്രവും മാറ്റാന്‍ ശ്രമിച്ച കുടുംബത്തെ അധികൃതര്‍ ഇറക്കിവിട്ടതായും പരാതിയുണ്ട്. വരവരറാവുവിന്റെ ബന്ധുക്കളുടെ അനുഭവം വിശദമാക്കിയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഹ്യൂമന്‍ റൈറ്റ് ഡിഫന്‍ഡേഴ്‌സ് അലര്‍ട്ട് ദേശീയ വര്‍ക്കിംഗ് സെക്രട്ടറി ഹെന്റി തിഫാങ്‌നെ ദേശിയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി. വരവരറാവുവിനെ സൂപ്പര്‍ സപെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വരവര റാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മറവിരോഗവും വരവരറാവുവിനെ ബാധിച്ചതായി സംശയമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ജയിലില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്നാണ് വരവരറാവുവിനെ ജൂലൈ 14നാണ് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പിന്നീട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജെ.ജെ ആശുപത്രിയിലേക്ക് ജൂലൈ 16ന് മാറ്റുകയും ചെയ്തു. 2018 മുതല്‍ ഭീമാ കൊറേഗാവ് കേസുമായി വരവരറാവു നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. യുഎപിഎ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ വരവറാവുവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് ഓര്‍മക്കുറവ് പിടികൂടിയിട്ടുണ്ടെന്നും പറഞ്ഞു കുടുംബം രംഗത്തുവന്നിരുന്നു. പിന്നീട് കോടതിയെ സമീപിച്ചാണ് റാവുവിന്റെ കുടുംബം ചികിത്സയ്ക്കായി അനുമതി തേടിയത്. ഇന്നലെ ഹൈദരാബാദില്‍ നിന്നും എത്തിയ വരവരറാവുവിന്റെ കുടുംബം ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. കവിയായ സഹോദര പുത്രന്‍ എന്‍. വേണുഗോപാല്‍, വരവരറാവുവിന്റെ ഭാര്യ ഹേമലത, മൂന്ന് പെണ്‍മക്കള്‍ എന്നിവരാണ് ബുധനാഴ്ച്ച മുംബൈയിലെ ആശുപത്രിയിലെത്തിയത്.

കൊവിഡ് ബാധിതനായ വരവരറാവുവിനെ നാഡീ സംബന്ധമായ പരിശോധനകള്‍ നടത്തിയെന്നും മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും സെന്റ് ജോര്‍ജ് ആശുപത്രി സൂപ്പര്‍ ഇന്റന്റ് ആകാശ് കൊബ്രഗടെ പറയുന്നു.

Next Story

RELATED STORIES

Share it