- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോരാളികളെ മരണത്തിലേക്ക് തള്ളിവിട്ട വാഗണ്‍ കൂട്ടക്കൊലക്ക് നൂറാണ്ട്
കെപിഒ റഹ്മത്തുല്ല
മലബാറിലെ സ്വാതന്ത്ര്യസമര പോരാളികള്‍ കാറ്റുകടക്കാത്ത തീവണ്ടിവാഗണില്‍ ശ്വാസംമുട്ടി മരിച്ചുവീണ ദാരുണസംഭവത്തിന് നൂറുവയസ്സുതികഞ്ഞു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ രക്തം കിനിയുന്ന അധ്യായം. മഹാമര്‍ദനത്തിന്റെ കാലമെന്നാണ് ചരിത്രകാരന്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്.
പട്ടാളനിയമം നിലവിലില്ലാത്ത ഒരു പ്രദേശത്തുവെച്ച് വാഗ ണ്‍ തുറന്നതിനാല്‍ ഈ പൈശാചിക കൃത്യം പുറംലോകമറിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല മാത്രമാണ് വാഗണ്‍ ട്രാജഡിയോടൊപ്പം ചേര്‍ത്ത് വായിക്കാനുള്ളത്. മാര്‍ഷല്‍ ലോ നിലവിലുള്ള കാലത്തും സ്ഥലത്തും ഒട്ടേറെ വാഗണ്‍ ട്രാജഡികള്‍ നടന്നിട്ടുണ്ടായിരുന്നൂ. എന്നാല്‍ അവയൊന്നും പുറംലോകം അറിഞ്ഞിട്ടില്ല. അറിഞ്ഞ വാഗണ്‍ കൂട്ടക്കൊലയുടെ ദുരന്തകഥകള്‍ തന്നെ ഏതൊരു മനു ഷ്യന്റേയും കരളലിയിക്കും.
ഇടശേരി പാടുന്നത് കാണുക.
'മര്‍ത്ത്യമാംസം ജീവനുള്ള മര്‍ത്ത്യമാംസം കേറ്റി
മുദ്രവെച്ച വാഗണുകളോടി നിന്നകാലം
മാപ്പിള ലഹളയെന്ന പേരുകുത്തി നീളെ
മാനുഷരെ വീര്‍പ്പടച്ചു കൊന്നിരുന്ന കാലം'
വാഗണ്‍ ട്രാജഡി ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോല അഹ മ്മദ് ഹാജിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം. 'നവംബര്‍ നാലാം തിയതി എന്നേയും ജ്യേഷ്ഠന്‍ യൂസഫിനെയും ഇംഗ്ലീ ഷ് പോലിസ് പിടിച്ചുകൊണ്ടുപോയി. മൂത്ത ഇക്കാക്ക മൊയ് തീന്‍കുട്ടി ഖിലാഫത്ത് സെക്രട്ടറിയായതിനാല്‍ അറസ്റ്റുചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍, ഞങ്ങളെ പിടിക്കു മെന്ന് വിചാരിച്ചിരുന്നില്ല. എംഎസ്പി ക്യാംപിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍പാലം പൊളിച്ചുവെന്നായിരുന്നു കുറ്റം. ദിവസത്തില്‍ ഒരു നേരം ഉപ്പിടാത്ത ചോറാണ് ആകെ തന്നിരുന്നത്. ഇടയ്ക്കിടെ ബയനറ്റ് മുനകള്‍കൊണ്ട് പട്ടാളക്കാര്‍ മര്‍ദിക്കും. ഇങ്ങിനെ ഹേഗ് ബാരക്കില്‍ ഒരാഴ്ച കഴിഞ്ഞു. നവംബര്‍ 20ന് രാവിലെ നാലുപേരെവീതം കൂട്ടിക്കെട്ടി. കഴുതവണ്ടിയും കാള വണ്ടിയും തയ്യാറായിനിന്നിരുന്നു. പട്ടാളക്കാര്‍ ആയുധങ്ങളുമാ യി ഇവയില്‍ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിര്‍ത്തി വണ്ടികള്‍ ഓട്ടം തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. വേഗത കുറഞ്ഞാല്‍ പട്ടാളക്കാര്‍ ബയണറ്റുകൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തില്‍ മുറിവുകള്‍. കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരേയും ഫഌറ്റുഫോമിലിരുത്തി ഞങ്ങള്‍ ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളര്‍ന്ന് ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില്‍ നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാന്‍ തന്നത്.
വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറു നിന്നും ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലക്കാണിയില്‍ പഞ്ഞിനിറയ്ക്കുന്നതുപോലെ കുത്തിക്കയറ്റി. നൂറുപേര്‍ കയറി യപ്പോഴേക്കും വാതില്‍ അടച്ചു. ഇത്രയും പേരെ ഉള്‍കൊള്ളാനു ള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലംതൊടാതെ ഞങ്ങള്‍ നിന്നു. ശ്വാസംമുട്ടാന്‍ തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു. ഞങ്ങള്‍ വാഗണ്‍ഭിത്തിയില്‍ ആഞ്ഞടിച്ചു. മൂത്രമൊഴിച്ച് വലിച്ചുകുടിച്ച് ദാഹം തീര്‍ത്തു. അന്യോന്യം മാന്തിപറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. രക്തം നക്കിക്കുടിച്ചു. ഞാനും ഇക്കാക്കയും ചെന്നുവീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യസ്വര്‍ഗത്തിലായിരുന്നു. ഈ ദ്വാരത്തില്‍ മാറിമാറി മൂക്കുവെച്ച് ഞങ്ങള്‍ പ്രാണന്‍ പോകാതെ പിടിച്ചുനിന്നു. എന്നിട്ടും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു.
രാവിലെ നാലുമണിക്കാണ് വണ്ടി തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തിയത്. ബല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ടുപോയിരുന്നത്. പോത്തന്നൂരില്‍നിന്നും ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിപ്പിച്ചു. അറുപത്തിനാല് പേരാണ് കണ്ണുതുറിച്ച് ഒരു മുഴം നാക്കുനീട്ടി ആ വാഗണില്‍ മരിച്ചുകിടന്നത്. ''അറുപത്തിയാറ് മാപ്പിളമാരും നാല് ഹിന്ദുക്കളും മത്തി വറ്റിച്ചതുപോലെയായിരുന്നു ആ ദൃശ്യം. അഹമ്മദ് ഹാജിയുടെ വാക്കുകളില്‍ എല്ലാമുണ്ട്. വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവന്‍ അവശേഷിക്കുന്നവര്‍ പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂര്‍ ആശുപ്രതിയിലെത്തിച്ചു. അതിനുമുമ്പേ എട്ടുപേര്‍ കൂടി മരിച്ചിരുന്നു. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ തയാറായില്ല. അതിനാല്‍ അവരെ തിരൂരിലേക്കുതന്നെ മടക്കിക്കൊണ്ടുവന്ന് കോരങ്ങത്ത് ജുമാമസ്ജിദ് കോട്ട് ജുമഅത്ത്പള്ളി എന്ന ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. കൂടെയുണ്ടായിരുന്ന ഹിന്ദുക്കളായ നാലുപേരെ മുത്തൂരിലും സംസ്‌കരിച്ചു.
ഇതുപറയാന്‍ കൊന്നോല അഹമ്മദ്ഹാജി ബാക്കിയുണ്ടായത് കൊണ്ട് മാത്രമാണ് ബ്രിട്ടൂഷുകാരുടെ ഈ കൂരകൃത്യം പുറത്തറിഞ്ഞത്. അല്ലെങ്കില്‍ ദൃക്‌സാക്ഷി വിവരണംപോലും ഉണ്ടാകുമായിരുന്നില്ല. 1921 ആഗസ്റ്റ് മാസത്തില്‍തന്നെ മലബാറില്‍ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി, താലൂക്കുകളില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ഈ പ്രദേശങ്ങളില്‍ അഭിപ്രായപ്രകടനം, പ്രസിദ്ധീകരണം എന്നിവയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജനങ്ങള്‍ കൂട്ടംകൂടുന്നതുപോലും നിരോധിക്കപ്പെട്ടിരുന്നു. സ്വന്തം നാട്ടില്‍ നടന്നുപോകുന്നതിനുപോലും പൗരന്‍മാര്‍ സമ്മതം വാങ്ങണമായിരുന്നു. അതിനാല്‍ തന്നെ അന്നത്തെ സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമല്ല.
ഇങ്ങിനെ ജയിലിലടയ്ക്കാന്‍ ബെല്ലാരി ജയിലിലേക്ക് തടവുകാരെ കൊണ്ടുപോയപ്പോഴാണ് വാഗണ്‍ ട്രാജഡി ദുരന്തമുണ്ടായത്. സൗത്ത് മറാഠകമ്പനിയുടെ എംഎസ്എംഎല്‍വി 1711 എന്ന വാഗണാണ് മരണവണ്ടിയായി മാറിയത്. വാഗണ്‍ ട്രാജഡി ദുരന്തവാര്‍ത്ത ഇന്ത്യയില്‍ കൊടുങ്കാറ്റായി പടര്‍ന്നു. ഇംഗ്ലീഷ് സാമാജ്യത്വത്തിന്റെ ആസ്ഥാനമായ ലണ്ടനിലും വിവരമെത്തി. ഇംഗ്ലീഷ് പത്രങ്ങള്‍ ഈ കിരാതകൃത്യത്തിനെതിരെ എഡിറ്റോറിയലുകള്‍ എഴുതി. ഒടുവില്‍ വാഗണ്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ കമ്മീഷന്‍ തന്നെ രൂപീകരിക്കപ്പെട്ടു. അന്നത്തെ മലബാര്‍ സ്‌പെഷല്‍ കമ്മീഷണറായിരുന്ന എഎന്‍ നാപ്പ് ചെയര്‍മാനും മദിരാശി മജിസ്‌ട്രേട്ട് അബ്ബാസ് അലി, മ ണ്ണാര്‍ക്കാട്ടെ കല്ലടി മൊയ്തുട്ടി, അഡ്വ. മഞ്ചേരി സുന്ദരയ്യര്‍ എ ന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. അവര്‍ അന്വേഷണം നടത്തി. റെയില്‍വേ ഉദ്യോഗസ്ഥന്‍മാര്‍, പോലിസ് മേധാവികള്‍, കോയമ്പത്തൂര്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരെയൊക്കെ കണ്ട് കമ്മീഷന്‍ തെളിവെടുത്തു. ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ സ്വാധീനിക്കാന്‍ ഇംഗ്ലീഷുകാര്‍ എല്ലാ വഴികളും പയറ്റിയെന്ന് അഹമ്മദാജി മരിക്കുന്നതിനുമുമ്പ് തുറന്നുപറഞ്ഞു. ദുര ന്തത്തില്‍ രക്ഷപ്പെട്ടവര്‍ സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം അന്വേഷണ കമ്മീഷനു മുമ്പില്‍ അവതരിപ്പിച്ചു. തടവുകാരെ കയറ്റിക്കൊണ്ടുപോയ വാഗണ്‍ യാതൊരു നിലയ്ക്കും മനുഷ്യരെ കയറ്റുന്നതിനുവേണ്ടി ഉണ്ടാക്കിയതായിരുന്നില്ലെന്നും അവര്‍ തെളിവു നല്‍കി.
എന്നാല്‍, പട്ടാളക്കാര്‍ വാദിച്ചത് തങ്ങള്‍ റെയില്‍വേ അധികൃത രോട് ആവശ്യപ്പെട്ടത് ദ്വാരങ്ങളുള്ളതും വലക്കെട്ടുകളുമുള്ള വാഗണായിരുന്നുവെന്നും പെയിന്റ് അടിച്ചതിനാല്‍ ദ്വാരങ്ങള്‍ അടഞ്ഞുപോയതാണെന്നുമാണ്. റെയില്‍വേ ആകട്ടെ ആളുകളെ കയറ്റാന്‍ പറ്റിയ വാഗണ്‍ പോലിസ് ആവശ്യപ്പെടാത്തതിനാലാണ് സാധനങ്ങള്‍ മാത്രം കയറ്റുന്ന വാഗണ്‍ നല്‍കിയ തെന്നും കമ്മിറ്റി മുമ്പാകെ വിശദീകരണം നല്‍കി. ഒടുവില്‍ കമ്മീഷന്‍ റിപോര്‍ട്ട് ഏറെ വിചിത്രമായിരുന്നു. 72 പേര്‍ മരിച്ച വാഗണ്‍ ദുരന്തത്തിന്റെ കാരണക്കാര്‍ വാഗണ്‍ നിര്‍മിച്ച കമ്പനി ക്കാരായിരുന്നു എന്ന് കണ്ടെത്തി. അത് ഏല്‍പിച്ചുകൊടുത്ത ട്രാഫിക് ഇന്‍സ്‌പെക്ടറെയും കുറ്റക്കാരായി കണ്ടെത്തി, ഖേദകരമെന്നു പറയട്ടെ തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഈ വാഗണില്‍ തടവുകാരെ കുത്തിനിറയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയ ഹിച്ച്‌കോക്കിനെയും പട്ടാള മേധാവികളെയും കമ്മീഷന്‍ നിരപരാധികളായി കണ്ടു. റെയില്‍വേ സര്‍ജന്റ് ആന്‍ഡ്രൂസിനെയും മറ്റൊരു പാവം പോലിസ് കോണ്‍സ്റ്റബിളിനെയും അവര്‍ ശിക്ഷിച്ചു. എങ്കിലും റിപോര്‍ട്ടില്‍ ആശ്വാസത്തിനു വക നല്‍കുന്ന ചില വരികളുണ്ടായിരുന്നു. തിരൂരില്‍നിന്നും മരണവാഗണ്‍ പുറപ്പെട്ടശേഷം അത് തുറന്നുനോക്കാനോ തടവുകാരുടെ കാര്യം ശ്രദ്ധിക്കാനോ തുനിഞ്ഞില്ലെന്നത് വലിയ കുറ്റം തന്നെയാണ്. ഈ 72 പേരും മരിച്ചത് ശ്വാസംമുട്ടി തന്നെയാണ്. ഈ വാഗണില്‍ 122 ആളുകള്‍ ഉണ്ടായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. ഇങ്ങിനെ വാഗണില്‍ കയറ്റി തടവുകാരെ അയക്കുന്നതിന്റെ ചുമതല ഇവാന്‍സ് കര്‍ണല്‍ ഹംഫിസ്, ഹിച്ച്‌കോക്ക് എന്നിവര്‍ക്കായിരുന്നു. കന്നുകാലികളെ കയറ്റിയയക്കുന്ന തുറന്ന വാഗണുകളായിരുന്നു തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. ക്രൂരരില്‍ ക്രൂരനായ ഹിച്ച്‌കോക്കാണ് ഈ സമ്പ്രദായം മാറ്റിയത്. അയാളാണ് സാധനങ്ങള്‍ കയറ്റുന്ന വാഗണ്‍ ഉപയോഗിക്കുന്നത് ലാഭമാണെന്ന് മനസിലാക്കി ഉപയോഗത്തില്‍ വരുത്തിയത്. പ്രവേശനകവാടം കയറിട്ട് കെട്ടിവയ് ക്കാനും സ്‌റ്റേഷനുകളില്‍ വണ്ടിയെത്തുമ്പോള്‍ വാതില്‍ തുറന്ന് ശുദ്ധവായു ശ്വസിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്താ ല്‍ മതിയെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. കാവല്‍ നില്‍ക്കാന്‍ പോലിസുകാരെ കിട്ടാത്തതിനാല്‍ ആ പതിവും അവ സാനിപ്പിച്ചു. മാപ്പിളമാര്‍ വാതില്‍ തുറക്കുമ്പോള്‍ ചാടിപ്പോകുമെന്ന് മേലുദ്യോഗസ്ഥന്‍മാരെ ധരിപ്പിച്ചാണ് കുത്തിനിറച്ച വാഗ ണില്‍ തടവുകാരെ കൊണ്ടുപോകുന്ന പതിവ് ഹിച്ച്‌കോക്ക് നടത്തിയത്. അതാണ് വാഗണ്‍ സംഭവത്തില്‍ അവസാനിച്ചത്. ക്രൂരതക്ക് കാരണക്കാരനായ ഹിച്ച്‌കോക്കിനെ അന്വേഷണ കമ്മീഷന്‍ ഒഴിവാക്കിയപ്പോള്‍ എല്ലാ കുറ്റവും ചുമത്തപ്പെട്ട റെ യില്‍ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വരുന്നതിനുമുമ്പുതന്നെ മരണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വാഗണ്‍ ദുരന്തത്തിന്റെ പേരില്‍ ആരും ശിക്ഷിക്കപ്പെടുകയുണ്ടായില്ല.
വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരില്‍ നാലുപേര്‍ ഹിന്ദുക്കളായിരുന്നു. തൃക്കലങ്ങോട്ടെ കൃഷിക്കാരനായിരുന്ന അക്കരവീട്ടില്‍ പുന്നംപള്ളി ചൂതന്‍ നായര്‍, തൃക്കലങ്ങോട്ടെ ഇയ്യാക്കില്‍ പാലത്തില്‍ ഉണ്ണിപ്പുറയന്‍ തട്ടാന്‍, ചേലേക്കാമ്പയില്‍ ചെട്ടിച്ചിപൂ എന്ന കൃഷിക്കാരന്‍, കൃഷിക്കാരനായ മേലേടത്ത് ശങ്കരന്‍നായര്‍ എന്നിവരായിരുന്നു അവര്‍. ഈ ദുരന്തത്തില്‍ രക്തസാക്ഷികളായവരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് സ്വന്തം പേരില്‍ ഭൂമിയുണ്ടായിരുന്നത്. അച്യുതന്‍ നായര്‍ക്കും ശങ്കരന്‍നായര്‍ക്കും മാത്രം. ബാക്കിയുള്ളവരൊക്കെ പാവപ്പെട്ട കൂലിപ്പണിക്കാരും കൃഷി തൊഴിലാളികളും ചെറിയ കച്ചവട ക്കാരുമായിരുന്നു. ഇവരില്‍ ഏറെ രക്തസാക്ഷികളുള്ളത് കരുവമ്പലത്തും പുന്നപ്പാലയിലും ചെമ്മലശ്ശേരിയിലും തൃക്കലങ്ങോട്ടുയുള്ളവരായിരുന്നു മരിച്ചവരില്‍ ഭൂരിഭാഗവും. വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരുടെ മയ്യത്തുമായി മരണവാഗണ്‍ തിരൂരിലേക്കുതന്നെ തിരിച്ചുവന്നു. മലബാര്‍ കലക്ടര്‍ തോ മസും ഉയര്‍ന്ന് പോലിസ് ഉദ്യോഗസ്ഥന്‍മാരും സംഭവസ്ഥല ത്ത് ഹാജരായിരുന്നു. മരണവണ്ടി വന്നുനിന്നതോടെ മയ്യിത്തു കളില്‍നിന്നുള്ള ദുര്‍ഗന്ധം പരിസരത്ത് നിറഞ്ഞു. വാഗണ്‍ തുറക്കാന്‍പോലും മടിച്ചും അറച്ചും ബന്ധപ്പെട്ടവര്‍ നിന്നു. പട്ടാള നിയമം നിലവിലുണ്ടായിരുന്നതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍പോലും റെയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നില്ല. വീടുകളി ല്‍നിന്നും പുറത്തിറങ്ങിയാല്‍ പട്ടാളം പിടിച്ചുകൊണ്ടുപോകു മെന്ന പേടിയില്‍ അവര്‍ നിന്നു. തിരൂരിലെ പൗരപ്രമുഖനായിരുന്ന കൈനിക്കര മമ്മിഹാജി കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഗണ്‍ ദുരന്തത്തില്‍പ്പെട്ടവരുടെ മയ്യി ത്തുകള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കുന്നതുവരെ ആരെയും അറ സ്റ്റു ചെയ്യില്ലെന്ന് ഉറപ്പില്‍ ഒരുപറ്റം മുസ്‌ലിംകള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി, സമുദായം മുഹമ്മദ്, കൈനിക്കര മമ്മുക്കയും മുന്നോട്ടുവന്ന് വാഗണിന്റെ വാതില്‍ തുറന്നു. അതിനുള്ളില്‍ നിന്നും പുറത്തുവന്ന് രൂക്ഷഗന്ധം അവരെ തലകറക്കിവീഴ്ത്തി. അന്യോന്യം കൂട്ടിപ്പിടിച്ച് കിടക്കുന്ന മൃതദേഹങ്ങള്‍ വേര്‍പ്പെടുത്താന്‍ തന്നെ ഏറെ പ്രയാസപ്പെടേണ്ടിവന്നു. മൂര്‍ദ്ധാവു പൊട്ടി തൊലിയുരിഞ്ഞ്, നാക്കുനീട്ടി, കണ്ണുതുറിച്ച് മലമൂത്ര രക്തവിയര്‍പ്പുകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന രംഗം അന്ന് പതിനൊന്നുകാരനായിരുന്ന വി പി ഉമ്മര്‍ മാസ്റ്റര്‍ വിശദീകരിക്കുന്നത് അങ്ങിനെയാണ്. മയ്യിത്തുകളില്‍ 44 എണ്ണം കോരങ്ങത്ത് പള്ളിയിലും എട്ടെണ്ണം കോട്ട് ജുമാഅത്ത് പള്ളിയിലും സംസ്‌കരിച്ചു. 101 കെട്ടുള്ള ഓരോ ചരട് എല്ലാ മയ്യത്തിന്റേയും കൂടെ വെച്ചിരുന്നു. നാല് ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ മുത്തൂ ര്‍കുന്നിലെ ഒരു കല്ലുവെട്ട് കുഴിയിലും സംസ്‌കരിച്ചു. അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹിച്ച്‌കോക്ക് കൊടുത്ത മൊഴി ഇങ്ങിനെയാണ്: ലഹളയുടെ ആരംഭഘട്ടത്തില്‍ തുറന്ന വണ്ടികളില്‍ മാപ്പിള തടവുകാരെ ലഹള പ്രദേശങ്ങളിലൂടെ കൊണ്ടുപോകുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി. എന്തെന്നാല്‍ അത് മറ്റുള്ളവര്‍ അവരെ കാണാനും രക്ഷപ്പെടുത്താനും ഇടവരുത്തിയേക്കും. ഒരിക്കല്‍ കോഴിക്കോട്ടുനിന്നും കണ്ണൂരി ലേക്ക് തടവുകാരെ കൊണ്ടുപോകുമ്പോള്‍ തീവണ്ടിയുടെ ജന ലുകളടയ്ക്കുവാന്‍ ഞാന്‍ കല്പന കൊടുത്തു. പുറത്തുള്ളവര്‍ തടവുപുള്ളികളോട് സംസാരിക്കുന്നത് തടയുവാനാണ് വാതി ലുകള്‍ അടയ്ക്കാന്‍ പറഞ്ഞത്. 32 തവണകളായി 2000ത്തോളം തടവുപുള്ളികളെ ഇങ്ങനെ വാഗണുകളില്‍ കയറ്റിയയച്ചിട്ടുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്. ഈ സംഭവം പുറത്തുവന്നപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമുയരുകയുണ്ടായി. ഈ സംഭവത്തില്‍ കമ്മീഷന്‍ കുറ്റക്കാരായി കണ്ട റെയില്‍വേ സര്‍ജന്റി ന്റേയും ഹെഡ് കോണ്‍സ്ട്രബിളിന്റേയും പേരില്‍ മദിരാശി ഗവണ്‍മെന്റ് കേസെടുത്തെങ്കിലും കോടതി ഇവരെ നിരപരാധിക ളാണെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. ദുരന്തത്തില്‍ മരിച്ച വരുടെ കുടുംബങ്ങള്‍ക്ക് 300 രൂപാ വീതം നഷ്ടപരിഹാരം കൊടുക്കാന്‍ മദിരാശി ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍, വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ ഈ നഷ്ടപരി ഹാരം വാങ്ങുവാന്‍ കൂട്ടാക്കിയിരുന്നില്ല. വാഗണ്‍ ദുരന്തത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന സ്ഥലങ്ങളായ തിരൂരിലും കരുവമ്പലത്തും ഇതിന്റെ സ്മാരകങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. തിരൂര്‍ നഗരസഭയുടെ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളാണ് അവയില്‍ പ്രധാനം. ഈ ടൗണ്‍ഹാ ളിനു മുന്നില്‍ മരണവാഗണിന്റെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. ടൗണ്‍ ഹാളിനുള്ളില്‍ മരിച്ചവരുടെ വിശദവിവരങ്ങള്‍ ശിലാഫലകത്തില്‍ കൊത്തിയിട്ടുണ്ട്. കരുവമ്പലത്തുകാരായ രക്തസാക്ഷി കള്‍ക്കുവേണ്ടി ജില്ലാ പഞ്ചായത്ത് ഒരു സ്മാരകം ഉണ്ടാക്കിയി ട്ടുണ്ട്. അവിടെ നല്ലൊരു ലൈബ്രറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
വാഗണ്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ നാടിന്റെ മോചനത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം.
RELATED STORIES
സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMT