- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലിനിപാറ: കൊറോണയുടെ പേരില്‍ ഒരു മുസ്ലിം ഗ്രാമം ചുട്ടെരിച്ച വിധം...!
തെലിനിപാറ(പശ്ചിമ ബംഗാള്‍): ലോകമെങ്ങും കൊറോണ മഹാമാരിക്കെതിരേ പൊരുതുമ്പോള്‍ പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് ഭാഗത്തുള്ള ഭദ്രേശ്വറിലെ തെലിനിപാറ എന്ന ഗ്രാമം വര്‍ഗീയതയ്ക്കെതിരേയാണ് പൊരുതുന്നത്. കാരണം, മഹാമാരിയുടെ പേരില്‍ സംഘപരിവാരം സൃഷ്ടിച്ചെടുത്ത ഇസ് ലാമോഫോബിയയെ തുടര്‍ന്ന് ഒരുനാള്‍ പൊടുന്നനെ ഈ ഗ്രാമം ചുട്ടെരിക്കപ്പെട്ടിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലനില്‍ക്കെയാണ്, സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ ഹൂഗ്ലി ജില്ലയുടെ കിഴക്കേ അറ്റത്തുള്ള തെലിനിപാറയെന്ന ഗ്രാമത്തില്‍ മുസ് ലിം വേട്ട നടത്തിയത്. കൊറോണ വാര്‍ത്തകള്‍ക്കിടയില്‍ അറിഞ്ഞോ അറിയാതെയോ ഒട്ടുമിക്ക മാധ്യമങ്ങളും പുറംലോകത്തെ അറിയിക്കാതിരുന്ന ക്രൂരതയുടെ നേര്‍സാക്ഷ്യങ്ങള്‍ 'ദി വയര്‍' പുറത്തുകൊണ്ടുവരുന്നു.
ഇക്കഴിഞ്ഞ മെയ് 10നു വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ചെറിയൊരു കശപിശ പോലിസെത്തി പരിഹരിച്ചു. മെയ് 11നു തിങ്കളാഴ്ച കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയി. എന്നാല്‍, മെയ് 12 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്ത് അതിക്രമിച്ചു കയറുകയും ആസൂത്രിത ആക്രമണങ്ങള്‍ നടത്തുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഹൂഗ്ലി ജില്ലയിലെ തൊട്ടടുത്തുള്ള ചന്ദനഗര്‍, ശ്രീരാംപൂര്‍, ഭദ്രേശ്വര്‍, തെലിനിപാറ തുടങ്ങിയ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി റദ്ദാക്കി.
സംഭവസ്ഥലം സന്ദര്‍ശിച്ച് 'ദി വയര്‍' ലേഖകന്‍ ഹിമാദ്രി ഘോഷ് തയ്യാറാക്കിയ റിപോര്‍ട്ടില്‍നിന്ന്:
കൊല്‍ക്കത്തയില്‍ നിന്ന് ഗ്രാന്‍ഡ് ട്രങ്ക് (ജിടി) റോഡിലേക്ക് പോവുമ്പോള്‍, ഭദ്രേശ്വരിലെ ബാബര്‍ ബസാര്‍ ജങ്നില്‍ കത്തിയമര്‍ന്ന ഒരു കട കണ്ടു, തെലിനിപാറയിലേക്ക് വലത്തേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ്. കരിപുരണ്ട ചുവരില്‍ 'സാദ്' എന്ന പേര് ഇപ്പോഴും കാണാം. ഭദ്രേശ്വര്‍ അഗ്നിശമന സേനയുടെ എതിര്‍വശത്തെ ഒരു മുസ് ലിം പള്ളി നശിപ്പിക്കപ്പെട്ടു. തകര്‍ന്ന ഇഷ്ടികകളും കീറിപ്പറിഞ്ഞ പതാകകളും പള്ളിയുടെ തറയില്‍ കിടക്കുന്നത് കാണാം. ഭദ്രേശ്വരില് അന്തരീക്ഷം ശാന്തമായിരുന്നു. എന്നാലും മാര്‍ക്കറ്റിലുള്ളവര്‍ തെലിനിപാറ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. റോഡ് ഭാഗികമായി പോലിസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. തെലിനിപാറയുടെ ഉള്‍ഭാഗങ്ങളിലേക്ക്, അക്രമം നടന്ന സ്ഥലങ്ങളിലേക്ക് നടന്നപ്പോള്‍ കുറച്ച് ആളുകളെ മാത്രമേ കാണാനായുള്ളൂ. പുറത്തേക്കിറങ്ങിയവരുടെയെല്ലാം മുഖത്ത് ഭീതി നിഴലിച്ചിരുന്നു.
ദിനെര്‍ദംഗ സ്ട്രീറ്റിന്റെ അവസാനത്തോടടുക്കുമ്പോള്‍, തെലിനിപാറ ഘട്ടിന് തൊട്ടുമുമ്പുള്ള ഒരു ക്രോസ്റോഡില്‍ സ്പെഷ്യല്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്(എസ്ഐആര്‍ബി) ഉദ്യോഗസ്ഥരെ കണ്ടു. 30 ഓളം എസ്ഐആര്‍ബി ഉദ്യോഗസ്ഥരെയാണ് ജങ്ഷനില്‍ ജോലിക്ക് നിയോഗിച്ചിട്ടുള്ളതെന്ന് ഒരു പോലിസുകാരന് വെളിപ്പെടുത്തി. ജിടി റോഡില്‍ നിന്ന് ജങ്ഷനിലേക്കുള്ള ഹിന്ദുക്കള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലത്താണ് ആദ്യം പോയത്. കത്തിനശിച്ച രണ്ട് വാഹനങ്ങള്‍ ഒഴികെ, കേടുവന്ന വീടുകളോ സ്വത്ത് നശിപ്പിക്കലോ അവിടെ കണ്ടില്ല. തീവച്ചുനശിപ്പിച്ച ഒരു വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഉടമയുടെ പേര് ഗുലം സര്‍വര്‍ അന്സാരിയാണെന്നു കണ്ടെത്തി. രണ്ടാമത്തെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മനസ്സിലാവാത്തതിനാല്‍ ഉടമയെ തിരിച്ചറിയാനായില്ല.
മെയ് 12നു നടന്ന അക്രമത്തെക്കുറിച്ച് പ്രദേശവാസികളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഒന്നുമറിയില്ലെന്നായിരുന്നു മറുപടി നല്‍കിയത്. കത്തിച്ച വാഹനങ്ങള്‍ ആരുടേതാണെന്ന് അറിയുമോയെന്നും എപ്പോഴാണ് അക്രമം നടന്നതെന്നുമെല്ലാം ചോദിച്ചെങ്കിലും ആരുമാരും അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇവിടെ നിന്ന ഗോണ്ടല്‍പാറ മില്ലിലേക്ക് നടക്കുമ്പോഴാണ്, ആക്രമണത്തിനിരയാക്കപ്പെട്ട മുസ് ലിംകളുടെ വീടുകളും മറ്റും കണ്ടെത്തിയത്. തകര്‍ന്ന വാതിലുകള്‍, കത്തിയമര്‍ന്ന ടെലിവിഷന്‍ കേബിളുകളും വൈദ്യുതി വയറുകളും, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് മേല്‍ക്കൂരയും മതിലുകളും തകര്‍ന്ന വീടുകളുമായിരുന്നു കാണാനായത്. ദിവസങ്ങള്‍ക്കു ശേഷം രണ്ട് വീടുകളില്‍ നിന്ന് അപ്പോഴും കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. റോഡ് നിറയെ വലിയ കല്ലുകള്‍, വിറകുകള്‍, ഇരുമ്പുവടികള്‍, തകര്‍ന്ന കുപ്പികള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. കുപ്പികളില്‍ ഭൂരിഭാഗത്തിനും മണ്ണെണ്ണ മണക്കുന്നു. മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള ഫോട്ടോകോപ്പി, പലചരക്ക്, ഇറച്ചി കടകള്‍ കത്തിക്കരിഞ്ഞിരിക്കുകയാണ്. അതേസമയം, സമീപത്തു തന്നെയുള്ള ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടു പലചരക്ക്, തയ്യല്‍ കടകള്‍ യാതൊരു കേടുപാടുമില്ലാതെ അവിടെ നില്‍ക്കുന്നുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി റിക്ഷകള്‍, മോട്ടോര്‍ ബൈക്കുകള്‍, സൈക്കിളുകള്‍, ഒരു ചെറിയ ടെംപോ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.
മുന്‍വാതിലില്‍ 'ഓം' ചിഹ്നമുള്ള, ഒറ്റനോട്ടത്തില്‍ ഒരു ഹിന്ദു കുടുംബത്തിന്റേതാണെന്നു തിരിച്ചറിയുന്ന ഒരു വീടിന്റെ ഒരുഭാഗം മാത്രം കേടുപാട് സംഭവിച്ച നിലയില്‍ കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പ്രദേശവാസിയായ ഒരാള്‍ പറഞ്ഞു, 'ഈ (ഹിന്ദു) വീടിന് അടുത്തുള്ള മുസ് ലിം വീട് സിലിണ്ടര്‍ കത്തിയതിനെ തുടര്‍ന്നാണ് മതിലിന് കേടുപാട് പറ്റിയതെന്ന്'. അക്രമികള്‍ മുസ് ലിം വീട്ടില്‍ സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്തിയപ്പോഴാണ് സമീപത്തെ വീടിനു പോറലേറ്റത്. നാശനഷ്ടങ്ങള്‍ പരിശോധിക്കുകയായിരുന്ന ഒരു പോലിസ് ഉദ്യോഗസ്ഥന് അക്രമം ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ളതാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു കടയിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു: 'നോക്കൂ, ആ കടയ്ക്ക് കേടുപാടുകളില്ല. അതില്‍ എഴുതിയ പേര് വായിച്ചുനോക്കൂ. അപ്പോഴറിയാം'. 'ആക്രമണം ആസൂത്രണം ചെയ്തതില്‍ ചില പ്രദേശവാസികളും ഉണ്ടായിരുന്നു. അല്ലാതെയെങ്ങനെ ഓരോ വീടും കൃത്യമായി കണ്ടെത്താനും ടാര്‍ഗറ്റ് ചെയ്യാനും പുറത്തുനിന്നുള്ളവര്‍ക്ക് സാധിക്കും. ഇവിടെ ഉപയോഗിച്ച പെട്രോള്‍ ബോംബുകളുടെ അളവില്‍നിന്നു തന്നെ ആക്രമണകാരികള്‍ എത്ര തയ്യാറെടുപ്പോടെയാണ് എത്തിയതെന്ന് മനസ്സിലാക്കിത്തരുന്നു. മെയ് 12ന് ശേഷം കൂടുതല്‍ അക്രമങ്ങളൊന്നും നടന്നിട്ടില്ല. ഇപ്പോള്‍ സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്നും പോലിസുകാരന് പറഞ്ഞു.
മെയ് 12ന് ഉച്ചതിരിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ 53 കാരനായ മുഹമ്മദ് മുസ്താക്ക് കണ്ടത്, മുഖംമൂടി ധരിച്ച ഒരു സംഘം തന്റെ വീടും കടയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുന്നതായിരുന്നു. മുസ്താക് പ്രദേശത്തെ കേബിള്‍ ഓപറേറ്ററാണ്. ഫോട്ടോകോപ്പി ഷോപ്പും നടത്തുന്നു. ഇരുമ്പുവടികളും കല്ലുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ച് ആയുധധാരികളായ 'ജയ് ശ്രീ റാം' വിളിച്ചെത്തിയ സംഘമാണ് ആക്രമിച്ചത്. ''ഞങ്ങളെ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്റെ പുതിയ സിറോക്സ് മെഷീന് കത്തിച്ചു. ഞാന്‍ കൈകൂപ്പി അവരോട് അപേക്ഷിച്ചു. പക്ഷേ അവര്‍ ഗൗനിച്ചില്ല. ഞങ്ങള്‍ക്കിപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ല'' കണ്ണീരോട് മുസ്തക് പറഞ്ഞു. തെരുവിലെ ഒരു മൂലയില്‍ ഇരിക്കുന്ന മുസ്താക്കിന്റെ 83 വയസ്സുള്ള പിതാവിനെ ഞങ്ങള്‍ കണ്ടു. വയോധികന് ആകെ തകര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. 'കത്തിക്കരിഞ്ഞ ഫോട്ടോകോപ്പി ഷോപ്പിന് പുറമെ, ഞങ്ങള്‍ക്ക് രണ്ട് ഷോപ്പുകള്‍ കൂടിയുണ്ട്. അത് രണ്ടും ഹിന്ദുക്കള്‍ക്ക് വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. ആ കടകള്‍ക്ക് ഒന്നും സംഭവിച്ചില്ല. മുസ്ലിംകളെ ലക്ഷ്യമിട്ടാണ് കലാപമെന്ന് തെളിയിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന് മുസ്താക്കിന്റെ ഭാര്യ ഷബാന ഖാത്തുന്‍ ചോദിക്കുന്നു.
തെലിനിപാറയിലും പോലിസെത്താന്‍ ഏറെ വൈകി
കലാപം നടന്ന എല്ലായിടത്തെയും പോലെ ഇവിടെയും പോലിസ് വളരെ വൈകിയാണ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നുവെന്ന് പ്രദേശവാസിയായ മുഹമ്മദ് അന്‍സാരി പറഞ്ഞു, 'മെയ് 12ന് ഉച്ചയ്ക്ക് 12.30-1.00 ഓടെയാണ് സംഭവം ആരംഭിച്ചത്. ആയുധധാരികളായ ചിലര്‍ എത്തിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. അവര്‍ ഗോണ്ടല്‍പാറ മില്ലിലെ മുസ് ലിം പ്രദേശങ്ങളിലും മുസ് ലിം വീടുകളിലും ബോംബെറിയുന്നതായും അറിഞ്ഞു. ഞാന്‍ ഭദ്രേശ്വര്‍ പോലിസിനെ വിളിച്ച് സ്ഥിതിഗതികളെക്കുറിച്ച് അറിയിച്ചു. എന്റെ സഹോദരന് അഗ്നിശമന സേനയെ വിളിച്ചു. പക്ഷേ, ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പോലിസെത്തിയത്. അപ്പോഴേക്കും വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. കൂടാതെ 10, 12 പോലിസുകാര്‍ മാത്രമാണ് ആദ്യം വന്നത്. അക്രമിക്കൂട്ടം പോലിസിനെയും ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. കൂടുതല്‍ പോലിസുകാര്‍ എത്തുമ്പോഴേക്കും വൈകീട്ട് 4 മണിയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
തെലിനിപാറ ഘട്ടിനടുത്ത് ഒരു പൊതു ടോയ്ലറ്റ് ഉപയോഗത്തെ ചൊല്ലിയുള്ള നിസാര പ്രശ്നമാണ് ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കിയ വര്‍ഗീയ കലാപത്തിലേക്കെത്തിച്ചത്. മെയ് 10 ഞായറാഴ്ച വൈകീട്ടാണ് പ്രശ്നം ആരംഭിച്ചതെന്ന് വിരമിച്ച മില്‍ തൊഴിലാളിയായ ഷംസുദ്ദീന് പറഞ്ഞു. മുസ് ലിം പ്രദേശത്തെ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവാണെന്നു ഷംസുദ്ദീന്റെ അയല്‍വാസി രാജ്കുമാര് റോയ് പറഞ്ഞു. വൈറസ് പടരുമെന്ന് ഭയന്ന് ഹിന്ദു സമുദായത്തിലെ ചില അംഗങ്ങള്‍ പൊതു ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് മുസ്ലിംകളെ തടഞ്ഞു. ഇത് ചെറിയ കലഹത്തിലേക്ക് നയിച്ചു. ഞായറാഴ്ച വൈകീട്ടുണ്ടായ സംഭവം പോലിസ് ഇടപെട്ട രാത്രി തന്നെ പരിഹരിച്ചു. തിങ്കളാഴ്ച അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്നു പ്രദേശവാസിയായ ദിനേശ് ഷാ പറഞ്ഞു. കൊറോണ വൈറസ് പ്രശ്നം കാരണം അടുത്ത ദിവസം ഒരു കലാപമുണ്ടാവുമെന്ന് അപ്പോള്‍ ആരും കരുതിയിരുന്നില്ലെന്നും ഷാ പറഞ്ഞു. അക്രമ ദിവസം, ഗൊണ്ടല്‍പാറയിലെ മുസ് ലിം പ്രദേശത്തേക്ക് ആയുധമായെത്തി സംഘത്തെ താന്‍ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ തന്നെ കഠിനമായി മര്‍ദ്ദിച്ചെന്നും ഷംസുദ്ദീന് പറഞ്ഞു. അതേസമയം, പാല് വില്‍ക്കുന്ന ഹിന്ദു സഹോദരന്മാര് അവരെ തടയാന്‍ ശ്രമിച്ചു. അവര്‍ ഞങ്ങളെ വളരെയധികം സഹായിച്ചു. അല്ലെങ്കില്‍, കാര്യങ്ങള്‍ ഇതിലും കൂടുതല്‍ മോശമാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗോണ്ടല്പാറയില് നിന്ന് ഭദ്രേശ്വര്‍ മുനിസിപ്പാലിറ്റിയുടെ ഒമ്പതാം വാര്‍ഡിന്റെ ഭാഗമായ ഫെറി ഘട്ട് തെരുവിലേക്കാണു പോയത്. വഴിമധ്യേയുള്ള ഓവുചാലില്‍ ഗ്യാസ് സിലിണ്ടറുകളും ഒരു മോട്ടോര്‍ സൈക്കിളും കിടക്കുന്നത് കണ്ടു. അവിടെയുണ്ടായിരുന്ന രണ്ട് എസ്ഐആര്‍ബി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ''നിങ്ങള്‍ സ്ഥലം സന്ദര്‍ശിക്കൂ. ആരുടെ സ്വത്തുക്കളാണ് തകര്‍ത്തതെന്ന് നിങ്ങള്‍ക്ക് കാണാനാവും. റോഡ് നിറയെ പൂര്‍ണമായും ചില്ലുകളാണ്. നിരവധി പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചതിന്റെ തെളിവാണിത്. ഒരു കുപ്പിയിലെ ദ്രാവകത്തിന്റെ നിറംമാറ്റത്തില്‍ നിന്ന് ആസിഡും ഉപയോഗിച്ചതായി മനസ്സിലായെ''ന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ പക്കല്‍ ലാത്തികളും മാരകമല്ലാത്ത ചില ആയുധങ്ങളും മാത്രമേയുള്ളൂ. വടികളും മറ്റു സാധനങ്ങളുമായെത്തുന്ന 500-600 പേരടങ്ങുന്ന ജനക്കൂട്ടത്തെ എങ്ങനെയാണ് നിയന്ത്രിക്കാനാവുക?'-പോലിസുകാരന് ചോദിച്ചു. തെലിനിപാറയില്‍ ഇരുസമുദായങ്ങള്‍ക്കിടയില്‍ മുമ്പും നിരവധി തവണ ചെറിയ സംഘട്ടനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത് വന്‍ ആക്രമണമായി മാറിയെന്നും പ്രദേശവാസി സാക്ഷ്യപ്പെടുത്തുന്നു.
അക്രമികളെത്തിയത് പുഴ കടന്ന്
തെലിനിപാറ നിവാസിയായ എം ഡി സലിം ഭീതിയോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. വന്‍തോതിലാണ് അക്രമികളെത്തിയത്. വളരെയധികം വെടിമരുന്ന് ഉപയോഗിച്ചതിനാല്‍ ഞങ്ങള്‍ക്ക് അവയെ പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞില്ല. തീപ്പിടിച്ച വീടുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, അത് അഞ്ച് വീടുകളുടെ ഒരു കൂട്ടമായിരുന്നു. ഒറ്റ മതിലുകളില്‍ പങ്കിടുന്നവ. ഈ വീടിന് തീയിട്ടു. അതിനകത്ത് ഒരു സിലിണ്ടര്‍ ഉണ്ടായിരുന്നു. ഞാന്‍ അകത്തേക്കോടി സിലിണ്ടര്‍ പുറത്തെടുത്ത് മണലില്‍ മൂടി. ഞാന്‍ കുറച്ച് മിനിറ്റ് വൈകിയിരുന്നെങ്കില്‍ അഞ്ച് വീടുകളും കത്തിയമര്ന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
അക്രമബാധിത പ്രദേശത്തിന് ചുറ്റും മൂന്നുഭാഗവും കരയും ഒരുഭാഗം പുഴയുമാണ്. ഹൂഗ്ലിയുടെ തീരത്താണ് ഗോണ്ടല്‍പാറ മില്‍ സ്ഥിതിചെയ്യുന്നത്. എതിര്‍വശത്ത് ബരാക്പൂര്‍ ജില്ലയില്‍ വരുന്ന ജഗത്ദാല്‍. ജഗദാല്‍ പ്രദേശം ബരാക്പൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ബിജെപിയുടെ സിറ്റിങ് എംപി അര്ജുന് സിങിന്റെ അനുയായികള്‍ ചെറിയ ബോട്ടുകളില്‍ തെലിനിപാറയിലേക്ക് വന്നതായും സലീം ആരോപിച്ചു.
ഫെറി ഘട്ട് സ്ട്രീറ്റിലെ പോലിസ് സബ് ഇന്‍സ്പെക്ടര്‍ എംഡി നിഹാലിന്റെ വീടും നശിപ്പിക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി. അടുത്ത വീട്ടിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതം കാരണം അദ്ദേഹത്തിന്റെ വീടിന്റെ ചുമരുകളിലൊന്ന് വിള്ളലുകള്‍ വീണിട്ടുണ്ട്. നിഹാലിന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സമീപ പ്രദേശമായ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള ബസിര്‍ഹത്ത് പോലിസ് സ്റ്റേഷനിലാണ് നിഹാലിനു ഡ്യൂട്ടിയെന്നതിനാല്‍ കുടുംബത്തോടൊപ്പം അവിടേക്ക് താമസം മാറ്റുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതിനടുത്ത് തന്നെ, ഗൊണ്ടല്‍പാറ ജ്യൂട്ട് മില്‍ തൊഴിലാളിയായിരുന്ന 50 കാരനായ സുല്‍ഫിക്കര്‍ അന്‍സാരിയുടെ വീടും കത്തിച്ചിട്ടുണ്ട്. തൊട്ടടുത്ത് പ്രാദേശിക കൗണ്‍സിലറുടെ വീടാണ്. എന്നാല്‍ ആക്രമണം നടക്കുമ്പോള്‍ ആരും ഇടപെട്ടില്ല. പ്രായമായ പിതാവിനെ മര്‍ദ്ദിച്ചു. ഞാന്‍ കൈകൂപ്പി അപേക്ഷിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ല. അവരെന്റെ പശുവിനെയും കൊണ്ടുപോയി. ജോലി നഷ്ടപ്പെട്ടശേഷം എന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു അതെന്നും അന്‍സാരി പറഞ്ഞു.
അയല്‍വാസികള്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് അവരെ സഹായിക്കാതിരുന്നതെന്നു വാര്‍ഡ് കൗണ്‍സിലര്‍ ചിത്ര ചൗധരിയോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഏറെ വിചിത്രമായിരുന്നു. 'ആ സമയം എന്റെ മകന് എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ എന്നെയാണോ എന്റെ മകനെയാണോ രക്ഷിക്കേണ്ടത്. അതോ മറ്റുള്ളവരെ രക്ഷിക്കാന്‍ പോകണോ?. ഇരുവിഭാഗങ്ങള്‍ ബോംബെറിയുമ്പോള്‍ ഞാന്‍ അതിനിടയില്‍ നില്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ചിത്ര ചൗധരി ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇരകള്‍ക്കൊപ്പം നിലകൊള്ളേണ്ടതല്ലേയെന്ന ചോദ്യത്തിന് അവരുടെ മറുപടിയും സമാനമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായ ചൗധരിയും ഭര്‍ത്താവുമാണ് 25 വര്‍ഷത്തിലേറെയായി ഇവിടെ കൗണ്‍സിലറായിരുന്നത്. ആക്രമണശേഷം ഒരു രാഷ്ട്രീയക്കാരന് പോലും അവരെ സന്ദര്‍ശിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലം എംഎല്‍എയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അംഗവുമായ ഇന്ദ്രനില് സെന്‍ മണ്ഡലം സന്ദര്‍ശിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഭദ്രേശ്വര്‍, തെലിനിപാറ എന്നിവ ഉള്‍പ്പെടുന്ന സ്ഥലത്ത് വിവര, സാംസ്കാരിക കാര്യ സഹമന്ത്രി കൂടിയായ ഇന്ദ്രനില് സെന്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സജീവമാവുന്നതെന്നും അവര്‍ ആരോപിച്ചു. നിരവധി തവണ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
'മെയ് 10നു ഞായറാഴ്ചയിലെ സംഭവശേഷം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച ആസൂത്രിതമായി സായുധധാരികളെത്തുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 91 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. അടുത്ത ദിവസം 35 ഓളം പേരെ അറസ്റ്റ് ചെയ്തെന്നും ചന്ദനഗര്‍ പോലിസ് കമ്മീഷണര്‍ ഹുമയൂണ്‍ കബീര്‍ ദി വയറിനോട് പറഞ്ഞു.
കലാപം ആളിക്കത്തിക്കാന്‍ വ്യാജപ്രചാരണം
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകനുമായ കൈലാഷ് വിജയവര്‍ഗിയ മെയ് 12 ഉച്ചയ്ക്ക് ഹുബ്ലി ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയുടെ വീഡിയോ ട്വീറ്റ് ചെയ്തു. അതില്‍ ഹിന്ദു വീടുകള്‍ കത്തിനശിക്കുകയാണെന്നും പ്രദേശവാസികളില്‍ നിന്ന് എനിക്ക് നിരവധി ഫോണുകളാണ് വരുന്നതെന്നും പറയുന്നു. ഏകപക്ഷീയമായ ആക്രമണത്തില്‍ തെലിനിപാറ കത്തിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന ഭരണകൂടം നോക്കിനില്ക്കുകയാണെന്നുമായിരുന്നു പ്രചാരണം. ഇതേസമയം തന്നെ തെലിനിപാറയില്‍ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന വിധത്തിലുള്ള സമാനമായ നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. ഒരു വിക്കിന്യൂസ് പേജില്‍ 2020 മെയ് 12 ചൊവ്വാഴ്ച '2020 തെലിനിപാറ ഹിന്ദു വിരുദ്ധ കലാപം' എന്നാണ് തലക്കെട്ട് നല്‍കിയത്. ബംഗാളിലെ ഏറ്റവും വലിയ പ്രചാരമുള്ള പത്രമായ 'ആനന്ദബസാര്‍ പത്രിക'യുടെ പേരില്‍ വ്യാജമായുണ്ടാക്കിയ വെബ്സൈറ്റില്‍ നിന്നാണ് തെലിനിപാറ സംഭവത്തെക്കുറിച്ച് തെറ്റായതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഏപ്രില്‍ 7ന് ഈ പോര്‍ട്ടല്‍ അപ്രത്യക്ഷമായി. മറ്റൊരു രാജ്യത്ത് നടന്ന അക്രമത്തിന്റെ ചിത്രങ്ങള്‍ തെലിനിപാറയിലെ ഹിന്ദു വിരുദ്ധ കലാപമെന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ഇന്ത്യാ ടുഡേ വസ്തുതാ പരിശോധന സംഘം കണ്ടെത്തി. ട്വിറ്റര്‍, ഫേസ്ബുക്ക് ഉപയോക്താക്കളും വ്യാജ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.
മൂന്ന് മണിക്കൂറിലേറെ അക്രമബാധിത പ്രദേശമായ തെലിനിപാറയില്‍ ചെലവഴിച്ച വയര്‍ ലേഖകന്‍ വിവിധ സമുദായങ്ങളില്‍ നിന്നുള്ള ഒന്നിലേറെ പേരോട് സംസാരിച്ചതില്‍ നിന്നും മുസ് ലിം പ്രദേശങ്ങളിലാണ് വന്‍ നാശനഷ്ടമുണ്ടായതെന്നു കണ്ടെത്തി. രാജ ബസാറിലെ ഹിന്ദു കുടുംബങ്ങളിലുള്ള ചില വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മെയ് 12ന് സംഭവിച്ചത് ആസൂത്രിത ആക്രമണമാണെന്നു വ്യക്തമാവുകയാണ്. ഒറ്റപ്പെട്ട സ്ഥലത്തുള്ള മുസ് ലിം വീടുകളും കടകളും കൃത്യമായി നശിപ്പിക്കാന്‍ കഴിഞ്ഞത് പ്രദേശവാസികളില്‍ ചിലരുടെ സഹായത്തോടെയാണെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്.
ചിത്രങ്ങള്‍ക്കു കടപ്പാട്: ദി വയര്‍
RELATED STORIES
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും; വഖ്ഫ് നിയമഭേദഗതി...
24 Nov 2024 4:38 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTസി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
20 Nov 2024 10:30 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTമണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMT