Big stories

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് നേട്ടം നിലനിര്‍ത്തുമോ?

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് നേട്ടം നിലനിര്‍ത്തുമോ?
X

താരതമ്യേന പുതിയ ജില്ലയായ പത്തനംതിട്ടയില്‍ അടൂര്‍, ആറന്മുള, കോന്നി, റാന്നി, തിരുവല്ല എന്നിങ്ങനെ അഞ്ച് നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. പൊതുവെ എല്‍ഡിഎഫിന് ഭൂരിപക്ഷമുളള ഈ ജില്ലയില്‍ 2011 തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മൂന്നും യുഡിഎഫിന് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. 2016ല്‍ എല്‍ഡിഎഫ് സീറ്റിന്റെ എണ്ണം നാലായി വര്‍ധിപ്പിച്ചു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അടൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയും മണ്ഡലം എല്‍ഡിഎഫ് പിടിക്കുകയും ചെയ്തു. അതോടെ ജില്ലയിലെ മുഴുവന്‍ മണ്ഡലവും എല്‍ഡിഎഫിന്റെ കയ്യിലായി. 2021ലെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ കയ്യിലാണ്.

അതേസമയം വോട്ടുവിഹിതത്തിന്റെ പ്രവണത മറ്റൊരു തലത്തിലാണെന്നതാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവചനത്തെ സങ്കീര്‍ണമാക്കുന്നത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 46.44 ശതമാനം വോട്ട് എല്‍ഡിഎഫും 45.87 ശതമാനം വോട്ട് യുഡിഎഫും നേടി. ആ വര്‍ഷം 5.78 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അതായത് 2016ല്‍ എല്‍ഡിഎഫിന്റെ വോട്ട് 42 ശതമാനമായി കുറഞ്ഞു. യുഡിഎഫ് വിഹിതം 37.54 ശതമാനത്തിലേക്കും താഴ്ന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടികളുടെയും മുന്നണികളുടെയും വോട്ട് വിഹിതം പരിശോധിച്ചാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ബിജെപിയാണെന്ന് കാണാം. 2011ല്‍ വോട്ട് വിഹിതം 5.78 ശതമാനമായിരുന്നത് 2016ല്‍ 19.09 ശതമാനമായി വര്‍ധിച്ചു.

പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണയായി യുഡിഎഫിനെയാണ് വോട്ടര്‍മാര്‍ തുണച്ചത്. 2009ലും 2014ലും 2019ലും കോണ്‍ഗ്രസ്സിലെ ആന്റോ ആന്റണി മോശമല്ലാത്ത ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെയും വോട്ട് വിഹിതം കുറയുന്ന പ്രവണത ദൃശ്യമാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന് 32.80 ശതമാനം വോട്ടാണ് ലഭിച്ചത്. 2014ല്‍ അത് 41.19 ശതമാനവും അതിനു മുമ്പ് 51.21 ശതമാനവുമായിരുന്നു. രണ്ടാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് 28.97 ശതമാനമാണ് അവസാന തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2014ല്‍ സ്ഥിതി അതിനേക്കാള്‍ മെച്ചമായിരുന്നു, 34ശതമാനം. അതിന് മുന്‍ തിരഞ്ഞെടുപ്പില്‍ 37 ശതമാനമുണ്ടായിരുന്നു. ഇവിടെയും ബിജെപിയാണ് നേട്ടം കൊയ്തത്. ബിജെപിക്ക് 2009ല്‍ നിന്ന് 2019ലെത്തുമ്പോള്‍ വോട്ട് വിഹിതം 7ല്‍ നിന്ന് 28 ശതമാനമായി വര്‍ധിച്ചു.

ഏറ്റവും അവസാനം നടന്ന 2020ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ചെറിയ മുന്‍തൂക്കം എല്‍ഡിഎഫിനായിരുന്നു. 53 ഗ്രാമപഞ്ചായത്തും 8 ബ്ലോക്ക് പഞ്ചായത്തും 1 ജില്ലാ പഞ്ചായത്തും 4 മുനിസിപ്പാലിറ്റികളുമുളള ജില്ലയില്‍ ചെറിയ ആനുകൂല്യം എല്‍ഡിഎഫിനായിരുന്നുവെന്നു പറയാം. ഗ്രാമപഞ്ചായത്ത് 53ല്‍ രണ്ട് മുന്നണികളും 23 പഞ്ചായത്ത് വീതം നേടി. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം 8ല്‍ ആറെണ്ണം, യുഡിഎഫ് 2എണ്ണംകൊണ്ട് തൃപ്തിപ്പെട്ടു. കൂടാതെ ജില്ലാ പഞ്ചായത്തും എല്‍ഡിഎഫ് നേടി. എന്‍ഡിഎ നാല് പഞ്ചായത്തില്‍ ഭരണത്തിലുണ്ട്.

അടൂര്‍, പന്തളം നഗരസഭകളും തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന അടൂര്‍ മണ്ഡലം 2011 മുതല്‍ പട്ടികജാതി സംവരണമണ്ഡലമാണ്. നിലവില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറാണ് ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചത്. കോണ്‍ഗ്രസ്സിന്റെ കെ കെ ഷാജുവിനെയാണ് ഗോപകുമാര്‍ തോല്‍പ്പിച്ചത്. 2011ലും ഈ മണ്ഡലം പട്ടികജാതി സംവരണമണ്ഡലമായിരുന്നു. 2011ലും ചിറ്റയം ഗോപകുമാര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

1991 മുതല്‍ 5 തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ്സിനെ തുണയ്ക്കുക മാത്രമല്ല, കോണ്‍ഗ്രസ്സിന്റെ ശക്തനായ വക്താവ് തിരുവഞ്ചൂരിനെ വിജയിപ്പിക്കുകയും ചെയ്തിരുന്ന ഈ മണ്ഡലം പക്ഷേ, പട്ടികജാതി സംവരണത്തിലേക്ക് മാറിയതോടെ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. സംവരണമണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് മാറി. പകരം പന്തളം സുധാകരന്‍ കളത്തിലേക്കു വന്നു. തിരുവഞ്ചൂരിന്റെ വിജയം പക്ഷേ, പന്തളത്തിന് ആവര്‍ത്തിക്കാനായില്ല. 96,073 പുരുഷ വോട്ടര്‍മാരും 1,10,619 വനിതാവോട്ടര്‍മാരുമുളള ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 74.52 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ രണ്ട് തവണ എല്‍ഡിഎഫിനെ തുണച്ച അടൂര്‍ മണ്ഡലം പക്ഷേ, യുഡിഎഫിന് അപ്രാപ്യമെന്ന് കരുതാനാവില്ല. 1965ല്‍ രൂപീകരിക്കപ്പെട്ട ഈ മണ്ഡലത്തിന്റെ ചരിത്രത്തില്‍ 12 തിരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ ആദ്യ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ കെ ഗോപാലന്‍ ജയിച്ചശേഷം രണ്ട് തവണ സിപിഐ മണ്ഡലം ഭരിച്ചു. അടുത്ത രണ്ട് തവണയും യുഡിഎഫിനായിരുന്നു നറുക്ക്. 1987ല്‍ സിപിഎം മണ്ഡലം പിടിച്ചെടുത്തെങ്കിലും നീണ്ട അഞ്ച് തിരഞ്ഞെടുപ്പുകളും പിന്നീട് കോണ്‍ഗ്രസ്സിനായിരുന്നു വിജയം. അതേസമയം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തുണച്ച മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ തുണച്ചു. കഴിഞ്ഞ രണ്ട് തവണ ഇവിടെനിന്ന് വിജയിച്ച ചിറ്റയം തന്നെ ഇത്തവണയും ഇവിടെ നിന്ന് മല്‍സരിക്കുമെന്നാണ് സൂചന. സിപിഐ രണ്ട് തവണ മല്‍സരിച്ചവരെ ഒഴിവാക്കുകയാണെങ്കില്‍ സ്ഥിതി മാറിയേക്കും. കോണ്‍ഗ്രസ്സില്‍ നിന്ന് പന്തളം പ്രതാപനെപ്പോലുള്ളവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ ആസ്ഥാനം അടങ്ങുന്ന ആറന്മുള മണ്ഡലത്തെ പതിറ്റാണ്ടുകളോളം കെ കെ നായരാണ് പ്രതിനിധീകരിച്ചിരുന്നത്. പത്തനംതിട്ട ജില്ല തന്നെ കെ കെ നായരുടെ കൂടി ശ്രമഫലമായാണ് രൂപീകരിക്കപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ ഈ ജില്ലയില്‍ ഏഴ് മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ജനസംഖ്യാനുപാതികമായി എണ്ണം അഞ്ചാക്കി കുറയ്ക്കുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ സമ്മതിദായകരുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഏകദേശം 1,22960 സ്ത്രീകളും 1,10,404 പുരുഷന്മാരുമടക്കം ആകെ 2,33,365 വോട്ടര്‍മാര്‍, ഒരു ട്രാന്‍സ്ജന്ററും ഈ മണ്ഡലത്തിലുള്‍പ്പെടുന്നു.

പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കില്‍ ഉള്‍പ്പെടുന്ന ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേര്‍ന്ന നിയമസഭാമണ്ഡലമാണ് ഇത്.

രണ്ട് മുന്നണികളും മാറിമാറി കയ്യില്‍വച്ച ഈ മണ്ഡലത്തില്‍ ബിജെപിയും വളര്‍ച്ചയുടെ പാതയിലാണ്. വിമാനത്താവള വിരുദ്ധസമരം പ്രദേശത്തിന്റെ സവര്‍ണഹൈന്ദവ സാന്നിദ്ധ്യവും ബിജെപിക്ക് ആളെക്കൂട്ടാന്‍ പറ്റിയ ഘടകമാണ്. പാര്‍ലമെന്റ് മണ്ഡലമെന്ന നിലയില്‍ എല്ലായ്‌പ്പോഴും യുഡിഎഫിനെയാണ് ഈ മണ്ഡലം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലം പിന്തുണച്ചിട്ടുള്ളതെങ്കിലും നിയസഭയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ വീണ ജോര്‍ജാണ് തൊട്ടടുത്ത സ്ഥാനാര്‍ത്ഥി യുഡിഎഫിലെ കെ ശിവദാസന്‍നായരെ തോല്‍പ്പിച്ചത്. വീണ ജോര്‍ജിന് 64,520ഉം ശിവദാസന്‍നായര്‍ക്ക് 56,877ഉം വോട്ടുകളാണ് ഇവിടെ നിന്ന് കിട്ടിയത്. അതേസമയം ബിജെപിയുടെ എം ടി രമേശിന് 37,906 വോട്ടും ലഭിച്ചു.

കോന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് , ധധവള്ളിക്കോട് ഗ്രാമപഞ്ചായത്ത്, പചിറ്റാര്‍, സീതത്തോട് കലഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളും അടൂര്‍ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം. 1965ല്‍ നിലവില്‍ വന്ന കോന്നി നിയമസഭാ മണ്ഡലത്തില്‍ 1,97,956 വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ്സിന് മേല്‍ക്കൈയുണ്ടെങ്കിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതില്‍ ഈ മണ്ഡലം ഇതുവരെ മടികാണിച്ചിട്ടില്ല. ദീര്‍ഘകാലം അടൂര്‍പ്രകാശ് പ്രതിനിധീകരിച്ച ഈ മണ്ഡലം അദ്ദേഹം ലോക്‌സഭാ അംഗമായതിനെത്തുടര്‍ന്ന് ഒഴിവു വരികയും ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജിനേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. എല്‍ഡിഎഫിന്റെ പി മോഹന്‍രാജിനെയാണ് അദ്ദേഹം പതിനായിരത്തില്‍ത്താഴെ വോട്ടിന് പരാജയപ്പെടുത്തിയത്. 1996 മുതല്‍ 5 തവണ അടൂര്‍ പ്രകാശ് കയ്യില്‍വച്ചനുഭവിച്ച ഈ മണ്ഡലം അദ്ദേഹം ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസ്സിന് കൈവിട്ടുപോയത്. കഴിഞ്ഞ തവണ ജിനേഷ് കുമാര്‍ രചിച്ച ചരിത്രം ഇത്തവണ ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫിനാകുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച നടക്കുന്നത. ജിനേഷ് കുമാര്‍ തന്നെ ഇവിടെനിന്ന് മല്‍സരിക്കാനും സാധ്യത കാണുന്നു.

റാന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂര്‍, ചെറുകോല്‍, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എഴുമറ്റൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേര്‍ന്ന മണ്ഡലമാണ് റാന്നി. 1996 മതുല്‍ സിപിഎമ്മിനെ ആവര്‍ത്തിച്ച് തുണച്ച മണ്ഡലം. നിലവിലെ എംഎല്‍എയും സിപിഎമ്മിലെ രാജു എബ്രഹാമാണ്. ഇടത് ആഭിമുഖ്യമുള്ള മണ്ഡലമെന്ന ഖ്യാദിയുള്ള റാന്നി ഇത്തവണ എല്‍ഡിഎഫിനെ തുണക്കുമെന്നാണ് പൊതുവിലയിരുത്തല്‍. കഴിഞ്ഞ തവണയില്‍ നിന്ന് വ്യത്യസ്തമായി കേരള കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്താന്‍ റാന്നി സീറ്റ് അവര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. ഇത് ഇടത്പക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂര്‍, കുട്ടൂര്‍, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് തിരുവല്ല മണ്ഡലം. ജനതാദള്‍ സെക്കുലറിലെ മാത്യു ടി. തോമസാണ് 2006 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ പഴയ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവല്ല. മൂന്നു തവണ മാത്യു ടി തോമസിലെ തുണച്ച ഈ മണ്ഡലം അതിനു മുമ്പ് മാണി പക്ഷത്തെയാണ് തുണച്ചത്. അതും ഇടത്പക്ഷത്തിന് ഇത്തവണ അനുകൂലമാകുന്ന ഘടകമാണ്.

തദ്ദേശതിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം തെളിയിച്ച എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയും നിയമസഭാ തിരഞ്ഞെടുപ്പിലും സാന്നിധ്യമറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളിത്തര്‍ക്കം, ക്രിസ്ത്യാന്‍ സഭകളുടെ നിലപാടുകള്‍, എന്‍എസ്എസ് പോലുള്ള സമുദായ സംഘടനകളുടെ നിലപാടുകള്‍ തുടങ്ങിയവ ഈ മണ്ഡലത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഇതൊക്കെ മറികടന്ന് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച മുന്‍തൂക്കം ഇനിയും ആവര്‍ത്തിക്കാനാവുമോ എന്നും ഇതിനിടയില്‍ ബിജെപി എന്തുനേട്ടമായിരിക്കും കൊയ്യുക എന്നുമൊക്കെയാണ് ഇനി അറിയാനുള്ളത്. അതേ സമയം ഹിന്ദുത്വനിലപാടിന്റെ ഒരു പരീക്ഷണശായയായി ഉപയോഗിക്കുന്ന പ്രദേശം കൂടിയാണ് പത്തനംതിട്ട. തങ്ങള്‍ ജയിച്ചാല്‍ പത്തനംതിട്ടയുടെ പേര് ശബരിമലയെന്ന് മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹിന്ദുത്വ അജണ്ട ഈ തിരഞ്ഞെടുപ്പില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്നതും കണ്ടറിയേണ്ട കാര്യം തന്നെ.

Next Story

RELATED STORIES

Share it