Big stories

വെല്ലുവിളികളെ അതിജീവിക്കാന്‍ സ്ത്രീ സംഘാടനം അനിവാര്യം: അഡ്വ. സിമി ജേക്കബ്

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ആലുവയില്‍ പഠന ക്ലാസ് നടത്തി

വെല്ലുവിളികളെ അതിജീവിക്കാന്‍ സ്ത്രീ സംഘാടനം അനിവാര്യം: അഡ്വ. സിമി ജേക്കബ്
X

ആലുവ: രാജ്യത്ത് പൗരന്മാരും സ്ത്രീകളും നിരവധി വെല്ലുവിളികള്‍ നേരിടുന്നതായും ഇതിനെ അതിജീവിക്കാന്‍ സ്ത്രീ സംഘാടനം അനിവാര്യമാണെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ കമ്മിറ്റിയംഗം അഡ്വ. സിമി ജേക്കബ് പറഞ്ഞു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നടത്തിയ പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്നിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീ സംഘാടനത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണ്. ബിജെപിയുടെ ഭരണത്തിനുകീഴില്‍ നീതി അപ്രത്യക്ഷമാവുകയും ഭയം വ്യാപകമാവുകയും ചെയ്തിരിക്കുകയാണ്. നീതിക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി വനിതകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നത്. ടീസ്താ സെറ്റില്‍വാദ് അടക്കമുള്ള നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നു. എത്രതന്നെ ജയിലിലടച്ചാലും കൊന്നുകളഞ്ഞാലും ഏതെങ്കിലുമൊക്കെ തരത്തില്‍ സത്യം പുറത്തുവരുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിബിസിയുടെ ഡോക്യുമെന്ററി. രാജ്യത്തെ മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും ബിജെപിയുടെ അധികാര രാഷ്ട്രീയത്തിന് മുന്നില്‍ ഭയപ്പെട്ടു നില്‍ക്കുമ്പോഴാണ് ആ ദൗത്യം വിദേശ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. അധികാരവും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് ബിജെപി രാജ്യത്തെ പൗരന്മാരെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഒരുതരം ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തിനെതിരെയുള്ള ഇത്തരം ഭയപ്പെടുത്തലുകളെ സ്ത്രീകളുടെ മുന്നേറ്റത്തിലൂടെ മറികടക്കാന്‍ സാധിക്കുമെന്നും അഡ്വ. സിമി ജേക്കബ് പറഞ്ഞു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് സമാപന സന്ദേശം നല്‍കി. ദേശീയ സമിതിയംഗം നൂര്‍ജഹാന്‍ കല്ലങ്കോടന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം, ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സെക്രട്ടറി കെ കെ ഫൗസിയ, ഖജാഞ്ചി മഞ്ജുഷ മാവിലാടം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it