- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഓരോ മുറിവും ഒരായുധമാക്കുക '-യഹ്‌യാ സിന്‍വാറിന്റെ ഒസ്യത്ത്
ഹമാസ് രാഷ്ട്രീയ കാര്യ സമിതി നേതാവായിരുന്ന രക്തസാക്ഷി യഹ്‌യാ സിന്‍വാറിന്റെ ഒസ്യത്ത്
രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്‌യാ സിന്‍വാറിന്റെ അവസാന കുറിപ്പുകളിലെ വാക്കുകളാണിത്. ഫലസ്തീന്‍ എന്ന സ്വപ്‌നം നെഞ്ചേറ്റി ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് തുടരാന്‍ ഫലസ്തീന്‍ ജനതയോട് ആഹ്വാനം ചെയ്യുന്ന സിന്‍വാറിന്റെ കാവ്യാത്മകവും ശക്തവുമായ വാക്കുകളാണ് ഒരു ഒസ്യത്തായി കരുതാവുന്ന ഈ വരികളിലുള്ളത്.
'ഞാന്‍ യഹ്‌യാ, നാടുകടത്തപ്പെട്ട, സ്വപ്‌നത്തെ നിരന്തര യുദ്ധമാക്കി പരിവര്‍ത്തിപ്പിച്ച ഒരു അഭയാര്‍ഥിയുടെ മകന്‍. '. എന്നിങ്ങനെ തുടങ്ങുന്നു ആ വരികള്‍. ഗസ കേന്ദ്രമായ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് മുന്നേറ്റത്തിന്റെ പ്രഭാവപൂര്‍ണനായ നേതാവും 2023 ഒക്ടോബര്‍ 7 ലെ തൂഫാനുല്‍ അഖ്‌സയുടെ പ്രധാന ശില്‍പ്പിയുമായ യഹ്‌യാ സിന്‍വാറിന്റെ അറബിയിലുള്ള ഒസ്യത്ത് വിവിധഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
'ഈ വാക്കുകള്‍ ഞാന്‍ കുറിക്കുമ്പോള്‍ എന്റെ ബാല്യകാലം മുതല്‍ ദീര്‍ഘമായ തടവറ ജീവിതം വരെയുള്ള ഓരോ നിമിഷവും എന്റെ ഓര്‍മയില്‍ ഓടിയെത്തുകയാണ്. ഈ ഭൂമിയില്‍ ചിന്തി വീണ ഓരോ ചോരത്തുള്ളിയും എന്റെ ഓര്‍മയിലേക്ക് കടന്നുവരുകയാണ് '.
'ഖാന്‍ യൂനിസ് അഭയാര്‍ഥി കാംപില്‍ 1962 ലാണ് ഞാന്‍ പിറന്നു വീണത്. ഛിന്നഭിന്നമായി കഴിഞ്ഞ ഒരോര്‍മയായും രാഷ്ട്രീയക്കാരുടെ മേശകളില്‍ വിസ്മൃതമായി കഴിഞ്ഞ ഒരു ഭൂപടമായും ഫലസ്തീന്‍ മാറിക്കഴിഞ്ഞിരുന്ന ഒരു കാലമായിരുന്നു അത് '.
തന്റെ മുന്‍ഗാമിയായ ഇസ്മാഈല്‍ ഹനിയയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ആഗസ്റ്റിലാണ് യഹ്‌യാ സിന്‍വാര്‍ ഹമാസിന്റെ നേതൃത്വത്തിലെത്തുന്നത്. ഹമാസിന്റെ ഉന്നത നേതൃത്വത്തിലിരിക്കുമ്പോഴും സിന്‍വാര്‍ ഒരിക്കലും യുദ്ധരംഗത്തുനിന്ന് മാറിനിന്നിരുന്നില്ല.
അവസാന ശ്വാസം വരെ അദ്ദേഹം പൊരുതിനിന്നു. തെക്കന്‍ ഗസയിലെ റഫാ നഗരത്തില്‍ അധിനിവേശ സൈന്യവുമായുള്ള സജീവ പോരാട്ടത്തിനൊടുവില്‍ രക്തസാക്ഷിയാവുമ്പോള്‍ ഒരു എകെ 47 തോക്ക് കൈയിലേന്തി സൈനിക വേഷത്തിലായിരുന്നു സിന്‍വാര്‍ ഉണ്ടായിരുന്നത്. സിന്‍വാറിന്റെ ധീരോദാത്തമായ ആ അന്ത്യം അദ്ദേഹത്തെ അനശ്വരനാക്കി.
ഇസ്രായേലി അധിനിവേശകരുമായി ദശകങ്ങള്‍ നീണ്ടു നിന്ന ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പ് പോരാട്ടങ്ങളില്‍ മുഖ്യസ്ഥാനത്ത് യഹ്‌യാ സിന്‍വാര്‍ ഉണ്ടായിരുന്നു. ആ പോരാട്ട ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ തൂഫാനുല്‍ അഖ്‌സയുടെ പ്രധാന തലച്ചോറും സിന്‍വാര്‍ ആയിരുന്നു. 2023 ഒക്ടോബര്‍ 7 നു മുമ്പും ശേഷവും ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടായ പല വധശ്രമങ്ങളെയും അദ്ദേഹം അതിജീവിച്ചിട്ടുണ്ട്. ഗസയിലുടനീളം ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് യഹ്‌യാ സിന്‍വാര്‍.
കഴിഞ്ഞ ഒരു വര്‍ഷമായി ഗസയുടെ അതിരുകള്‍ ഉപരോധിച്ച് ഇസ്രായേല്‍ തുടര്‍ന്നിരുന്ന വംശഹത്യക്കാലത്ത് പ്രത്യേകിച്ചും സിന്‍വാറിന്റെ സാന്നിധ്യവും നേതൃത്വവും നിര്‍ണായകമായിരുന്നു. ബന്ദികളെ മനുഷ്യകവചമാക്കി തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുകയാണ് സിന്‍വാര്‍ എന്ന് ഇസ്രായേലും പാശ്ചാത്യമാധ്യമങ്ങളും പ്രചരിപ്പി മുഴുവന്‍ നുണകളും തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളിലേതായി പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും. അധിനിവേശ സേനയുമായി സജീവ പോരാട്ടത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ താവളത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ കള്ളി വെളിച്ചത്താക്കുന്നതായിരുന്നു ഇസ്രായേല്‍ സൈന്യം തന്നെ പുറത്തുവിട്ട ചിത്രങ്ങള്‍. സയണിസ്റ്റ് അധിനിവേശത്തിനും അവരുടെ വംശഹത്യാ പദ്ധതികള്‍ക്കുമെതിരേ ദീര്‍ഘകാലം ചെറുത്തുനിന്ന ധീരനായ പോരാളിയുടെ ധീരമായ അന്ത്യനിമിഷങ്ങളാണ് ശത്രുക്കളുടെ തന്നെ തെളിവുകളിലൂടെ ലോകം കണ്ടത്.
'അഗ്‌നിക്കും ചാരത്തിനുമിടയില്‍ നെയ്‌തെടുക്കപ്പെട്ട ജീവിതമാണെന്റേത്. അധിനിവേശത്തിനു കീഴിലുളള ജീവിതം സ്ഥിരം ജയിലല്ലാതെ മറ്റൊന്നുമല്ലെന്ന് വളരെ നേരത്തേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു'. അദ്ദേഹം കുറിച്ചു.
സ്വാതന്ത്ര്യത്തിന്റെ മാര്‍ഗം വളരെ ക്ലേശകരമായിരിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, പ്രതിസന്ധികളെ അവഗണിച്ച് അചഞ്ചലനായി അദ്ദേഹം നിലകൊണ്ടു. മരണം ഉള്‍പ്പെടെ ഏതു തരം വെല്ലുവിളികളെയും നേരിടാന്‍ സിന്‍വാര്‍ ഒരുക്കമായിരുന്നു.
'എന്റെ ചെറുപ്പം തൊട്ടേ ഒന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇവിടെ ജീവിതം സാധാരണമായിരിക്കില്ല. ഇവിടെ ജനിക്കുന്ന ഒരാള്‍ തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ ഉടമയായിരിക്കണം. സ്വാതന്ത്ര്യത്തിലേക്കുള്ള പാത ദൈര്‍ഘ്യമേറിയതാന്നെന്നും അയാള്‍ അറിഞ്ഞിരിക്കണം.'' സിന്‍വാര്‍ കുറിപ്പ് തുടരുന്നു.
തന്റെ യൗവനാരംഭത്തില്‍ തന്നെ ഈ പ്രതിബദ്ധത അദ്ദേഹം പുലര്‍ത്തിയിരുന്നു. ഒരു കല്ലു കൊണ്ടെങ്കിലും അധിനിവേശകനെ വെല്ലുവിളിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. കാരണം ഫലസ്തീനികളുടെ ദുരിതങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന ലോകത്തോടുള്ള പ്രതികരണത്തിന്റെ ആദ്യപടിയായിരിക്കുമതെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.
'നിങ്ങള്‍ക്കുള്ള എന്റെ വസിയ്യത്ത് ആരംഭിക്കുന്നത് അധിനിവേശകനെതിരേ കല്ലെറിഞ്ഞ ആ ബാലനില്‍ നിന്നാണ്. നമ്മുടെ മുറിവുകള്‍ കണ്ടിട്ടും മൗനം പൂണ്ടിരിക്കുന്ന ലോകത്തിന്റെ മുഖത്തു നോക്കി സംസാരിക്കുന്ന ആദ്യവാക്കുകളായിരിക്കും താനെറിഞ്ഞ കല്ലുകളെന്ന് അവന്‍ മനസ്സിലാക്കിയിരുന്നു'. എത്ര കാവ്യാത്മകമാണ് സിന്‍വാറിന്റെ വാക്കുകള്‍! എത്ര ശക്തമാണാ വാക്കുകള്‍!
'ഗസയിലെ തെരുവുകളില്‍ നിന്ന് ഞാന്‍ പഠിച്ചൊരു കാര്യമുണ്ട്. തന്റെ ജീവിതത്തിലെ നീണ്ട വര്‍ഷങ്ങള്‍ ഒരാളുടെ കണക്കിലുണ്ടാവണമെന്നില്ല; എന്നാല്‍, തന്റെ ജന്മനാടിനു വേണ്ടി താനെന്തു നല്‍കി എന്നയാള്‍ ചിന്തിക്കും. അതുകൊണ്ട് എന്റെ ജീവിതം ജയിലുകളുടേതും യുദ്ധങ്ങളുടേതും വേദനയുടേതും ഒപ്പം പ്രതീക്ഷയുടേതുമാണ് '.
1988 ലായിരുന്നു ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട സിന്‍വാറിന്റെ തടവറ ജീവിതത്തിന്റെ തുടക്കം. ആ തടവു ജീവിതം അദ്ദേഹത്തെ നിര്‍ഭയനും കരുത്തനുമാക്കി.ഇരുള്‍ തിങ്ങിയ ആ ജയില്‍ മുറിയുടെ ജനല്‍പ്പഴുതുകളിലൂടെ ആ തടവുകാരന്‍ കണ്ടത് പ്രതീക്ഷയുടെ പ്രകാശകിരണങ്ങളായിരുന്നു; ശോഭനമായ ഒരു ഭാവിയും.
അദ്ദേഹത്തിന്റെ സന്ദേശം വളരെ വ്യക്തമായിരുന്നു: തടവറകളെ ഭയക്കരുത്. കാരണം, അധിനിവേശം അതിരുകള്‍ തീര്‍ത്ത ജന്മനാടിന്റെ സ്വാതന്ത്യത്തിന്റെയും വിശുദ്ധ ഖുദ്‌സിന്റെ വിമോചനത്തിന്റെയും സുദീര്‍ഘവും ദുര്‍ഘടവുമായ പാതകളില്‍ പതിയിരിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതില്‍ ഒരു ചുവടു വയ്പ് മാത്രമാണത്.
'ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഞാന്‍ ജയിലില്‍ കടന്നപ്പോള്‍ തെല്ലും ഭയപ്പെട്ടിരുന്നില്ല. ആ ഇരുളടഞ്ഞ ജയിലറകളിലെ ഓരോ ഭിത്തിയിലും വിദൂരമായ ചക്രവാളത്തോളം കാഴ്ചയെത്തുന്ന ഒരു ജാലകം ഞാന്‍ കണ്ടു. ഓരോ ഇരുമ്പഴിയിലും സ്വാതന്ത്ര്യത്തിന്റെ പാതകളെ പ്രഭാപൂരിതമാക്കുന്ന പ്രകാശം ഞാന്‍ കണ്ടു '. സിന്‍വാര്‍ തന്റെ അവസാന കുറിപ്പിലെഴുതി.
'ജയിലില്‍ ഞാന്‍ മനസ്സിലാക്കിയ മറ്റൊരു കാര്യം ഇതാണ്. ക്ഷമയെന്നത് ഒരു പുണ്യം മാത്രമല്ല, ഒരായുധം കൂടിയാണ് കയ്‌പേറിയ ഒരായുധം. തുള്ളി തുള്ളിയായി കടല്‍ ജലം കുടിക്കുന്നതുപോലെ. നിങ്ങള്‍ക്കുള്ള എന്റെ ഒസ്യത്ത് ഇതാണ്: തടവറകളെ നിങ്ങള്‍ ഭയക്കരുത്. സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ നീണ്ട യാത്രയുടെ ഭാഗമാണത് 'സിന്‍വാര്‍ തുടരുകയാണ്. സ്വാതന്ത്ര്യമെന്നത് കവര്‍ന്നെടുക്കപ്പെട്ട ഒരവകാശം മാത്രമല്ല, വേദനയില്‍ നിന്ന് പിറന്നുവീണതും ക്ഷമ കൊണ്ട് രൂപപ്പെടുത്തിയതുമായ ഒരു സങ്കല്‍പ്പനമാണത് എന്ന് ഇസ്രായേല്‍ ജയിലുകളിലെ ജീവിതം സിന്‍വാറിനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
2011ല്‍ ജയില്‍ മോചിതനായ ശേഷം സിന്‍വാര്‍ പോരാട്ട ഭൂമിയിലേക്ക് കൂടുതല്‍ കരുത്തനായി തിരിച്ചെത്തുകയുകയും ഫലസ്തീന്‍ വിമോചനമെന്ന ആശയത്തെ ആഴത്തില്‍ മനസ്സിലുറപ്പിക്കുകയും ചെയ്തു. ദൈവകല്‍പ്പിതമായ നിയോഗമാണ് പോരാട്ടമെന്നും അവസാന തുള്ളി രക്തം വരെ ആ മാര്‍ഗത്തില്‍ ചിന്തണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. മറ്റേതൊരു ആയുധത്തേക്കാളും ശത്രു ഭയക്കുന്നത് ഫലസ്തീനികളുടെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവുമാണെന്നുമായിരുന്നു സിന്‍വാറിന്റെ കാഴ്ചപ്പാട്.
' നിങ്ങളുടെ ആയുധത്തേക്കാള്‍ നിങ്ങളുടെ മനസ്ഥൈര്യത്തെയാണ് അവര്‍ ഭയപ്പെടുന്നത്. പ്രതിരോധം എന്നാല്‍ നാം വഹിക്കുന്ന ആയുധങ്ങളല്ല; മറിച്ച് നമ്മുടെ ഓരോ ശ്വാസത്തിലും ഫലസ്തീനിനോടുള്ള നമ്മുടെ സ്‌നേഹമാണ്. ഉപരോധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയിലും ഉറച്ചുനില്‍ക്കാനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യമാണത്. '
' രക്തസാക്ഷികളോട് നിങ്ങള്‍ കൂറു പാലിക്കുകയെന്നതാണ് നിങ്ങള്‍ക്കുള്ള എന്റെ ഒസ്യത്ത്. സ്വന്തം ജീവരക്തം നല്‍കി സ്വാതന്ത്ര്യത്തിലേക്ക് നമുക്ക് വഴിയൊരുക്കുന്നതവരാണ്. രാഷ്ട്രീയ ഗണിതങ്ങളും നയതന്ത്ര സൂത്രങ്ങളും കൊണ്ട് അവരുടെ ജീവത്യാഗത്തെ നാം പാഴാക്കരുത്.'
' നമ്മുടെ ആദ്യതലമുറ തുടങ്ങി വച്ചത് നാം തുടരുന്നു. ഈ മാര്‍ഗത്തില്‍ നിന്നു നാം വ്യതിചലിക്കരുത്. ഗസ മനസ്ഥൈര്യത്തിന്റെ തലസ്ഥാനമായിരുന്നു. ഇനിയുമത് അങ്ങനെയായിരിക്കും. ഫലസ്തീന്റെ സ്പന്ദനം നിലയ്ക്കാത്ത ഹൃദയവുമാണത് ; ലോകം മുഴുവന്‍ നമ്മെ ചുറ്റിവരിഞ്ഞാലും '.
'2017 ല്‍ ഞാന്‍ ഹമാസിന്റെ നേതൃത്വമേറ്റെടുത്തപ്പോള്‍ അത് വെറുമൊരു അധികാര കൈമാറ്റമായിരുന്നില്ല. കല്ലുകള്‍ കൊണ്ട് തുടങ്ങി തോക്കുകള്‍ കൊണ്ട് തുടര്‍ന്ന ചെറുത്തുനില്‍പ്പുപോരാട്ടത്തിന്റെ ഒരു തുടര്‍ച്ചയായിരുന്നു. '
'ആദ്യം നടന്നവര്‍ തുടങ്ങിയത് പൂര്‍ത്തിയാക്കാന്‍ നമ്മള്‍ ഇവിടെയുണ്ട്, എന്ത് വിലകൊടുത്താലും നാം ആ പാതയില്‍ നിന്ന് വ്യതിചലിക്കില്ല. ഗാസ ദൃഢചിത്തതയുടെ തലസ്ഥാനമായിരുന്നു, അതങ്ങനെ തന്നെ നിലനില്‍ക്കും. ഈ മണ്ണ് ഫലസ്തീന്‍ ദേശത്തിന്റെ മിടിപ്പ് നിര്‍ത്താത്ത ഹൃദയമായി തന്നെ നിലനില്‍ക്കും, ഈ ഭൂമി നമ്മെ എത്രമാത്രം ഞെരുക്കിയാലും.'
'ഉപരോധത്തിന്‍ കീഴിലുള്ള എന്റെ ജനതയുടെ വേദന ഞാന്‍ ദിനേന അനുഭവിച്ചിരുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ ഓരോ ചുവടിനും വലിയ വില നല്‍കേണ്ടി വരുമെന്ന് എനിക്കു നിശ്ചയമുണ്ടായിരുന്നു. ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. കീഴടങ്ങലിനു നല്‍കേണ്ടി വരുന്ന വില അതിനേക്കാള്‍ എത്രയോ വലുതായിരിക്കും. അതിനാല്‍, വേരു മണ്ണില്‍ ആണ്ടിറങ്ങി ഉറച്ചുനില്‍ക്കുന്നതുപോലെ ഈ ഭൂമിയില്‍ ആഴ്ന്നിറങ്ങുക. ജീവിക്കാനുറച്ച ഒരു ജനതയുടെ വേര് പിഴുതെറിയാന്‍ ഒരു കൊടുങ്കാറ്റിനും സാധ്യമല്ല'.
'തൂഫാനുല്‍ അഖ്‌സ' പോരാട്ടത്തില്‍, ഞാന്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയോ പ്രസ്ഥാനത്തിറെയോ നേതാവായിരുന്നില്ല. വിമോചനം സ്വപ്‌നം കാണുന്ന ഓരോ ഫലസ്തീനിയുടെയും ശബ്ദമായിരുന്നു. പ്രതിരോധം ഒരു തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് ഒരു കടമയാണെന്നുമുള്ള വിശ്വാസമാണ് എന്നെ നയിച്ചിരുന്നത്. ഈ യുദ്ധം ഫലസ്തീന്‍ പോരാട്ടമെന്ന മഹാ ഗ്രന്ഥത്തിലെ ഒരു പുതിയ അധ്യായമായി മാറണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അവിടെ നമ്മുടെ ഭിന്നതകള്‍ മാറ്റി വച്ച് എല്ലാവരും ഒരു കിടങ്ങില്‍ ശത്രുവിനെതിരേ ഒന്നിച്ചു നില്‍ക്കും. '
'തൂഫാനുല്‍ അഖ്‌സ' ശരീരങ്ങളേക്കാള്‍ ആത്മാക്കളുടെയും ആയുധങ്ങളെക്കാള്‍ ഇച്ഛാശക്തിയുടെയും പോരാട്ടമായിരുന്നു. സ്വാതന്ത്ര്യം സ്വപ്‌നം കണ്ട ഓരോ ഫലസ്തീനിക്കും, രക്തസാക്ഷിയായ മകനെ തോളില്‍ ചുമന്ന ഓരോ മാതാവിനും, മരിച്ചു വീണ മകളെയോര്‍ത്ത് വാവിട്ടു കരയുന്ന ഓരോ പിതാവിനും ഞാന്‍ ഇവിടെ ബാക്കി വയ്ക്കുന്നത് ഒരു വ്യക്തിയുടെ മാത്രം വസിയ്യത്തല്ല, പകരം ഒരു സമൂഹത്തിന്റെയാണ് .
ചെറുത്തുനില്‍പ്പ് ഒരിക്കലും വെറുതെയാവില്ലെന്നും അത് നിങ്ങള്‍ ഉതിര്‍ത്ത വെറുമൊരു വെടിയുണ്ടയല്ലെന്നും ആത്മാഭിമാനത്തോടെയും അന്തസ്സോടെയും നയിക്കാന്‍ നിശ്ചയിക്കപ്പെട്ട ഒരു ജീവിതമാണെന്നും നിങ്ങള്‍ എപ്പോഴും ഓര്‍ക്കുക എന്നതാണ് നിങ്ങള്‍ക്കായുള്ള എന്റെ അവസാന സന്ദേശം.
യുദ്ധം ദൈര്‍ഘ്യമേറിയതാണെന്നും മാര്‍ഗം ദുര്‍ഘടമാണെന്നും, തടവു ജീവിതവും ഉപരോധവും എന്നെ പഠിപ്പിച്ചു. എന്നാല്‍ കീഴടങ്ങാന്‍ വിസമ്മതിക്കുന്ന മനുഷ്യര്‍ സ്വന്തം കരങ്ങള്‍ കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്നും എനിക്കു ബോധ്യമുണ്ട്. '
'ലോകം നിങ്ങളോട് നീതി പുലര്‍ത്തുമെന്ന് ഒരിക്കലും വ്യാമോഹിക്കരുത്. നമ്മുടെ വേദനകള്‍ക്ക് മുന്നില്‍ ലോകം എങ്ങനെ മൗനം പാലിക്കുന്നുവെന്ന് ഞാന്‍ എന്റെ ജീവിതത്തിലൂടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീതി പ്രതീക്ഷിക്കരുത്, പകരം നിങ്ങള്‍ തന്നെ നീതിയായിരിക്കുക. ഫലസ്തീന്‍ എന്ന സ്വപ്‌നം നിങ്ങളുടെ ഹൃദയങ്ങളില്‍ വഹിക്കുക, ഓരോ മുറിവും ആയുധമാക്കുക, ഓരോ കണ്ണുനീര്‍ തുള്ളിയും പ്രതീക്ഷയുടെ നീരുറവയാക്കുക '.
ഇതാണ് എന്റെ സാക്ഷ്യവും സന്ദേശവും: നിങ്ങളുടെ ആയുധങ്ങള്‍ അടിയറ വയ്ക്കരുത്, കല്ലുകള്‍ വലിച്ചെറിയരുത്, നിങ്ങളുടെ രക്തസാക്ഷികളെ മറക്കരുത്, നിങ്ങളുടെ അവകാശമായ സ്വപ്‌നങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. നാം ഇവിടെ എന്നന്നേക്കുമായി നിലനില്‍ക്കാന്‍ പോകുന്നു: നമ്മുടെ ഈ മണ്ണില്‍, നമ്മുടെ വികാരങ്ങളില്‍, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയില്‍.
മരണം വരെ ഞാന്‍ സ്‌നേഹിച്ച, വഴങ്ങാത്ത പര്‍വതം പോലെ ചുമലിലേറ്റിയ സ്വപ്‌നമായ, ഈ ഫലസ്തീന്‍ മണ്ണിനെ ഞാന്‍ നിങ്ങളുടെ കരങ്ങളില്‍ വിശ്വസിച്ചേല്‍പ്പിക്കുന്നു.
ഞാന്‍ വീണുപോയാല്‍, നിങ്ങള്‍ എന്നോടൊപ്പം വീഴരുത്. ഒരിക്കലും നിലം പതിക്കാത്ത ഒരു കൊടി എനിക്കായി നിങ്ങള്‍ വഹിക്കുക. ഞങ്ങളുടെ ചാരത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഒരു തലമുറയ്ക്ക് കടന്നു പോകാന്‍ എന്റെ ചോരത്തുള്ളികളെ ഒരു പാലമാക്കുക. ജന്മദേശം എന്നത് അയവിറക്കാനുള്ള ഒരു കഥയല്ല, മറിച്ച് നമുക്ക് ജീവിക്കാനുള്ള യാഥാര്‍ഥ്യമാണ്. അനേകായിരം രക്തസാക്ഷികളെ പേറുന്ന ഈ നാടിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് ആയിരം ചെറുത്തുനില്‍പ്പ് പോരാളികള്‍ ഉയിരെടുക്കുമെന്നും നിങ്ങള്‍ ഓര്‍മിക്കുക.
കൊടുങ്കാറ്റ് തിരിച്ചെത്തിയാല്‍, അന്ന് ഞാന്‍ നിങ്ങളുടെ കൂടെ ഇല്ലെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ തിരമാലകളിലെ ആദ്യത്തെ തുള്ളി ഞാനായിരുന്നുവെന്നും, യാത്ര പൂര്‍ത്തിയാക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു ഞാന്‍ ജീവിച്ചതെന്നും ഓര്‍ക്കുക.
അവകാശത്തിന്റെ ഉടമകളാണ് നാമെന്ന്, വാര്‍ത്തകളിലെ പേരില്ലാത്ത വെറും അക്കങ്ങളല്ല നമ്മളെന്ന് ഈ ലോകം അംഗീകരിക്കുന്നതു വരെ, അധിനിവേശകന്റെ തൊണ്ടയിലെ ഒരു മുള്ളായി മാറുക, പിന്‍വാങ്ങാന്‍ വിസമ്മതിക്കുന്ന പ്രളയമായി മാറുക.
ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യുന്ന വരികളായിരിക്കും ശഹീദ് യഹ്‌യാ സിന്‍വാറിന്റേത് എന്നതില്‍ സംശയമില്ല.
Video Story
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT