Education

ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍ 'ഷിബിലി അക്കാദമി' ഡയറക്ടര്‍

ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അക്കാദമി ഡയറക്ടറായിരുന്ന പ്രഫ. ഇഷ്തിയാഖ് അഹമ്മദ് സില്ലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍ ചുമതലയേറ്റത്.

ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍ ഷിബിലി അക്കാദമി ഡയറക്ടര്‍
X

ന്യൂഡല്‍ഹി: അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെ മുസ്‌ലിം ഗവേഷണസ്ഥാപനമായ ദാറുല്‍ മുസന്നഫീന്‍ ഷിബിലി അക്കാദമിയുടെ പുതിയ ഡയറക്ടറായി തിരഞ്ഞെടുത്തു. ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അക്കാദമി ഡയറക്ടറായിരുന്ന പ്രഫ. ഇഷ്തിയാഖ് അഹമ്മദ് സില്ലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍ ചുമതലയേറ്റത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആരോഗ്യസ്ഥിതി മോശമായിട്ടും അക്കാദമിയോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് അദ്ദേഹം തുടര്‍ന്നു. 1915 ല്‍ അല്ലാമ ഷിബിലി നൊമാനിയും ശിഷ്യന്‍മാരും ചേര്‍ന്നാണ് അക്കാദമി സ്ഥാപിച്ചത്.

അക്കാദമിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി 2021 സപ്തംബര്‍ 20ന് സൂം വഴി യോഗം ചേര്‍ന്നു. ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതിയും അക്കാദമിയുടെ രക്ഷാധികാരിയുമായ ഹമീദ് അന്‍സാരി ഉള്‍പ്പെടെ ട്രസ്റ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. ഈ കൂടിക്കാഴ്ചയില്‍ പ്രഫ.സില്ലി ആരോഗ്യപരമായ കാരണങ്ങളാല്‍ രാജി പ്രഖ്യാപിച്ചു. ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ 2007 മുതല്‍ ഷിബിലി അക്കാദമി ട്രസ്റ്റില്‍ അംഗവും മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മരണത്തെ തുടര്‍ന്ന് 2009 മുതല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റുമായി ചുമതല വഹിച്ചു.

അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ്, ഹംദാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ അക്കാദമിക് കൗണ്‍സില്‍ അംഗം, ഖത്തറിലെ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം പണ്ഡിതരുടെയും റിയാദിലെ മുസ്‌ലിം യൂത്ത് വേള്‍ഡ് അസംബ്ലിയുടെയും ട്രസ്റ്റി എന്നീ പദവികളും വഹിക്കുന്നു. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ മുന്‍ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍, കെയ്‌റോ സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ലിബിയന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ എഡിറ്റര്‍-ട്രാന്‍സ്‌ലേറ്ററായി ജോലി ചെയ്തു.

ലണ്ടനിലെ മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ (അസോ. പ്രഫസര്‍) ആയിരുന്നു. 1987 ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് ഇസ്‌ലാമിലെ ഹിജ്‌റ എന്ന ആശയത്തെക്കുറിച്ചുള്ള പ്രബന്ധത്തിന് ഇസ്‌ലാമിക് സ്റ്റഡീസില്‍ പിഎച്ച്ഡി നേടി. കെയ്‌റോ, ബെയ്‌റൂട്ട്, ലണ്ടന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അറബിക്, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലെ 50 ലധികം പുസ്തകങ്ങള്‍ ഡോ.ഖാന്‍ വിവര്‍ത്തനം ചെയ്യുകയും രചിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഇസ്‌ലാമിലെ ഹിജ്‌റയും ഫലസ്തീന്‍ രേഖകളും ഉള്‍പ്പെടുന്നു. ഇസ്‌ലാം വിജ്ഞാനകോശത്തിന് (ലൈഡന്‍) ഇന്തോ- മുസ്‌ലിം വിഷയങ്ങളെക്കുറിച്ചുള്ള എട്ട് ലേഖനങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള സഫറുല്‍ ഇസ്‌ലാം ഖാന്‍ അറബി ജേര്‍ണലിന്റെ എഡിറ്ററായിരുന്നു.

Next Story

RELATED STORIES

Share it