Education

മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റിക്ക് നാക് എ പ്ലസ് അക്രഡിറ്റേഷന്‍

മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റിക്ക് നാക് എ പ്ലസ് അക്രഡിറ്റേഷന്‍
X

ഹൈദരാബാദ്: മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റിക്ക് (MANUU) നാഷനല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) എ പ്ലസ് ഗ്രേഡ് അംഗീകാരം ലഭിച്ചു. അക്രഡിറ്റേഷനായുള്ള മൂല്യനിര്‍ണയത്തിന്റെ മൂന്നാംഘട്ടത്തില്‍ നാല് പോയിന്റ് സ്‌കെയിലില്‍ 3.36 സിജിപിഎ പോയിന്റ് നേടിയാണ് സര്‍വകലാശാല അക്രഡിറ്റേഷന് അര്‍ഹരായത്. സര്‍വകലാശാലയ്ക്ക് ലഭിച്ച മഹത്തായ നേട്ടത്തിന് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. സയ്യിദ് ഐനുല്‍ ഹസന്‍ നന്ദി അറിയിച്ചു.

ഇത് ഉറുദു സര്‍വകലാശാലയ്ക്ക് അതിന്റെ രജതജൂബിലി വര്‍ഷത്തില്‍ ലഭിക്കുന്ന ഒരു സമ്മാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെയാണ് നാക് സംഘം സര്‍വകലാശാലാ കാംപസ് സന്ദര്‍ശിക്കുകയും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ച് അതിന്റെ പ്രകടനവും അക്കാദമിക് നിലവാരവും വിലയിരുത്തുകയും ചെയ്തത്. ഉറുദു ഭാഷയില്‍ ഉന്നത വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്തെ ഏക സര്‍വകലാശാലയായ മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റിക്ക് ഇത്തരമൊരു ഗ്രേഡ് നേടുന്നതിന് നിരവധി പരീക്ഷകളും മൂല്യനിര്‍ണയ പ്രക്രിയകളും വിജയിക്കേണ്ടതുണ്ട്.

മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റിയിലെ ഓള്‍ ഇന്ത്യ ആസാദ് സ്റ്റുഡന്റ്‌സ് ലീഗ് ഇത്തരമൊരു നേട്ടത്തിന് സഹായിച്ച വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. ഇത് 25 വര്‍ഷത്തെ ഹ്രസ്വമായ യാത്രയില്‍ 'വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതില്‍' സര്‍വകലാശാലയുടെ കഠിനാധ്വാനത്തിന്റെ തെളിവാണ് എ പ്ലസ് ഗ്രേഡ് അക്രഡിറ്റേഷനെന്ന് ആസാദ് നാഷനല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. 2016 ലും 2009 ലും തുടര്‍ച്ചയായി രണ്ട് ഘട്ടങ്ങളിലായി നാക്കിന്റെ എ ഗ്രേഡ് സര്‍വകലാശാല സ്വന്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it