Education

നീറ്റ്- പിജി പ്രവേശനം: കൗണ്‍സിലിങ് ബുധനാഴ്ച തുടങ്ങും

നീറ്റ്- പിജി പ്രവേശനം: കൗണ്‍സിലിങ് ബുധനാഴ്ച തുടങ്ങും
X

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്- പിജി) കൗണ്‍സിലിങ് ജനുവരി 12 ബുധനാഴ്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി സുപ്രിംകോടതി നല്‍കിയിരുന്നു. നീറ്റ്- പിജി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒബിസി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താമെന്നാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നത്.

ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണം ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം, പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനവും മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 10 ശതമാനവും സാമ്പത്തിക സംവരണവും നല്‍കി ഈ വര്‍ഷം നീറ്റ്- പിജി കൗണ്‍സിലിങ് നടത്താനാണ് സുപ്രിംകോടതി അനുമതി നല്‍കിയത്.

കൗണ്‍സലിങ് തടസ്സമില്ലാതെ നടക്കുന്നതിനാണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി. ഇത് കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് കൂടുതല്‍ ശക്തി നല്‍കും. എല്ലാ അപേക്ഷാര്‍ഥികള്‍ക്കും എന്റെ ആശംസകള്‍- ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നീറ്റ്- പിജി കൗണ്‍സലിങ് വൈകുന്നതിനെതിരേ രാജ്യത്തുടനീളമുള്ള റസിഡന്റ് ഡോക്ടര്‍മാരുടെ മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. കൗണ്‍സിലിങ് നടപടികളെക്കുറിച്ച് വിശദമായി അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് mcc.nic.in സന്ദര്‍ശിക്കാം.

Next Story

RELATED STORIES

Share it