Big stories

യുജിസി ചട്ടം ലംഘിച്ചു; 12 കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

യുജിസി ചട്ടം ലംഘിച്ചു; 12 കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി
X

കൊച്ചി: യുജിസി ചട്ടം ലംഘിച്ച് നിയമിക്കപ്പെട്ട 12 കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. പകരം യുജിസി റെഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് നിയമനം നടത്താനും ട്രൈബ്യൂണല്‍ ഉത്തരവായി. യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലാതെ, സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം കോളജ് പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കിയതാണ് റദ്ദാക്കിയത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച സിപിഎം അധ്യാപക സംഘടനയായ എകെജിസിടിഎ മുന്‍ ജനറല്‍ സെക്രട്ടറിയും മലപ്പുറം ഗവ. കോളജ് പ്രിന്‍സിപ്പലുമായ ഡോ. കെ കെ ദാമോദരനടക്കമുള്ള ഇടത് സംഘടനാനേതാക്കള്‍ പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. പ്രിന്‍സിപ്പല്‍ തസ്തികയില്‍നിന്ന് കഴിഞ്ഞ 15ന് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ ഡോ.വി അനില്‍, ഡോ. സുനില്‍ ജോണ്‍ എന്നിവരുടെ പ്രിന്‍സിപ്പല്‍ തസ്തികയിലെ നിയമനവും അസാധുവാക്കിയതില്‍ ഉള്‍പ്പെടുന്നു.

2010ലെ യുജിസി റെഗുലേഷനില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലാത്തവരെയാണ് സെലക്ഷന്‍ നടപടികള്‍ സ്വീകരിക്കാതെ സീനിയോരിറ്റി മാത്രം അടിസ്ഥാനപ്പെടുത്തി പ്രിന്‍സിപ്പലാക്കിയതെന്ന് കാണിച്ച് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ.എസ് ബാബു നല്‍കിയ ഹരജിയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. 2010ലെ യുജിസി ചട്ടം 4.2 പ്രകാരം 15 വര്‍ഷത്തെ അധ്യാപന പരിചയം, ഗവേഷണ ബിരുദം, 400 എപിഐ സ്‌കോര്‍ എന്നിവ നിയമിക്കപ്പെടുന്നവര്‍ക്ക് ഉണ്ടായിരിക്കണം. കൂടാതെ നാലംഗങ്ങള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാവണം പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കേണ്ടത്.

എന്നാല്‍, വേണ്ട യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കാണ് നിയമനം നല്‍കിയതെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. ഇവരുടെ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയുണ്ടായിരുന്നില്ല. സീനിയോറിറ്റി മാത്രം അടിസ്ഥാനപ്പെടുത്തി 2017ല്‍ 10 പേര്‍ക്കും 2018ല്‍ രണ്ട് പേര്‍ക്കും പ്രിന്‍സിപ്പല്‍ നിയമനം നല്‍കിയതിനെയാണ് ഹരജിക്കാരന്‍ ചോദ്യം ചെയ്തത്. യുജിസി ചട്ടപ്രകാരം ഗവേഷണ ബിരുദം, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ മേല്‍നോട്ടം എന്നിവയില്ലാത്തവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. യുജിസി ചട്ടത്തിന് വിരുദ്ധമായാണ് സ്‌പെഷ്യല്‍ റൂളുണ്ടാക്കിയത്. ഇത് നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് പി വി ആശ വ്യക്തമാക്കി. പുറത്താക്കപ്പെട്ടവരില്‍ കെ കെ ദാമോദരന്‍ ഉള്‍പ്പടെ നാലുപേര്‍ നിലവില്‍ പ്രിന്‍സിപ്പല്‍മാരായി ജോലിചെയ്യുന്നുണ്ട്.

ബാക്കി ഒമ്പത് പേര്‍ വിരമിച്ചവരാണ്. റിട്ടയര്‍ ചെയ്തവര്‍ക്കും വിധി തിരിച്ചടിയാവും. പ്രിന്‍സിപ്പല്‍ എന്ന നിലയ്ക്ക് കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ മടക്കി നല്‍കണം. പരാതിക്കാരന് ചട്ടപ്രകാരമുള്ള യോഗ്യതയുണ്ടെങ്കില്‍ മൂന്നുമാസത്തിനകം പ്രിന്‍സിപ്പല്‍ പദവിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ച് നല്‍കാനും വിധിയില്‍ പറയുന്നു. അതേസമയം, തനിക്ക് ലഭിക്കേണ്ട നിയമനം നഷ്ടമായതില്‍ പ്രതിഷേധിച്ചാണ് നിയമപോരാട്ടം നടത്തിയതെന്ന് പരാതിക്കാരനായ ഡോ.എസ് ബാബു പറഞ്ഞു.

പ്രിന്‍സിപ്പല്‍ നിയനം റദ്ദായവര്‍: ഡോ.കെ കൃഷ്ണന്‍കുട്ടി, ഡോ. വി ഗോപകുമാര്‍, ഡോ. വി റജുല, ഡോ. സുനില്‍ ജോണ്‍, ഡോ.ഡി ഉഷാകുമാരി, ഡോ. രാജശ്രീ, ഡോ.കെ എസ് മായ, ഡോ. മേഴ്‌സി ജോസഫ്, ഡോ. വി അനില്‍, ഡോ. അനുരാധ, ഡോ.കെ കെ ദാമോദരന്‍, ഡോ.പി പി ജയകുമാര്‍. ഇതില്‍ കെ കെ ദാമോദരന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സി. ബോഡി അംഗവും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച കമീഷനുകളില്‍ ഒന്നില്‍ അംഗവുമായിരുന്നു.

Next Story

RELATED STORIES

Share it