Job

76 തസ്തികകളിലേക്ക് പിഎസ്‌സി പ്രാഥമിക പരീക്ഷ 2022 മെയ്, ജൂണ്‍ മാസങ്ങളില്‍

76 തസ്തികകളിലേക്ക് പിഎസ്‌സി പ്രാഥമിക പരീക്ഷ 2022 മെയ്, ജൂണ്‍ മാസങ്ങളില്‍
X

തിരുവനന്തപുരം: വിവിധ ഘട്ടങ്ങളിലായി അപേക്ഷകള്‍ ക്ഷണിച്ച 10ാം ക്ലാസ് വരെ യോഗ്യതയുള്ള 76 തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷ 2022 മെയ്, ജൂണ്‍ മാസങ്ങളിലായി നാല് ഘട്ടമായി നടത്തും. 157 കാറ്റഗറികളിലായി 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്, റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്കുള്ള പോലിസ് കോണ്‍സ്റ്റബിള്‍, ബിവറേജ് കോര്‍പറേഷനില്‍ എല്‍ഡി ക്ലര്‍ക്ക്, ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍, ഫീമെയില്‍ പ്രിസണ്‍ ഓഫിസര്‍, വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷനില്‍ ലാസ്റ്റ് ഗ്രേഡ്‌സെര്‍വന്റ്, കേരള കോ ഓപറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ്ങില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകള്‍.

അപേക്ഷകര്‍ പരീക്ഷയെഴുതുമെന്ന് മുന്‍കൂട്ടി ഉറപ്പുനല്‍കണം. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ വഴി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 11 വരെ ഇതിന് സമയം നല്‍കും. അതിനുള്ളില്‍ ഉറപ്പുനല്‍കാത്തവരുടെ അപേക്ഷകള്‍ അസാധുവാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കുമ്പോള്‍ ചോദ്യങ്ങള്‍ ഏതുഭാഷയില്‍ (മലയാളം/കന്നട/തമിഴ്) വേണമെന്നും പരീക്ഷാകേന്ദ്രം ഏത് ജില്ലയിലാവണമെന്നും അറിയിക്കണം. മുന്‍കൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തില്‍ മാത്രമേ ചോദ്യപേപ്പര്‍ ലഭ്യമാവുകയുള്ളൂ. ഇതുസംബന്ധിച്ച് പിന്നീട് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ല.

സ്ഥിരീകരണം നല്‍കുന്നതിന് മുമ്പ് കമ്മ്യൂണിക്കേഷന്‍ അഡ്രസ്സില്‍ ആവശ്യമായ മാറ്റം വരുത്തിയാല്‍ അതുപ്രകാരമുള്ള ജില്ലയില്‍ ലഭ്യത അനുസരിച്ച് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതാണ്. സമാനയോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതുപ്രാഥമിക പരീക്ഷയും അതില്‍ വിജയിക്കുന്നവര്‍ക്ക് അന്തിമപരീക്ഷയും നടത്തുന്ന രീതി കഴിഞ്ഞവര്‍ഷമാണ് പിഎസ്‌സി ആരംഭിച്ചത്. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. തസ്തികകളുടെ വിശദാംശവും സിലബസും പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നാലു ഘട്ടങ്ങളിലായി 192 തസ്തികകളിലേക്കാണ് ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടന്നത്. 18 ലക്ഷത്തോളം അപേക്ഷകളാണ് അന്നുണ്ടായിരുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അന്തിമപരീക്ഷകളും നടന്നു. മൂല്യനിര്‍ണ്ണയങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടിയിലേക്ക് പിഎസ്‌സി കടന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it