Citizen journalism

പത്രവിതരണ ജീവിതത്തിന് നാലരപ്പതിറ്റാണ്ട്; ഇന്നും ചുറുചുറുക്കോടെ ഫ്രാന്‍സിസ്

ഇന്ന് മാളയിലെ ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ഏജന്‍സിയുണ്ട് ഫ്രാന്‍സിസിന്. 2,000 പത്രങ്ങളാണ് വിതരണം നടത്തുന്നത്. ഇപ്പോഴും ചില പത്രങ്ങള്‍ക്ക് ലാഭേഛയില്ലാതെ വാര്‍ത്തകള്‍ നല്‍കുന്നുമുണ്ട്.

പത്രവിതരണ ജീവിതത്തിന് നാലരപ്പതിറ്റാണ്ട്; ഇന്നും ചുറുചുറുക്കോടെ ഫ്രാന്‍സിസ്
X

മാള (തൃശൂര്‍): കളിച്ചുചിരിച്ച് നടക്കേണ്ട കുഞ്ഞുപ്രായത്തില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം 57ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ തുടരുകയാണ് മാള എടാട്ടുകാരനായ ഫ്രാന്‍സിസ്. 13ാം വയസ്സില്‍ ഫ്രാന്‍സിസ് തുടങ്ങിയ പത്രവിതരണം നാലര പതിറ്റാണ്ട് പിന്നിടുകയാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും സുഗമമായ പത്രവിതരണം നടത്തി ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് പത്ര ഏജന്റും വിതരണക്കാരനുമായ മാള ഇ സി ഫ്രാന്‍സിസ്. കൗമാരകാലത്ത് സ്‌കൂള്‍ പഠനത്തിനിടയില്‍ ആരംഭിച്ച വിതരണമാണ് ഇന്നും തുടരുന്നത്. 1975 ല്‍ മാളയിലെ ആദ്യകാല ഏജന്റ് അന്തരിച്ച മാള കുര്യപ്പന്‍ ചേട്ടന്റെ സഹായി ആയാണ് തുടക്കം.


വിദ്യാര്‍ഥി ആയിരിക്കെ കോരിച്ചൊരിയുന്ന മഴയും ഇടിവെട്ടും ഉള്ള വെളുപ്പാന്‍ കാലത്താണ് വിതരണക്കാരനായി തുടക്കം കുറിക്കുന്നത്. മഴയും വെയിലുമൊന്നും പത്രവിതരണത്തിന് ബാധിക്കാന്‍ പാടില്ലെന്ന ഉപദേശവും ലഭിച്ചിരുന്നതായി ഫ്രാന്‍സിസ് പറയുന്നു. പിന്നീട് സ്വന്തമായി ഏജന്‍സി തുടങ്ങി. പത്രസ്ഥാപനം പ്രാദേശിക വാര്‍ത്തകള്‍ എഴുതി അയക്കാന്‍ ആവശ്യപ്പെട്ടതും അക്കാലത്താണ്. ഇന്ന് മാളയിലെ ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ഏജന്‍സിയുണ്ട് ഫ്രാന്‍സിസിന്. ഇപ്പോഴും ചില പത്രങ്ങള്‍ക്ക് ലാഭേഛയില്ലാതെ വാര്‍ത്തകള്‍ നല്‍കുന്നുമുണ്ട്.

കൈയുറയും മാസ്‌കും ധരിച്ച് രാവിലെ മൂന്നിന് ടൗണിലെത്തുന്ന ഫ്രാന്‍സിസിന് കൊവിഡിനെ തെല്ലും ഭയമില്ല. 2,000 പത്രങ്ങളാണ് വിതരണം നടത്തുന്നത്. സഹായത്തിന് ഏഴ് വിതരണക്കാരുമുണ്ട്. നാലര പതിറ്റാണ്ടുകാലമായി പത്രവിതരണരംഗത്ത് സജീവമാണിദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്നും സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനും വഴിതെറ്റിക്കാനും മാധ്യമപ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്നും ഫ്രാന്‍സിസ് തന്റെ 45 വര്‍ഷത്തെ പരിചയത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.

ഉപജീവനത്തിന് പത്രവിതരണം നടത്തുന്നതിനൊപ്പം സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തനവും ഉപേക്ഷിക്കാന്‍ മനസുവന്നിട്ടില്ല. മാളയെ മുക്കിയ പ്രളയകാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് വെള്ളത്താല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സാഹസികമായി പത്രവിതരണം നടത്തി അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൊവിഡ് കാലത്ത് മണിക്കൂറുകള്‍ നീളുന്ന വിതരണം കണ്ട് ഭയമില്ലേയെന്ന് ചോദിക്കുന്നവരോട് അണുവിമുക്തമായി വരുന്ന പത്രക്കെട്ടിനെ എന്തിന് ഭയക്കണമെന്നാണ് ഇദ്ദേഹത്തിന്റെ മറുപടി.

ശുചിത്വവും ജാഗ്രതയുമാണ് വേണ്ടത്. ജാഗ്രതയുടെയും പ്രതിരോധത്തിന്റെയും ഭാഗമായി പത്രത്തിന്റെ പണം പിരിക്കാന്‍ വീടുകളില്‍ പോവുന്നത് ലോക്ക് ഡൗണ്‍ കാലത്ത് മാറ്റിവച്ചിരുന്നു. ആരോഗ്യമുള്ള കാലം വരെ പത്രവിതരണം തുടരാനാണ് ഫ്രാാന്‍സിസിന്റെ തീരുമാനം. ഏത് പ്രതിസന്ധി ഘട്ടത്തിലും പത്രവിതരണം തടസ്സമേതുമില്ലാതെ നടത്താനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രാന്‍സിസ്.

Next Story

RELATED STORIES

Share it