Arts

കൊളോണിയലിസത്തിന്റെ കെടുതികള്‍ ഓര്‍മ്മിപ്പിച്ച് അന്നു മാത്യു ബിനാലെയില്‍

രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ നടത്തിയ സേവനം എക്കാലവും അവഗണിക്കപ്പെട്ടിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അന്നു പാലക്കുന്നത്ത് മാത്യു കൊച്ചിമുസിരിസ് ബിനാലെയില്‍ വീഡിയോ പ്രതിഷ്ഠാപനം ഒരുക്കാന്‍ തീരുമാനിച്ചത്.

കൊളോണിയലിസത്തിന്റെ കെടുതികള്‍ ഓര്‍മ്മിപ്പിച്ച് അന്നു മാത്യു ബിനാലെയില്‍
X


കൊച്ചി: രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ നടത്തിയ സേവനം എക്കാലവും അവഗണിക്കപ്പെട്ടിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അന്നു പാലക്കുന്നത്ത് മാത്യു കൊച്ചിമുസിരിസ് ബിനാലെയില്‍ വീഡിയോ പ്രതിഷ്ഠാപനം ഒരുക്കാന്‍ തീരുമാനിച്ചത്. അണ്‍റിമംബേര്‍ഡ്(വിസ്മരിക്കപ്പെട്ടവര്‍) എന്ന വീഡിയോ പ്രതിഷ്ഠാപനം കൊളോണിയല്‍ ഭരണകാലത്തിന്റെ കെടുതികളും ഇന്ത്യയിലെ മനുഷ്യവിഭവശേഷിയെ ചൂഷണം ചെയ്തതിന്റെ കലാപരമായ അവതരണം കൂടിയാണ്.ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി അന്നു മാത്യുവിന്റെ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ നിരവധി വീരേതിഹാസകഥകള്‍ പലരും മെനഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം യൂറോപ്യന്‍, അമേരിക്കന്‍ പശ്ചാത്തലത്തിലുള്ളവയാണ്. യുദ്ധത്തിന്റെ പേരില്‍ ഇന്ത്യയിലെ കൊളോണിയല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച ദുരിതങ്ങളും വിജയത്തിനായി പരിശ്രമിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ സേവനങ്ങളും പലപ്പോഴും വിസ്മരിക്കപ്പെടുകയും ചെയ്തു.റോഡ് ഐലന്റ്് സര്‍വകലാശാലയിലെ കലാവിഭാഗം പ്രഫസര്‍ കൂടിയാണ് അന്നു. ഇന്ത്യന്‍ പട്ടാളക്കാരെക്കുറിച്ചുള്ള അറിവ് ഏറെ കൗതുകം പകരുന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ പങ്കിനെക്കുറിച്ച് കേട്ട കഥകളെല്ലാം വളരെ ശക്തമായിരുന്നു. ഇന്ത്യാവിഭജനത്തെക്കുറിച്ചുള്ള ഗവേഷണത്തിനിടെയാണ് ഇത് മനസിലാക്കിയതെന്നും അവര്‍ പറഞ്ഞു.25 ലക്ഷം ഇന്ത്യാക്കാരാണ് യുദ്ധത്തില്‍ സൈനിക സേവനമനുഷ്ഠിക്കാനായി പോയത്. ഇതില്‍ 87,000 പേര് യുദ്ധത്തില്‍ മരണമടഞ്ഞു. ഇറ്റലിയിലെ സുപ്രധാന പട്ടണമായ മോണ്ടി കാസിനോ പിടിച്ചെടുത്തതില്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ പങ്ക് മറ്റ് സേനകള്‍ക്ക് കൂടി ആവേശം പകരുന്നതായിരുന്നുവെന്ന് അന്നു ചൂണ്ടിക്കാട്ടുന്നു. ഇറ്റലിയിലെ യുദ്ധക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ യുദ്ധബഹുമതിയായ വിക്ടോറിയ ക്രോസ് ലഭിച്ചതില്‍ 30 ശതമാനം പേരും ഇന്ത്യാക്കാരായിരുന്നുവെന്നത് ഇതിന് തെളിവാണ്. 3 മിനിട്ട് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ബിനാലെ നാലാം ലക്കത്തില്‍ അന്നു അവതരിപ്പിച്ചിരിക്കുന്നത്. സേനയുടെ ശ്മശാനദൃശ്യത്തില്‍ നിന്നുമാണ് പ്രതിഷ്ഠാപനം തുടങ്ങിയിട്ടുള്ളത്.


മരിച്ചവരെ ഓര്‍മ്മിക്കുന്നതിനൊപ്പം അവരുടെ മരണത്തിന്റെ സങ്കീര്‍ണത കൂടി സന്ദര്‍ശകനെ ഓര്‍മ്മിപ്പിക്കാനും ഈ പ്രതിഷ്ഠാപനത്തിന് കഴിയുന്നുണ്ട്. വിവിധ പാളികളിലായി തുന്നിച്ചേര്‍ത്ത ഈ കഥനം ഗഹനമായ ചിന്തകളെയും പ്രതിഫലനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. യുദ്ധകാലത്തിനെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കലാണ് ഇതിലൂടെ ചെയ്യുന്നത്. ലോകമഹായുദ്ധത്തിന്റെ ചരിത്രവും അത് ഇന്ത്യയുടെ വിഭജനത്തില്‍ വഹിച്ച പങ്കിന്റെ സങ്കീര്‍ണതകളെയുമെല്ലാം ഈ പ്രതിഷ്ഠാപനം ചര്‍ച്ച ചെയ്യുന്നുണ്ട്.കേരളത്തില്‍ വേരുകളുള്ള അന്നു കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സൃഷ്ടിയെക്കുറിച്ചുള്ള ഗവേഷണങ്ങളിലാണ്. റിച്ച്മണ്ട് ഇന്റര്‍നാഷണല്‍ സര്‍വകലാശാലയിലെ റോം സമ്മര്‍ ഫെല്ലോയില്‍ ഈ സൃഷ്ടിയുടെ ആദിമരൂപം അന്നു അവതരിപ്പിച്ചിരുന്നു. ഇറ്റലിയിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ വീഡിയോ ആണ് അതരിപ്പിച്ചത്.അസ്തിത്വം, കുടിയേറ്റം, സ്ത്രീകള്‍ക്കിടയില്‍ തലമുറകളായി കൈമാറി വന്ന കുടിയേറ്റ അനുഭവങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അന്നു. ഫോട്ടോഗ്രാഫിയാണ് അന്നുവിന്റെ പ്രധാനമാധ്യമം. ഹോള്‍ഗ കാമറയിലെ ടോയി എന്ന പ്ലാസ്റ്റിക് ലെന്‍സ് ഉപയോഗിച്ചാണ് അവര്‍ ചിത്രങ്ങളെടുക്കുന്നത്. വിവിധ ചരിത്രങ്ങളാണ് അവരുടെ ഇഷ്ട വിഷയം. ഇംഗ്ലണ്ടിലെ സ്റ്റൗര്‍പോര്‍ട്ടില്‍ ജനിച്ച അന്നു കൂടുതല്‍ കാലവും ജീവിച്ചത് ബംഗളുരുവിലാണ്. ഒരു പ്രതിഷ്ഠാപനമെന്ന നിലയില്‍ തന്റെ സൃഷ്ടി പ്രദര്‍ശിപ്പിച്ചത് കൊച്ചി ബിനാലെയിലാണെന്ന് അവര്‍ പറഞ്ഞു. കേള്‍ക്കാതെ പോകുന്ന ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കുന്നതാണ് ബിനാലെ പ്രദര്‍ശനങ്ങള്‍. അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it