- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീമാപള്ളിയെ അപരവല്‍ക്കരിക്കുന്നത് പോലിസ് വെടിവയ്പിനെ ന്യായീകരിക്കാനോ; വെടിവയ്പും പോലിസ് കഥകളും
വെടിയേറ്റു വീണ മനുഷ്യരെ അവരുടെ പ്രദേശത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ കുറ്റവാളികളാക്കുന്നത് അപകടകരമായ സൂചനയാണ്. വെടിയേറ്റു ജീവച്ഛവമായി കഴിയുന്നവരെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ശുദ്ധാത്മാക്കളെന്ന രൂപേണ ചിലര്‍ നടത്തുന്നത്. ആറു പേരെ പോലിസ് വെടിവച്ച് കൊന്നത് അര്‍ദ്ധസത്യമല്ല; നഗ്നയാഥാര്‍ഥ്യമാണ്.
ബീമാപള്ളി പോലിസ് വെടിവയ്പ് ഒട്ടേറെ ദുരൂഹതകളുള്ളതാണ്. ബീമാപള്ളിയില്‍ വെടിവയ്പിന് തലേ ദിവസം നേരിയ സംഘര്‍ഷമുണ്ടായി എന്നത് വസ്തുതയാണ്. എന്നാല്‍, ആറു പേരെ കൂട്ടക്കൊല ചെയ്യാനും 52 പെരെ വെടിവെച്ച് പരിക്കേല്‍പ്പിക്കാനും തക്കതായിരുന്നില്ല ആ സംഘര്‍ഷങ്ങള്‍. പക്ഷേ, പോലിസിന്റെ ക്രിമിനല്‍ സ്വഭാവം വ്യക്തമാവുന്നതാണ് വെടിവയ്പ്പിനോടനുബന്ധിച്ച് പ്രചരിപ്പിച്ച കഥകള്‍.
2009 മെയ് 16നാണ് തിരുവനന്തപുരം കോര്‍പറേഷന്റെ ഭാഗമായ ബീമാപള്ളിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലും ഒരു ക്രിമിനലോ, സാമൂഹ്യ വിരുദ്ധ സംഘമോ, പോലിസിന്റെ ഉപകരണമായി പ്രത്യക്ഷപ്പെടാറുണ്ട്. അത് പോലെ ബീമാപള്ളിയിലും കൊമ്പ് ഷിബു എന്ന ജയിംസും അനുജനും സംഘവുമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഒരു തീര്‍ഥാടന കേന്ദ്രവും അതിനെ കേന്ദ്രീകരിച്ചുള്ള കച്ചവടവുമാണ് ബീമാപള്ളിക്കാരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. തുടക്കത്തില്‍ ഗള്‍ഫും പിന്നീട് ചൈനീസ് സാധനങ്ങളുടേയുമാണ് പ്രധാന കച്ചവടം. പഴയ തലമുറയിലെ കുറച്ച് ആളുകള്‍ മല്‍സ്യബന്ധനത്തിലും പോകുന്നുണ്ട്. കുറച്ച് പേര്‍ ഗള്‍ഫിനെ ആശ്രയിച്ചും കഴിയുന്നുണ്ട്.
മറ്റു കടലോര ഗ്രാമങ്ങളുടെ സ്വഭാവമല്ല ബീമാപള്ളിക്കുള്ളത്. ജാതി-മത ഭേദമന്യേ ധാരാളം പേരെത്തുന്ന സ്ഥലം. കച്ചവടത്തിന് തടസ്സമാവുന്ന ഒന്നിനും സാധാരണ ബീമാപള്ളിക്കാര്‍ നില്‍ക്കാറില്ല. മറ്റ് മേഖലകളില്‍ കാണുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന ബീമാപള്ളിയില്‍ കുറവാണ്. കൂടുതലും രക്തബന്ധുക്കളാണ്. മറ്റു പ്രദേശത്തുകാരുമായി കാര്യമായ വിവാഹബന്ധങ്ങളും കുറവാണ്. പെട്ടന്ന് പ്രശ്‌നങ്ങളുണ്ടാകും. ജമാഅത്തോ കുടുംബത്തിലെ മുതിര്‍ന്നവരോ ഇടപെട്ട് അവ പരിഹരിക്കും. അടുത്തുള്ള പൂന്തുറ പോലിസ് എത്തുമ്പോഴേക്കും പ്രശ്‌നം പരിഹരിച്ചിട്ടുണ്ടാവും. അതുകൊണ്ട് ബീമാപള്ളിക്കാരുടെ പരാതി കേസാവില്ലെന്ന് പോലിസിന് നന്നായി അറിയാം. പൂന്തുറ പോലിസ് സ്‌റ്റേഷനില്‍ ബീമാപള്ളിയില്‍ നിന്ന് വലിയ ക്രമിനല്‍ കേസുകളൊന്നും റിപോര്‍ട്ട് ചെയ്യാറില്ല.
കൊമ്പ് ഷിബുവും സംഘവും
കൊമ്പ് ഷിബു, ഒരു പക്ഷേ, ഒരു ടൂള്‍ മാത്രമായിരിക്കാം. നാട്ടിലെ സ്ഥിരം കുറ്റവാളിയായ കൊമ്പ് ഷിബുവിനെ ഇളക്കിവിട്ടത് ആരാണ്. കൊമ്പു ഷിബു, അനുജന്‍ മണിക്കുട്ടന്‍, മാതാവ് എന്നിവര്‍ നിരവധി തവണ കഞ്ചാവ് കേസില്‍ പ്രതികളായിട്ടുണ്ട്. കൊമ്പ് ഷിബുവും അനുജനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പോലിസും കൊമ്പ് ഷിബുവുമായി എന്തെങ്കിലും ധാരണയുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മെയ് 16ന് ബീമാപള്ളിക്കാരുടെ രണ്ട് വള്ളങ്ങള്‍ കൊമ്പ് ഷിബു കത്തിച്ചു.
ഉറൂസിന് 9ദിവസം മാത്രം ശേഷിക്കേ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയത് ആരാണ്. ഈ സംഭവത്തോടനുബന്ധിച്ച് കൊമ്പ് ഷിബുവിനും സംഘത്തിനും നേരത്തേ വിരോധമുണ്ടായിരുന്ന പ്രദേശത്തെ ഗിരീഷിന്റെ ഹോട്ടലും വാഹനവും തകര്‍ത്തു. തിരക്കുള്ള ആ വൈകുന്നേരം പരസ്പരം കല്ലേറുണ്ടായപ്പോഴും പോലിസ് സാന്നിധ്യമുണ്ടായിരുന്നു. ബൈക്കുകള്‍ തകര്‍ത്തു. വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ആ സംഘര്‍ഷം അവിടെ അവസാനിച്ചു. പക്ഷേ ഈ സംഭവത്തില്‍ പോലിസ് കാര്യമായി ഇടപെട്ടില്ല.
അപ്പോഴൊക്കൊയും മൗനം പാലിച്ച പോലിസ്, പിറ്റേ ദിവസം ചെറിയതുറ ഭാഗത്ത് നിന്ന് ബീമാപള്ളിയിലേക്ക് കല്ലേറുണ്ടായപ്പോള്‍, ബീമാപള്ളിക്കാര്‍ക്ക് നേരെ വെടി ഉതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.
ഉഗ്രസ്‌ഫോടക ശേഷിയുള്ള നിയോജല്‍ 90നും സിബിഐ അന്വേഷണവും
ഉഗ്രസ്‌ഫോടക ശേഷിയുള്ള നിയോജല്‍-90 ചെറിയതുറ ഭാഗത്ത് കണ്ടെത്തിയിരുന്നു. പോലിസാണ് നിയോജല്‍ കണ്ടെത്തുന്നത്. ഇത് ആര് അവിടെ കൊണ്ടിട്ടു എന്നത് ദുരൂഹമാണ്. സാധാരണ കേരളത്തില്‍ കാണാത്ത അതീവ സ്‌ഫോടക ശേഷിയുള്ള നിയോജല്‍ സംഘര്‍ഷബാധിത പ്രദേശത്ത്് എങ്ങനെയാണ് കാണപ്പെട്ടത്. ഇതേക്കുറിച്ച്് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ആ അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു. ബീമാപള്ളിക്കാരെ കൊടും ഭീകരരാക്കി ചിത്രീകരിക്കാന്‍ അന്ന് ഇത് ധാരാളമായിരുന്നു. ജുഡിഷ്വല്‍ അന്വേഷണം വഴിതിരിച്ച് വിടാനും ഇത് ഇടയാക്കിയതായി സംശയിക്കുന്നു.
പോലിസിനെതിരേ ആക്രമണമുണ്ടായിട്ടില്ല
മെയ് 17ന് പോലിസിനെ നേരെ ഒരു തരത്തിലുള്ള ആക്രമണവുണ്ടായിട്ടില്ല. പോലിസിന് നേരെ ബോംബേറുണ്ടായി, കല്ലേറുണ്ടായി എന്നത് കളവാണ്. ബീമാപള്ളി-ചെറിയതുറ പ്രധാന പാതയിലായിരുന്നു പോലിസ് കാംപ് ചെയ്തിരുന്നു. ഉച്ചയ്ക്ക് ചെറിയതുറ കടപ്പുറം ഭാഗത്ത് നിന്ന് കൊമ്പ് ഷിബുവും 20 ഓളം വരുന്ന സംഘവുമാണ് കല്ലേറ് തുടങ്ങിയത്. കല്ലേറിന് പിന്നാലെ പെട്രോള്‍ ബോംബും ബീമാപള്ളി ഭാഗത്തേക്ക് എറിഞ്ഞു. ഈ ശബ്ദം കേട്ടാണ് കൂടുതല്‍ പേര്‍ കടപ്പുറത്തേക്ക് വരാന്‍ തുടങ്ങിയത്.
അന്ന് ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല്‍, കടപ്പുറം മുറ്റമായി കാണുന്ന പ്രായം ചെന്നവര്‍, വിവിധ കളികളില്‍ ഏര്‍പ്പെട്ടവര്‍, എന്നിവര്‍ പെട്ടന്ന് തടിച്ച് കൂടി. കടപ്പുറത്ത് അടുത്തടുത്താണ് വീടുകള്‍. അതുകൊണ്ട് തന്നെ പെട്ടന്ന് ആളുകള്‍ പുറത്തേക്ക് ഇറങ്ങി.
ഉടനെ പ്രധാന റോഡില്‍ നിന്ന് പോലിസ് സംഘം ബീമാപള്ളി ഭാഗത്തേക്ക് ഇരച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ് മുന്നറിയിപ്പില്ല, ആകാശത്തേക്ക് വെടിവയ്ക്കലില്ല- ഏകപക്ഷീയമായി വെടിവയ്പ്്. വള്ളത്തില്‍ ചാരി അരമയക്കത്തിലായിരുന്ന അഹമദ് കണ്ണ്, ഉള്‍പ്പെടെ രണ്ട് പേര്‍ അപ്പോള്‍ തന്നെ വെടിയേറ്റു വീണു. ആളുകള്‍ പരക്കം പായാന്‍ തുടങ്ങി. പുറകിലുള്ളവര്‍ക്ക് എന്താ സംഭവിക്കുന്നതെന്ന് അറിയുന്നില്ല. വീടുകളില്‍ നിന്ന് ഓടിവരുന്നവര്‍ക്ക് വെടിയേല്‍ക്കുന്നു. നാലു പേര്‍ അപ്പോള്‍ തന്നെ മരിക്കുന്നു. പിന്നീട് രണ്ടു പേര്‍ കൂടി മരിച്ചു. അടികൊണ്ട് മരിച്ചു എന്നു പോലിസ് പറയുന്നയാള്‍ക്ക് അടികൊള്ളാന്‍ അവിടെ യാതൊരു സാഹചര്യവുമില്ല. കാരണം ആദ്യം വെടിയേറ്റ ആളുകളില്‍ ഒരാള്‍ക്കാണ് അടിയേറ്റെന്ന് പറയുന്നത്. പോലിസില്‍ നിന്നും അക്രമികളില്‍ നിന്ന് 50 മീറ്ററിലധികം ദൂരെയാണ് ഇവരുണ്ടായിരുന്നത്. വെടിവയ്പിനിടെ പരിഭ്രാന്തരായവരാണ് വീടുകള്‍ക്ക് കല്ലേറ് നടത്തിയത്.
ആറു പേര്‍ അപ്പോഴും പിന്നീട് രണ്ട് പേര്‍ ചികില്‍സിലും മരിച്ചു. വെടിവയ്പില്‍ 52പേര്‍ക്ക് പരിക്കേറ്റു. അക്രമം നടത്താന്‍ തയ്യാറെടുത്ത് എത്തിയവരല്ല ബീമാപള്ളിക്കാര്‍. ബീമാപള്ളി പോലൊരു പ്രദേശത്ത് ആളുകള്‍ തടിച്ച് കൂടാന്‍ നിമിഷങ്ങള്‍ മതി. അത്രക്ക് അടുത്തടുത്താണ് വീടുകള്‍. അധികം ബന്ധുക്കളും കുടുംബക്കാരും ആയതിനാല്‍ തടിച്ച് കൂടുക സ്വാഭാവികമാണ്. ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന പോലിസ് മുന്നറിയിപ്പ്, വെടിവയ്പിന് ശേഷമാണുണ്ടായത്. പുക ഉയരുന്ന ദൃശ്യങ്ങള്‍ പോലിസ് പ്രചരിപ്പിക്കുന്നുണ്ട്. ബീമാപള്ളി ഭാഗത്താണ് ആ പുക ഉയരുന്നത്.
വര്‍ഗ്ഗീയ സംഘര്‍ഷമല്ല
ബീമാപള്ളി-ചെറിയതുറ ഭാഗത്തും അന്നും ഇന്നും ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ സംഘര്‍ഷത്തിലല്ല കഴിയുന്നത്. പരസ്പര സഹകരണത്തില്‍ തന്നെയാണ്. ഒരുമിച്ചിരുന്ന സൊറ പറയുന്നത് ബീമാപള്ളിയിലെത്തുന്ന ആര്‍ക്കും ഇന്ന് കാണാന്‍ കഴിയും. അന്നും ഇന്നും ചെറിയതുറ ഭാഗത്തേക്ക് ബീമാപള്ളിക്കാര്‍ക്കോ, ബീമാപള്ളിക്കാര്‍ക്ക് ചെറിയ തുറയിലേക്കോ പോകുന്നതിന് യാതൊരു തടസ്സവുമില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പേര്‍ വരുന്ന ബീമാപള്ളി പോലുള്ള സ്ഥലങ്ങളില്‍ 'നോമാന്‍സ് ലാന്റ്' സൃഷ്ടിക്കാനുള്ള ശ്രമം പോലിസിന്റേത് മാത്രമാണ്.
ആരുടെയൊക്കെയോ ഉപകരണമായ കൊമ്പ് ഷിബും സംഘവുമാണ് ചെറിയതുറ ഭാഗത്ത് നിന്ന് അക്രമം നടത്തിയത്. അല്ലാതെ ചെറിയതുറയിലെ സാധാരണക്കാരായ മല്‍സ്യത്തൊഴിലാളികളല്ല.
അക്രമത്തിന് മുന്‍പ് വ്യാജ പ്രചാരണങ്ങള്‍
ചെറിയതുറ ഭാഗത്ത് നിന്ന് ബീമാപള്ളി ഭാഗത്തേക്ക് അക്രമം നടത്തുമെന്ന ഒരു സന്ദേശം മെയ് 16 രാത്രിയില്‍ പ്രചരിപ്പിച്ചിരുന്നു. അതേസമയം ബീമാപള്ളിയോട് ചേര്‍ന്നുകിടന്ന ഭാഗത്തെ ചെറിയതുറക്കാരോടും അക്രമം നടക്കുമെന്നും മാറി നില്‍ക്കണമെന്നും സന്ദേശങ്ങളുണ്ടായിരുന്നു. ഇൗ വ്യാജ വാര്‍ത്തകളുടെ ഉറവിടം അന്വേഷിക്കേണ്ടതുണ്ട്. അത്തരം സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം അവിടെയില്ലായിരുന്നു.
വെടിവയ്പ് ബീമാപള്ളിയിലാണ് ചെറിയതുറയിലല്ല
വെടിവയ്പ് നടന്നത് ബീമാപള്ളി കടപ്പുറത്താണ്. വെടിയേറ്റ് മരിച്ചവരും പരിക്കേറ്റവരും ബീമാപള്ളിക്കാരാണ്. വെടിവയ്പ് നടന്ന പ്രദേശവും ബീമാപള്ളിയാണ്. പിന്നെ എങ്ങനെയാണ് ചെറിയതുറ വെടിവയ്പായത്. അവിടെയാണ് പോലിസിന്റെ കുബുദ്ധി പ്രകടമാവുന്നത്. ചെറിയ തുറ ചര്‍ച്ചിന് സമീപമാണ് മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം എത്തുന്നത്. അവിടെ നിന്ന് ബീമാപള്ളി കടപ്പുറത്തേക്കാണ് കാമറക്കണ്ണുകള്‍ നീണ്ടത്. ആളും നിലവിളിയും ബീമാപള്ളി ഭാഗത്താണ്. ചെറിയതുറഭാഗത്ത് കയറ്റിയിട്ടിരുന്ന ബീമാപള്ളിക്കാരുടെ കത്തിയ രണ്ട് വള്ളങ്ങള്‍, വെടിവയ്പിന് ശേഷം നടന്ന കല്ലേറ് ഇതെല്ലാം ചെറിയതുറയിലാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കാണുന്നത് ഇതാണ്. വെടിവയ്പ് നടക്കുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകനും ആ സ്ഥലത്തുണ്ടായിരുന്നില്ല.
വിശദീകരണം മുഴുവന്‍ ലഭിക്കുന്നത് പോലിസില്‍ നിന്ന്. ഈ ലേഖകനോട് ഉള്‍പ്പെടെ അന്ന് പോലിസ് പറഞ്ഞത്, 'ഞങ്ങള്‍ വെടിവെച്ചില്ലായിരുന്നെങ്കില്‍ ചെറിയതുറ കത്തുമെന്നായിരുന്നു'. അങ്ങനെ വര്‍ഗ്ഗീയ കലാപം തടയാനുള്ള ചെറിയതുറ വെടിവയ്പായി മാറി. അതേസമയം, നിലവിളിയുമായി ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപം ഒരാളും കേട്ടില്ല.
ക്രിമിനല്‍വല്‍ക്കരണവും ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മിഷനും
പൊതുവേ, ബീമാപള്ളിക്കാരോട് മറ്റ് പ്രദേശത്തുള്ളവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ആയുധം, കള്ളക്കടത്ത്, കുറ്റവാളികളുടെ കേന്ദ്രം അങ്ങനെയൊക്കെയാണ് കാണാറുള്ളത്. എന്നാല്‍ തൊട്ടടുത്ത പൂന്തുറ സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ അങ്ങനെയൊരു ക്രിമിനല്‍ പശ്ചാത്തലം ബീമാപള്ളിക്കില്ലെന്ന് അറിയാം. ബീമാപള്ളി വെടിവയ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ വലിയ ഗുണ്ടാ ആക്രമണമോ, വര്‍ഗ്ഗീയ കലാപമോ, കൊലപാതകമോ ബീമാപള്ളിയില്‍ നടന്നിട്ടില്ല. പക്ഷേ, ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ ക്രിമിനല്‍ വല്‍ക്കരിക്കുക പോലിസിന്റെ ശീലമാണ്. പോലിസ് സ്‌റ്റേഷനുകളില്‍ പ്രശ്‌നബാധിത പ്രദേശങ്ങളായി വിലയിരുത്തുന്നത് അത്തരം പ്രദേശങ്ങളെയായിരിക്കും.
സിനിമകളും ചര്‍ച്ചകളും അങ്ങനെയാണ് ഇത്തരം പ്രദേശങ്ങളെ ചിത്രീകരിക്കാറ്. അവരുടെ സവിശേഷതകളെയോ, ചുറ്റുപാടുകളെയോ വിലയിരുത്താതെയുള്ള ക്രിമിനല്‍വല്‍ക്കരണമാണ് നടക്കുന്നത്. കുറ്റകൃത്യങ്ങളെ പ്രദേശങ്ങളുമായി കൂട്ടിക്കെട്ടി കഥകള്‍ സൃഷ്ടിക്കുന്നത് പതിവാണ്. ഈ പോലിസ്-മുഖ്യധാര ഭയപ്പെടുത്തുന്ന നുണപ്രചാരണങ്ങളാണ് മാധ്യമങ്ങളും ഏറ്റെടുക്കുന്നത്.
ബീമാപള്ളി വെടിവയ്പ് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കും. അതുകൊണ്ട് പരമാവധി ആ വാര്‍ത്തയെ തമസ്‌കരിക്കാനും, ചര്‍ച്ചയാക്കാതിരിക്കാനും അക്കാലത്തെ തലസ്ഥാനത്തെ പല മാധ്യമകേന്ദ്രങ്ങളും സ്‌നേഹരൂപേണ നിര്‍ബന്ധിച്ചിരുന്നു.
രാമകൃഷ്ണന്‍ കമ്മിഷനും പോലിസിന്റെ വാദങ്ങളെയാണ് മുഖവിലക്കെടുത്തത്. അതുകൊണ്ടാണ് വര്‍ഗ്ഗീയ കലാപം തടയാന്‍ പോലിസിന് വെടിവയ്‌ക്കേണ്ടി വന്നു എന്നും പോലിസിനെതിരേ തിടുക്കപ്പെട്ട് അച്ചടക്ക നടപടിയെടുക്കരുതെന്നും ശുപാര്‍ശ ചെയ്യുന്നത്. കമ്മീഷന്റെ ഈ വാദങ്ങള്‍ക്കെതിരേ ബീമാപള്ളി മഹല്ല് സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം കലാപമോ പൂന്തുറ കലാപമോ ചൂണ്ടി ബീമാപള്ളിക്കാരെ സംശയമുനയില്‍ നിര്‍ത്താനാണ് ഭരണകൂടവും പോലിസും ശ്രമിച്ചത്.
എവി ജോര്‍ജ്ജിന്റെ സാന്നിധ്യം
അന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ എവി ജോര്‍ജ്ജിനായിരുന്നു സിറ്റി പോലിസ് കമ്മിഷണറുടെ ചുമതല. ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പോലിസ് ഓഫിസറാണ് എവി ജോര്‍ജ്ജ്്. ശംഖുമുഖം ഡിസിആര്‍ബി എസി ഷറഫുദ്ദീനാണ് അന്ന് വെടിവയ്പ് സമയത്ത് ബീമാപള്ളിയിലുണ്ടായിരുന്നത്. അന്നത്തെ എസി സിജി സുരേഷ് കുമാറിന് മുഖ്യമന്ത്രി വിഎസിനൊപ്പമായിരുന്നു ഡ്യൂട്ടി. ആരുടെ ഉത്തരവിലാണ് വെടിവച്ചത് എന്നത് ഇന്നും ദുരൂഹമാണ്. ഈ ദുരൂഹതയാണ് തിരഞ്ഞെടുപ്പ് കാലത്ത് സിറ്റി പോലിസ് കമ്മിഷണറുടെ ചുമതലക്കാരനായി എത്തിയ എവി ജോര്‍ജ്ജില്‍ തട്ടി നില്‍ക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ അറസ്റ്റ്, ഭൂപട കേസ് തുടങ്ങി ക്രിമിനല്‍ ഗൂഢാലോചനാ പശ്ചാത്തലമുള്ള ഓഫിസറാണ് എവി ജോര്‍ജ്ജ്.
മെയ് 16ന് നടന്നത് സംഘര്‍ഷം മാത്രം; വെടിവയ്പ് ആസൂത്രിതം
മെയ് 16ന് നടന്ന ചില്ലറ സംഘര്‍ഷം മുന്‍നിര്‍ത്തിയല്ല ബീമാപള്ളി വെടിവയ്പിനെ കാണേണ്ടത്. നിരായുധരായ, പോലിസ് സാന്നിധ്യമില്ലായിരുന്ന ഒരു പ്രദേശത്ത് കൂടിയ ആളുകളെ പോലിസിന് നേരെ കല്ലെറഞ്ഞെന്ന കളവ് പറഞ്ഞ് വെടിവയ്ക്കുകയായിരുന്നല്ലോ. പോലിസ് ഇരച്ച് കയറി മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ബീമാപള്ളിക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മുന്‍പ് പോലിസുമായി ഏറ്റുമുട്ടിയോ സമരം നടത്തിയോ ശീലമുള്ളവരല്ല ബീമാപള്ളിക്കാര്‍. പോലിസിന് അപ്രാപ്യമായ സ്ഥലവുമല്ല ബീമാപള്ളി. ഒരു തീര്‍ഥാടന കേന്ദ്രമായത് കൊണ്ട് തന്നെ പോലിസ് സാന്നിധ്യമുള്ള പ്രദേശമാണ് ബീമാപള്ളി.
മരിച്ചു വീണ മനുഷ്യരെ അവരുടെ പ്രദേശത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ കുറ്റവാളികളാക്കുന്നത് അപകടകരമായ സൂചനയാണ്. വെടിയേറ്റു ജീവച്ഛവമായി കഴിയുന്നവരെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ശുദ്ധാത്മാക്കളെന്ന രൂപേണ ചിലര്‍ നടത്തുന്നത്. ഇത് അര്‍ദ്ധസത്യങ്ങളല്ല; നഗ്നയാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്.
RELATED STORIES
എം എം ലോറന്സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്കാം; ആശാ ലോറന്സ് ...
15 Jan 2025 10:04 AM GMTമാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMTമരുന്നുക്ഷാമം ഉടന് പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില് വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMT